മലയാളത്തിന്റെ ആക്ഷൻ ‘കിങ്’ വീണ്ടും; 'കടുവ'യിൽ പൃഥ്വി; ആവേശമായി ഫസ്റ്റ്ലുക്ക്

ആറു വർഷങ്ങൾക്ക് ശേഷം മലയാളസിനിമയിലേക്ക് വീണ്ടും ആക്ഷൻ ഫിലിം മേക്കർ ഷാജി കൈലാസിന്റെ മടങ്ങിവരവ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം കടുവയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിനു വി. എബ്രഹാം ആണ്. പൃഥ്വിരാജിന്റെ പിറന്നാൾ പ്രമാണിച്ചാണ് അണിയറ പ്രവർത്തകർ ഇന്നുതന്നെ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. 

യഥാർഥ കഥയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ‘കടുവ’ വരുന്നത്. അച്ചായൻ ലുക്കിലാണ് പൃഥ്വിയെ കാണാനാകുക. തൊണ്ണൂറുകളാകും സിനിമയുടെ കഥാപശ്ചാത്തലം. പൊലീസുകാരെ നിലംപരിശാക്കി ജീപ്പിനു മുകളിൽ കയറിയിരിക്കുന്ന നായകനാണ് ഫസ്റ്റ്ലുക്കിൽ. ചിത്രത്തിന്റെ ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. ഗജിനി, മൈ നെയിം ഈസ് ഖാൻ, ഭാരത് ആനെ നേനു, ആദിത്യ വർമ തുടങ്ങിയ വമ്പൻ സിനിമകൾക്കു ശേഷം രവി ക്യാമറ ചെയ്യുന്ന സിനിമയാണ് കടുവ. ആദം ജോൺ, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിനുവും പൃഥ്വിയുംവീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്. 

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റർ പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് പുറത്തു വന്നതോടെ പല അഭ്യൂഹങ്ങളും ഉയർന്നു. പോസ്റ്റിന് താഴെയായി ചിലർ നരസിംഹത്തിലെ പൂവള്ളി ഇന്ധുചൂടനെ ഓർക്കുന്നു എന്നും കമന്റ് ചെയ്തിരുന്നു. നരസിംഹം അടക്കമുള്ള മാസ് സിനിമകളുടെ സംവിധായകൻ ഷാജി കൈലാസിന്റെ തിരിച്ചു വരവാണ് ചിത്രം. 

2012ൽ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്നൊരു ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു. 2013ല്‍ റിലീസ് ആയ ജിഞ്ചർ ആണ് ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്തത്. പിന്നീട് രണ്ടു സിനിമകള്‍ തമിഴിലൊരുക്കി. 2017ൽ റിലീസ് ചെയ്ത വേഗൈ എക്സ്പ്രസ് ആണ് അവസാനം സംവിധാനം ചെയ്തത്.