വിജയ് സാര്‍ എനിക്കായി കണ്ണടച്ചു പിടിച്ചു; നയന്‍താര തന്ന വാച്ച്: ‘തെന്‍ട്രല്‍’ പറയുന്നു

amritha-aiyyer
SHARE

ബിഗിൽ സിനിമ കണ്ടിറങ്ങിയവർ തെ‍ൻട്രൽ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. വിജയ്‌യുടെ ഫുട്ബോൾ ടീമിലെ ക്യാപ്റ്റൻ കഥാപാത്രമായിരുന്ന തെൻട്രലിനെ അവതരിപ്പിച്ചത് നടി അമൃത അയ്യരാണ്.

അറ്റ്ലി–വിജയ് ചിത്രമായ തെരിയിലൂടെയായിരുന്നു അമൃതയുടെ അഭിനയ അരങ്ങേറ്റം. തുടർന്ന് വിജയ് യേശുദാസ് നായകനായ തമിഴ് ചിത്രം പടൈവീരനിൽ നായികായയി. വിജയ് ആന്റണിയുടെ കാളിയിലും ചെറിയ വേഷം ചെയ്തു. ബിഗിലിലൂടെ കരിയറിൽ വലിയൊരു ബ്രേക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം.

‘ചിത്രത്തിൽ ക്യാപ്റ്റൻ വേഷം ചെയ്യുമെന്ന് എനിക്കോ സിനിമയിെല എന്റെ സഹതാരങ്ങൾക്കോ അറിയില്ലായിരുന്നു. അറ്റ്ലി സർ എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ‘നീ നന്നായി ഫുട്ബോൾ കളിക്കുന്നുണ്ട്, അതുകൊണ്ടാണ് ക്യാപ്റ്റനാക്കിയതെന്നായിരുന്നു,’ അദ്ദേഹം പറ‍ഞ്ഞത്.’–അമൃത പറയുന്നു.

‘അറ്റ്ലി സാറിന്റെ മാനേജരാണ് ചിത്രത്തിനായി വിളിക്കുന്നത്. അറ്റ്ലി സാറിന് നേരിട്ടുകാണണമെന്നു പറഞ്ഞു. അങ്ങനെ നേരിൽ പോയി കണ്ടു. വിജയ് സാർ പടത്തിൽ അഞ്ച് പ്രധാന നായികമാരുണ്ട്. അതിൽ ഒരു നായികയായി അഭിനയിക്കണം എന്നു പറഞ്ഞു. എന്നാൽ കഥാപാത്രത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. സ്പോർട്സ് സിനിമയാണെന്ന് മാത്രം പറഞ്ഞു. അങ്ങനെ സിനിമയുടെ ഫോട്ടോഷൂട്ട് സമയത്താണ് ഫുട്ബോൾ സിനിമയാണെന്ന് അറിയുന്നത്.’

‘സ്കൂളിൽ പഠിക്കുമ്പോൾ ബാസ്കറ്റ് ബോൾ കളിക്കുമായിരുന്നെങ്കിലും ഫുട്ബോളിൽ താൽപര്യം ഇല്ലായിരുന്നു. പക്ഷേ ഈ ചിത്രത്തിനായി എന്റെ സുഹൃത്തുക്കളാണ് ഫുട്ബോള്‍ പഠിപ്പിച്ചത്. സിനിമയുടെ വർക്‌ഷോപ്പിനു മുമ്പേ ഞാൻ സ്വന്തമായി ഫുട്ബോൾ പരിശീലിക്കാൻ ആരംഭിച്ചു. അതിനുശേഷം ചിത്രത്തിൽ ജോയിൻ ചെയ്തു. അതുകൊണ്ട് നന്നായി കളിക്കാനും അഭിനയിക്കാനും സാധിച്ചു.’

‘തെരി സിനിമയിൽ പത്തുദിവസം മാത്രമായിരുന്നു ഷൂട്ട്. അന്ന് വിജയ് സാറിനോട് നേരിൽ കണ്ട് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സിനിമയിൽ അതൊക്കെ സാധിച്ചു. ആശുപത്രി രംഗമാണ് ആദ്യം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്, അതും വിജയ് സാറിനെ ചീത്ത പറയുന്നത്. എന്നാൽ അദ്ദേഹത്തെ ചീത്ത പറയാൻ എന്റെ മനസുവന്നില്ല. ആ രംഗത്തിനു വേണ്ടി ഒരുപാട് ടേക്ക് എടുത്തു. വിജയ് സാറിന് ഇക്കാര്യം മനസിലായി. അങ്ങനെ വിജയ് സർ കണ്ണുമൂടി വച്ചു. അങ്ങനെയാണ് ഞാൻ ആ സീനിൽ അഭിനയിച്ചത്. സിനിമയിൽ കാണുന്നതിൽ കൂടുതൽ അദ്ദേഹത്തെ ചീത്ത പറയുന്ന രംഗമുണ്ട്. ഭാഗ്യത്തിന് ആ രംഗം ഡിലീറ്റ് െചയ്തു കളഞ്ഞു.’–അമൃത പറഞ്ഞു. ബിഗിൽ സിനിമയുടെ ഷൂട്ടിനിടെയായിരുന്നു അമൃതയുടെ പിറന്നാൾ. പിറന്നാൾ ദിനം നയൻതാര ഒരു വാച്ച് അമൃതയ്ക്കു സമ്മാനമായി നൽകിയിരുന്നു.

‘രാവിലെ വിജയ് സർ ഷൂട്ടിങിന് വന്നപ്പോൾ ഇന്ദുജയാണ് പറയുന്നത് എന്റെ പിറന്നാൾ ആണെന്ന്. അപ്പോള്‍ വിജയ് സാറിന്റെ സന്തോഷം ഒന്നു കാണണായിരുന്നു. അപ്പോൾ തന്നെ മാനേജറെ വിളിച്ച് വലിയൊരു കേക്ക് മേടിച്ചു. അറ്റ്ലി സാറും കേക്ക് മേടിച്ചിരുന്നു. അങ്ങനെ വിജയ് സാറിനും അറ്റ്ലി സാറിനും നടുവിലായിരുന്നു പിറന്നാൾ ആഘോഷം.’–അമൃത പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...