ലൂസിഫർ, ആടുജീവിതം; എന്തൊരു ഗംഭീരൻ വർഷമായിരുന്നു പൃഥ്വി: ആശംസകളുമായി സുപ്രിയ

നടൻ പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്ന് ഭാര്യ സുപ്രിയ. പൃഥ്വിയുടെ ചിത്രത്തിനൊപ്പം കുറിപ്പും സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എന്തൊരു ഗംഭീരൻ വർഷമായിരുന്നു കടന്നുപോയതെന്ന് സുപ്രിയ കുറിച്ചു.

''പിറന്നാൾ ആശംസകൾ പൃഥ്വി! എന്തൊരും ഗംഭീരൻ വർഷമായിരുന്നു കഴിഞ്ഞുപോയത്. തിവു സിനിമാശൈലികളില്‍ നിന്ന് മാറിയ നയൻ എന്ന ചിത്രം നിർമിച്ചു, ലൂസിഫർ പോലൊരു ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്തു, ഒപ്പം  ആടുജീവിതം പോലെ ഒരു ഐതിഹാസിക സിനിമയിൽ അഭിനയിച്ചു... ഇതെല്ലാം സംഭവിച്ചത് പോയ വര്‍ഷമാണ്.

''എന്നാൽ എന്നെയും അല്ലിയെയും സംബന്ധിച്ചിടത്തോളം മുന്‍ വർഷത്തെക്കാൾ നിങ്ങള്‍ക്കൊപ്പം വളരെ കുറച്ചു സമയം മാത്രമാണ് ഞങ്ങൾക്കു ലഭിച്ചത്. ഒരു കുടുംബമായി നമ്മൾ ഒരുമിച്ചിരുന്ന ആ ചെറിയ ഇടവേളകളും വീട്ടിൽ ഒരുമിച്ച ചെലവഴിച്ച ദിവസങ്ങളും ആണ് ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത്! ഒരു നടൻ, നിർമാതാവ്, സംവിധായകൻ അതിലുപരി ഒരു അച്ഛൻ എന്നീ നിലകളിൽ വിസ്മയകരമായ ഒരു വർഷത്തിലേക്കാണ് ഇനി...." സുപ്രിയ കുറിച്ചു.

സുപ്രിയയ്ക്കൊപ്പം സിനിമാ രംഗത്തെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. 

പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടാണ് പൃഥ്വിരാജ് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയത്.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിലാണ് പൃഥ്വി വേഷമിടുന്നത്.  ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് കടുവ.