‘വലിയ കണ്ണുകളും വലിയ സ്വപ്നങ്ങളും ഉളള പെൺകുട്ടി’; ഗീതുവിനെക്കുറിച്ച് പൂർണിമ

geethu-moothon-web
SHARE

ഗീതു മോഹൻദാസിന്റെ മൂത്തോൻ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ആ വിജയത്തിൽ സന്തോഷം പങ്കുവെയ്ക്കുകയാണ് പ്രിയ കൂട്ടുകാരി പൂർണിമ ഇന്ദ്രജിത്. . കൂട്ടുകാരി ജീവിതത്തിൽ വലിയ വിജയം  നേടുമ്പോൾ തങ്ങളുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങളും ജീവിതത്തിന്റെ പല കാലഘട്ടങ്ങളും ഓർത്തെടുക്കുകയാണ് പൂർണിമ.

‘വലിയ സ്വപ്നങ്ങളുള്ള വലിയ കണ്ണുകളുള്ള ഒരു കൊച്ചു പെൺകുട്ടിയെ ഞാൻ ഒരിക്കൽ പരിചയപ്പെട്ടു. പിന്നീട് വർഷങ്ങൾക്കുശേഷം,  വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവൾ ഒരു സുന്ദരിയായ പെൺകുട്ടിയായി വളർന്നിരുന്നു, അവളുടെ ആ കണ്ണുകൾക്ക് പറയാൻ വലിയ കഥകളുണ്ടായിരുന്നു.

‘ഇന്ന് ഏറെ അഭിമാനത്തോടെ, ആ കൊച്ചു പെൺകുട്ടിയുടെ ഏറ്റവും മികച്ച പതിപ്പിന് ഞാൻ സാക്ഷ്യം വഹിക്കുകയാണ്. അഭിനന്ദനീയമായ അഭിനിവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമാണത്. ഞാൻ നിന്റെ വിജയം ആഘോഷിക്കുന്നു’. ഗീതുവിനെ കൂടാതെ രാജീവ് രവി, നിവിൻ പോളി, റോഷൻ മാത്യു തുടങ്ങി മൂത്തോൻ സിനിമയുടെ ഭാഗമായ എല്ലാവർക്കും നടി വിജയം ആശംസിച്ചു. ഇരുവരുടെയും പഴയകാല ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. റിമ കല്ലിങ്കൽ, സംയുക്ത മേനോൻ, നിമിഷ സജയൻ തുടങ്ങിയവർ തങ്ങളുടെ പ്രതികരണം  കുറിപ്പിനു താഴെ അറിയിച്ചു.

രാജ്യാന്തരതലത്തിൽ മികച്ച പ്രതികരണം നേടിയ ചിത്രം നവംബര്‍ എട്ടിനാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്. അക്ബർ എന്ന കേന്ദ്രകഥാപാത്രമായി നിവിൻ പോളി എത്തുന്നു. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസ് തന്നെയാണ്. ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെഎആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമാണ കമ്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...