രണ്ടര ലക്ഷത്തിന്‍റെ ആ പച്ച മാല; ശ്രീലക്ഷ്മിയെ രഞ്ജു ഒരുക്കിയത് ഇങ്ങനെ

renju-sreelekshmi-
SHARE

പഴയകാല ബോളിവുഡ് സുന്ദരികളെ അനുസ്മരിപ്പിക്കുന്ന മേക്കപ്പും വസ്ത്രധാരണ രീതികളുമായിരുന്നു വിവാഹത്തിന് ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി അണിഞ്ഞത്. ശ്രീലക്ഷ്മിയെ ബോളിവുഡ് സുന്ദരികളെപ്പോലെ അണിയിച്ചൊരുക്കിയതിന്റെ ക്രെഡിറ്റ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജുരഞ്ജിമാർക്കാണ്. കേവലമൊരു മേക്കപ്പ് ആർട്ടിസ്റ്റും സെലിബ്രിറ്റിയും തമ്മിലുള്ള ബന്ധമല്ല രഞ്ജുരഞ്ജിമാറിനും ശ്രീലക്ഷ്മിക്കും ഇടയിലുള്ളത്. അതിനപ്പുറമൊരു ആത്മബന്ധം ഇരുവർക്കും ഇടയിലുണ്ട്. അതിനെക്കുറിച്ച് രഞ്ജുരഞ്ജിമാർ മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

ഞാനും ശ്രീലക്ഷ്മിയും തമ്മിൽ ഏഴുവർഷത്തോളമുള്ള പരിചയമുണ്ട്. കല്യാണം ഉറപ്പിച്ചുകഴിഞ്ഞപ്പോൾ അവൾ ആദ്യം എന്നെയാണ് വിളിച്ചു പറഞ്ഞത്. പതിനേഴാം തീയതി എനിക്ക് ചേച്ചിയുടെ ഡേറ്റ് തരണമെന്ന് പറഞ്ഞു. എനിക്ക് അന്ന് മലേഷ്യയിൽ മറ്റൊരു വിവാഹത്തിന്റെ മേക്കപ്പ് ഉണ്ടായിരുന്നു. ശ്രീലക്ഷ്മിയുടേത് എനിക്കൊരിക്കലും ഒഴിവാക്കാനാകുന്നതല്ല. അതുകൊണ്ട് മലേഷ്യയിലെ കല്യാണത്തിന്റെ ആളുകളോട് രാത്രി തന്നെയുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യിച്ച്, പതിനേഴാം തീയതി രാവിലെ എത്തിയാണ് ശ്രീലക്ഷ്മിക്ക് മേക്ക് അപ്പ് ചെയ്തത്. 

മറ്റുള്ളവർ പറയുന്നത് പോലെയുള്ള യാതൊരു അഭിപ്രായങ്ങളോ നിർദേശങ്ങളോ ശ്രീലക്ഷ്മി പറഞ്ഞിരുന്നില്ല. എനിക്ക് പൂർണ്ണസ്വാതന്ത്ര്യം തന്നു. ഒരു മൂക്കുത്തിവെയ്ക്കാൻ നേരം പോലും അത് ചേരുമോ വേണോ എന്നൊന്നും ചോദിച്ചില്ല. എന്നെ പൂർണ്ണമായി അവൾ വിശ്വസിച്ചു. ശ്രീലക്ഷ്മിയുടെ കോസ്റ്റ്യൂമിന് ചേർന്ന മേക്കപ്പാണ് ചെയ്തത്. ഹെവികുന്ദൻ വർക്കിന്റെ മാലയാണ് അണിഞ്ഞത്. അതിൽ പച്ചനിറത്തിലുള്ള മാല ഒറിജിനൽ ജയ്പൂർ സ്റ്റോണുകളാണ്. ജയ്പൂരിൽ നിന്നും വരുത്തിച്ച് ചെയ്യുകയായിരുന്നു. ഏകദേശം രണ്ടരലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ആ ഒറ്റ പീസ്. എൺപതുകളിലെ ബോളിവുഡ് സ്റ്റൈലിലുള്ള മേക്കപ്പാണ് ചെയ്തത്. സാധാരണ സ്മോക്കി ഐ മേക്കപ്പ് എല്ലാവർക്കും ഇണങ്ങില്ല. എന്നാൽ ശ്രീലക്ഷ്മിക്ക് അവ നന്നായി ഇണങ്ങി. 

ശ്രീലക്ഷ്മിയുമായും അമ്മയുമായും എനിക്ക് അടുപ്പമുണ്ട്. ഒരു മകളെ തനിച്ച് വളർത്തി  ഇത്രത്തോളമാക്കിയ ഒരു അമ്മയുടെ കഷ്ടപ്പാട് മനസിലാകുന്നത് കൊണ്ടാണ് അവർക്കൊപ്പം നിൽക്കണമെന്ന് എനിക്ക് തോന്നിയത്. വിവാഹത്തിന് സിനിമയിൽ നിന്നും വളരെക്കുറച്ച് പേര്‍ മാത്രമേ വന്നുള്ളൂ. ഒരു താരത്തിന്റെ മകളുടെ വിവാഹം നടക്കുമ്പോൾ അങ്ങനെയല്ലല്ലോ പതിവ്. ശ്രീലക്ഷ്മിയുടെ പപ്പ  ഈ അവസ്ഥയിൽ അല്ലായിരുന്നെങ്കിൽ എല്ലാത്തിനും മുൻപന്തിയിൽ അദ്ദേഹം ഉണ്ടാകുമായിരുന്നു. 

ശ്രീലക്ഷ്മിയ്ക്ക് ആ കാര്യത്തിൽ ഒരുപാട് വിഷമമുണ്ടായിരുന്നു. അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ ഒന്നുകാണാൻ പോലുമാകാതെ വിവാഹം കഴിഞ്ഞതിൽ അവളൊരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ഏറെ പണിപ്പെട്ടാണ് അവളെ ആശ്വസിപ്പിച്ചത്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് ശ്രീലക്ഷ്മിയും ഭർത്താവും എന്നെ കാണാൻ വന്നിരുന്നു. ആരും അങ്ങനെയൊന്നും ചെയ്യാറില്ല. ആ തിരക്കിനിടയിലും ജിജിനുമൊത്ത് എന്നെ കാണാൻ വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...