‘മമ്മൂക്കയുടെ ഗെറ്റപ്പും ഫൈറ്റും കണ്ടാൽ നീ ഞെട്ടും’; ട്രെയിലറിന് പിന്നിലെ കഥ: കുറിപ്പ്

mamankam-new
SHARE

മാമാങ്കത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം അത് പുതിയ ചരിത്രം തീര്‍ത്തുകഴിഞ്ഞു. മില്ല്യണ്‍ ക്ലബുകള്‍ താണ്ടി ട്രെന്‍ഡിങ്ങില്‍ തുടരുന്ന ട്രെയിലറിന് പിന്നിലെ ഒരു ‘ആരാധനക്കഥ’ പറയുകയാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ്. ട്രെയിലര്‍ എഡിറ്റ് ചെയ്ത പ്രമുഖ എഡിറ്റര്‍ ഡോണ്‍ മാക്സ് സിനിമയിലേക്ക് എത്തിപ്പെട്ട കഥ കൂടിയാകുന്നു അത്. 

ലൂസിഫറിന്റെ അടക്കം ട്രെയിലര്‍ കട്ട് ചെയ്ത ഡോണ്‍ ആണ് മാമാങ്കത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ എഡിറ്റ് ചെയ്യുന്നത്. കുറിപ്പ് വായിക്കാം: 

ഇരുപതിലേറെ വേറെ വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 1998 ഏപ്രിൽ 7 നു ഒരു വൈകുന്നേരം കോട്ടയം അനുപമ തീയേറ്ററിന് മുന്നിൽ ഒരു വരവേല്പിനുള്ള ഒരുക്കം നടക്കുന്ന സീൻ. എല്ലാവരും പ്രീ ഡിഗ്രീ പിള്ളേർ.  കോട്ടയത്തെ മമ്മൂട്ടി ഫാൻസ്‌ പിള്ളേർ ആണ് കക്ഷികൾ. പിറ്റേന്ന് റിലീസ് ചെയ്യുന്ന മറവത്തൂർ കനവ് സിനിമയെ സ്വീകരിക്കാനുള്ള ഒരുക്കം ആണ് നടക്കുന്നത്. തീയേറ്ററിന് ചുറ്റും തോരണം കെട്ടി, തുണി ബാനർ വലിച്ചു പോസ്റ്റിൽ കെട്ടണം. കൂട്ടത്തിൽ ഒരേ ഒരാൾക്കേ പോസ്റ്റൽ കയറാൻ വശമുള്ളു. ആ പയ്യൻ തന്നെ വലിഞ്ഞു കയറി. തിരക്കുള്ള റോഡിൽ കൂടി പോയ ചിലർ കളിയാക്കി, ചിലർ ചീത്ത വിളിച്ചു.. അതൊന്നും മൈൻഡ് ചെയ്യാതെ പണി പൂർത്തിയാക്കിയിട്ട് ആവേശത്തോടെ വിളിച്ചു പറഞ്ഞു "മമ്മൂക്ക കീ ജയ് ". 

ഇന്നലെ പുലർച്ചെ നാലു മണിക്ക് എനിക്ക് ഒരു ഫോൺ കോൾ വന്നു. ഹലോ പറഞ്ഞപ്പോളെ കേട്ടതു അന്ന് കോട്ടയത്ത്‌ മുഴങ്ങിയ അതേ ശബ്ദവും മുദ്രാവാക്യവും  "മമ്മൂക്ക കീ ജയ് ". 

ഞാൻ ചോദിച്ചു എന്തേ ഡോൺ, എന്താ സംഭവം?.. ഡോൺ പറഞ്ഞു, എടാ ഞാൻ മാമാങ്കം ട്രെയിലറിന്റെ വർക്കിൽ ആരുന്നു, ഗംഭീരം പടം. മമ്മുക്കയുടെ ഗെറ്റ് അപ്പും ഫൈറ്റും കണ്ടാൽ നീ ഞെട്ടും.. എനിക്ക് ഇത് പറയാതിരിക്കാൻ വയ്യ, അത്രയേറെ ആവേശം എന്നിലെ മമ്മൂട്ടി ഫാനിൽ ഉണർത്താൻ ഈ പടത്തിനു സാധിച്ചു. പിന്നെ ഞാനും ഉറങ്ങിയില്ല, വൈകുന്നേരം   ട്രെയിലർ കണ്ടപ്പോൾ ആ ആവേശം ഇരട്ടിയുമായി. 

അന്ന് പോസ്റ്റിൽ വലിഞ്ഞു കയറിയ ആ പയ്യൻ ഇന്ന് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ എഡിറ്ററായി മാറി.  മമ്മൂട്ടി ഫാൻസിന്റെ ജില്ലാ ട്രഷറർ ആയിരുന്നു ഡോൺ. ജില്ലാ പ്രസിഡന്റ് ഞാനും.. ജോയിൻ സെക്രട്ടറി ആയിരുന്ന റെജീസ് ആന്റണി ഇന്ന് സംവിധായകനും. മറ്റൊരു ഭാരവാഹി ആയിരുന്ന ജിജി ഇന്ന് നിർമ്മാതാവായും എക്സിബിറ്ററായും രംഗത്തുണ്ട്. അന്നും ഇന്നും ഞങ്ങളുടെ വഴികാട്ടി ആയി ബാബുക്കുട്ടനും, വി  ഭാസ്കറും സൈഫുദീനും രംഗത്തുണ്ട് 

ഞങ്ങളുടെ കൂട്ടത്തിൽ  കഴിവ് കൂടിയവൻ ഡോൺ മാക്സ് ആയിരുന്നത് കൊണ്ടാവണം സ്വാഭാവികമായും  മമ്മുക്കയുടെ അടുത്ത് ആദ്യം ഡോൺ എത്തിപ്പെട്ടു. അദ്ദേഹത്തിനാകട്ടെ എന്തോ ഒരു സ്പാർക് തോന്നി ഡോണിന് ഒരു ട്രെയിലർ ചെയ്യാനുള്ള അവസരം കൊടുത്തു. തന്റെ ഇഷ്ടതാരം തനിക്ക് തന്ന ആ അവസരം അവൻ ശരിക്കും ഉപയോഗിച്ചു.. ക്രോണിക് ബാച്ചിലർ എന്ന സിനിമയിലൂടെ ഡോണിനെ സിനിമാലോകത്തിനു മമ്മുക്ക സംഭാവന ചെയ്തു എന്ന് വേണം പറയാൻ. ഇന്ന് രണ്ടു പതിറ്റാണ്ട് പിന്നിട്ടപ്പോൾ മമ്മൂക്കയുടെയും മലയാളത്തിന്റെയും ഏറ്റവും വലിയ സിനിമയിൽ പങ്കാളിയാകാൻ ഡോണിന് കഴിഞ്ഞത് ഒരു നിമിത്തം ആകും. 

മമ്മുക്ക കണ്ടെത്തിയ ആ പയ്യൻ ഇന്ന് മോഹൻലാൽ സാർ ഉൾപ്പെടെ ഇന്ത്യ കണ്ട പ്രഗത്ഭരുടെ എല്ലാം ഭായ് ഭായ് ആയി കഴിഞ്ഞു.. ആ ഡോണിന്റ വാക്കിൽ ഞാനും വിശ്വസിക്കുന്നു. മാമാങ്കം ഒരു സംഭവം ആകും. കാരണം" മാമാങ്കം " സിനിമ മുഴുവനും കണ്ട ഏക ഫാൻസുകാരൻ അവനാണല്ലോ..!

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...