‘ഒരാളുടെ ഈഗോ; മറ്റൊരാളുടെ എടുത്തുചാട്ടം’: ചെയര്‍മാന് പറയാനുള്ളത്

vyshnav-chairman
SHARE

സമൂഹമാധ്യമത്തിൽ ഇപ്പോഴും നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽരാധാകൃഷ്ണമേനോൻ അപമാനിച്ചതിന്റെ പ്രതിഷേധം അടങ്ങിയിട്ടില്ല. ബിനീഷിനെ ജാതിയുടെ പേരിൽ അപമാനിക്കുകയായിരുന്നു എന്ന രീതിയിലേക്ക് ചർച്ചകൾ പടർന്നു കഴിഞ്ഞു. എന്നാൽ അനിൽ രാധാകൃഷ്ണമേനോൻ മതം വലിച്ചിട്ടോ എന്നതിനെക്കുറിച്ച് പാലക്കാട് ഗവ.മെഡിക്കൽ കോളജിലെ എംബിബിഎസ് അവസാന വർഷ വിദ്യാർഥിയും യൂണിയൻ ചെയർമാനുമായ വൈഷ്ണവ് മനോരമ ന്യൂസ് ഓൺലൈനിനോട് സംസാരിച്ചു. എസ്.എഫ്.ഐയുടെ നേതൃതത്തിൽ കോളജ് യൂണിയൻ ഭാരവാഹി എന്ന നിലയിൽ നടത്തിയ അവസാനപരിപാടി ഈ രീതിയിൽ ശ്രദ്ധനേടിയതിന്റെ വേദന വൈഷ്ണവിന്റെ വാക്കുകളിലുണ്ടായിരുന്നു. വൈഷ്ണവിന്റെ വിശദീകരണം:

അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷുമായി വേദി പങ്കിടില്ലെന്ന് പറഞ്ഞത് സത്യം തന്നെയാണ്. രണ്ട് പരിപാടിയ്ക്ക് രണ്ട് വിശിഷ്ടാതിഥികളെ കിട്ടാനുള്ള നെട്ടോട്ടത്തിലായിരുന്നു ഞാനും സുഹൃത്തുക്കളും. പരിപാടിയുടെ തലേ ദിവസമാണ് ബിനീഷേട്ടനെയും അനിൽസാറിനെയും കിട്ടുന്നത്. "എന്റെ ഒപ്പം മറ്റാരും വേദി പങ്കിടാൻ പാടില്ല" എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ സമയത്ത് ബിനിഷേട്ടൻ എത്തുമോ ഇല്ലയോ എന്നുള്ളത് വ്യക്തമാക്കിയിരുന്നില്ല. അതിനാൽ മാറ്റാരുമില്ലെന്ന് ഞങ്ങൾ പറഞ്ഞു. എന്നാൽ അന്ന് രാത്രി തന്നെ ബിനിഷേട്ടന് പരിപാടിക്ക് എത്താമെന്ന് അറിയിക്കുകയായിരുന്നു. അപ്പോൾ ഞങ്ങൾ അനിൽ സാർ പറഞ്ഞകാര്യം അറിയിച്ചതാണ്. 

അത് സാരമില്ലടാ, സാറിന്റെ പരിപാടി കഴിഞ്ഞ് ഞാൻ പങ്കെടുത്തുകൊള്ളാം എന്ന് ബിനിഷേട്ടൻ ഞങ്ങളോട് വാക്ക് പറഞ്ഞതാണ്. പിറ്റേന്ന് അനിൽ സാർ എത്തിയപ്പോഴാണ് ബിനീഷേട്ടനുള്ള കാര്യം പറഞ്ഞത്. "എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു നടന്നവനാണ് ബിനീഷ്! അവനൊപ്പം വേദി പങ്കിടുന്നതിൽ എനിക്ക് താത്പര്യമില്ല. ബിനീഷ് വേദിയിലുണ്ടെങ്കിൽ ഞാനവിടെ ഉണ്ടാകില്ല."- എന്ന് തന്നെ അദ്ദേഹം പറഞ്ഞു. മറ്റൊരാൾ വേദിയിലെത്താൻ പാടില്ലെന്ന ഈഗോ ഞങ്ങൾക്ക് സമ്മതിച്ചുകൊടുക്കേണ്ടി വന്നു. രണ്ടു പരിപാടിയും രണ്ടു സമയങ്ങളിലായി നടത്തിയാൽ വേദി പങ്കിടുന്ന പ്രശ്നം ഒഴിവാക്കാമെന്ന് ഞങ്ങളും കരുതി. 

ഈ പ്രശ്നം ഞങ്ങൾ ‍ബിനിഷേട്ടനോട് പറഞ്ഞു അതല്ലാത അനിൽ സാറിനൊപ്പം വേദി പങ്കിടാൻ ഇങ്ങോട്ടാരും വരേണ്ട എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ചേട്ടാ അനിൽ സാർ ഇങ്ങനെയാണ് പറയുന്നത്, ഞങ്ങൾ നിസഹായരാണ്. ഈ നിബന്ധന സമ്മതിച്ചില്ലെങ്കിൽ പരിപാടി കുളമാകുമെന്നാണ് പറഞ്ഞതാണ്. ബിനിഷേട്ടൻ ഈ നിബന്ധന അംഗീകരിക്കുകയും ചെയ്തു. അതിനെന്താടാ അനിൽ സാറല്ലേ, ഞാൻ അദ്ദേഹത്തിന്റെ പരിപാടി കഴിഞ്ഞ് സ്റ്റേജിൽ വരാം എന്നാണ് പറഞ്ഞത്.

എന്നാൽ പരിപാടി തുടങ്ങിയതും ബിനീഷേട്ടന്റെ സ്വഭാവം മാറി. അദ്ദേഹം ഞങ്ങളെയെല്ലാം തട്ടിമാറ്റി സ്റ്റേജിലേക്ക് കയറുകയായിരുന്നു. ഇതെല്ലാം ഷൂട്ട് ചെയ്യാൻ ഒപ്പം ഒരാളുമുണ്ടായിരുന്നു. സ്റ്റേജിൽ കയറി കുത്തിയിരുന്ന ബിനിഷേട്ടൻ ആരോ എഴുതിക്കൊടുത്ത പേപ്പറിൽ നോക്കിയാണ് കവിത വായിച്ചത്. ആകെ മൊത്തം സീനായി. 

സ്റ്റേജിലേക്ക് അതിക്രമിച്ച കടന്നപ്പോൾ ഒരു സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ സ്വാഭാവികമായും ഏത് രീതിയിൽ പ്രതികരിക്കുമോ ആ രീതിയിലാണ് ഞങ്ങളുടെ പ്രിൻസിപ്പലും പ്രതികരിച്ചത്. ഇടിച്ചു കയറാൻ നോക്കിയപ്പോഴാണ് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞത്. 

ഇത്രയും സീൻ അവിടെ ഉണ്ടാക്കേണ്ട കാര്യം അവിടെയില്ലായിരുന്നു. അനിൽ സാർ ജാതിയും മതവും ഒന്നും പരാമർശിച്ചിട്ടില്ല. ജാതി, മതം, മനുഷ്യർ തുടങ്ങിയ കാര്യങ്ങളൊക്കെ എടുത്തിട്ടത് ബിനീഷേട്ടനാണ്. പരിപാടി കഴിഞ്ഞ ദിവസം രാത്രി ഞങ്ങൾ ബിനീഷേട്ടനെ വിളിച്ച് ഇതൊരു വിവാദമാക്കരുതെന്ന് പറഞ്ഞിരുന്നു. ഇല്ലെടാ ഞാൻ ആ സീൻ വിട്ടു എന്നാണ് പറഞ്ഞത്. എന്നിട്ടും പിറ്റേന്ന് വിഡിയോ വൈറലായി. അത് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തതോടെ ജാതി, മത ചർച്ചകൾ നിറഞ്ഞു. അനിൽ രാധാകൃഷ്ണന്റെ ഈഗോയും ബിനീഷിന്റെ എടുത്തുചാട്ടവും കാരണം കുളമായത് ഞങ്ങളുടെ പരിപാടിയാണ്- വൈഷ്ണവ് പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...