വിവാഹം വൈകാൻ കാരണം വിശാലിന്റെ വാശി; മുടങ്ങിയെന്ന ഗോസിപ്പുകൾ തള്ളി പിതാവ്

vishal-anisha-16
SHARE

തമിഴ് നടൻ വിശാലും നടി അനിഷ അല്ല റെഡ്ഡിയും തമ്മിലെ വിവാഹം മുടങ്ങിയെന്ന വാർത്തയിൽ പ്രതികരിച്ച് നടന്റെ പിതാവ് ജി കെ റെഡ്ഡി. വിവാഹം മുടങ്ങിയെന്നത് ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞ റെഡ്ഡി വിവാഹം വൈകുന്നതിന്റെ കാരണവും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

''അവര്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായ ശേഷം അവിടെ വച്ചേ വിവാഹിതനാകൂ എന്ന വാശിയിലാണ് വിശാല്‍. അതാണ് വിവാഹം വൈകാൻ കാരണം.  നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പിന്റെ കാര്യം കോടതിയുടെ പരിഗണനയിലായതിനാല്‍ കല്യാണം നമുക്ക് പെട്ടെന്ന് നടത്താനാകില്ല. വിവാഹതിയതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ അധികം വൈകാതെ തന്നെ അത് നടക്കും'' –അദ്ദേഹം വ്യക്തമാക്കി.

വിശാലോ അനിഷയോ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. വിശാലുമൊത്തുള്ള എല്ലാ ചിത്രങ്ങളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് അനിഷ നീക്കം ചെയ്തതിന് പിന്നാലെയാണ് വിവാഹം മുടങ്ങിയെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. വിശാലുമൊത്തുള്ള വിവാഹനിശ്ചയ ചിത്രങ്ങളും അനിഷ നീക്കം ചെയ്തിരുന്നു. മാർച്ച് പതിനാറിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സെപ്തംബറിൽ വിവാഹിതരാകുമെന്നായിരുന്നു വാർത്തകൾ. 

ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...