ചില വാശിയും ഈഗോയും ഞങ്ങളെ പിരിച്ചു; സത്താർ അന്നു പറഞ്ഞത്

sathar-jayabharathi
SHARE

ആലുവ യുസി കോളജിൽ യൂണിയൻ സെക്രട്ടറിയായി വിലസിയിരുന്ന കാലത്ത് കടുങ്ങല്ലൂർക്കാരൻ സത്താറിന്റെ സ്വപ്നങ്ങളിൽ പോലും സിനിമയുണ്ടായിരുന്നില്ല. എന്നാൽ സിനിമയിലും ജീവിതത്തിലും മലയാള സിനിമയിലെ സ്വപ്നനായിക ജയഭാരതിയുടെ നായകനാകാനുള്ള നിയോഗമായിരുന്നു സത്താറിനെ കാത്തിരുന്നത്. ഒരു പക്ഷെ, മലയാള സിനിമയിലെ തന്നെ ആദ്യ താരവിവാഹമായിരുന്നു സത്താർ–ജയഭാരതി വിവാഹം. സിനിമയിലെത്തി വെറും മൂന്നു വർഷത്തിനുള്ളിൽ അക്കാലത്തെ ചെറുപ്പക്കാരുടെ സ്വപ്നനായികയെ സ്വന്തമാക്കിയ സത്താറിനോട് അസൂയ തോന്നിയില്ലെങ്കിലെ അദ്ഭുതമുള്ളൂ. ആ സൗഭാഗ്യം പലരെയും അസൂയാലുക്കളാക്കിയിട്ടുണ്ടെന്ന് സത്താർ തന്നെ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിതയാത്രയിൽ വഴി പിരിയേണ്ടി വന്നെങ്കിലും ജയഭാരതി തന്നെയായിരുന്നു സത്താറിന്റെ എക്കാലത്തെയും പ്രണയനായിക. 

കെ.നാരായണൻ സംവിധാനം ചെയ്ത ബീന എന്ന ചിത്രത്തിലാണ് സത്താറും ജയഭാരതിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. സത്താറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ബീന. അതും ജയഭാരതിയുടെ നായകവേഷത്തിൽ! സിനിമയിൽ 'നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമായിരുന്നു ആദ്യം. പുതുമുഖമായ സത്താർ പാടി അഭിനയിക്കേണ്ടത് സൂപ്പർസ്റ്റാർ നായിക ജയഭാരതിക്കൊപ്പം. സ്വാഭാവികമായും സത്താർ ടെൻഷനിലായി. അന്നു സത്താറിന് ധൈര്യം കൊടുത്തു കൂടെ നിന്നത് ജയഭാരതി ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. 

ബീനയിലെ സത്താർ–ജയഭാരതി കൂട്ടുകെട്ട് ഹിറ്റായി. തുടർന്ന് പത്മതീർത്ഥം, അവർ ജീവിക്കുന്നു, കൊടുമുടികൾ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ. അടുത്ത സുഹൃത്തുക്കളായപ്പോൾ ജയഭാരതി എന്ന താരത്തെപ്പറ്റി കൂടുതൽ മനസിലാക്കുകയായിരുന്നു സത്താർ. സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരു മനസ് മറ്റാരും തിരിച്ചറിയപ്പെടാതെ ജയഭാരതിയിലുണ്ടെന്ന് സത്താർ തിരിച്ചറിഞ്ഞു. അങ്ങനെ തന്റെ ജീവിതത്തിലേക്ക് സത്താർ ജയഭാരതിയെ ക്ഷണിച്ചു. 1979-ൽ അവർ വിവാഹിതരായി. 

ജയഭാരതി ഏറെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സത്താറുമായുള്ള വിവാഹം. താരതമ്യേന പുതുമുഖമായ സത്താർ ജയഭാരതിയെ വിവാഹം ചെയ്തത് പലരെയും അമ്പരപ്പിച്ചു. സത്താറിന് സിനിമയിൽ വേഷങ്ങൾ കുറഞ്ഞു. പല സിനിമകളിൽ നിന്നും സത്താറിനെ ഒഴിവാക്കി. എന്നാൽ അതൊന്നും സത്താറിനെ ബാധിച്ചില്ല. തമിഴ് സിനിമാലോകത്തേക്ക് സത്താർ കടന്നു. മലയാള സിനിമകളിൽ നിർമാതാവായി. എന്നാൽ, ഈ ശ്രമങ്ങൾ പലതും പരാജയത്തിലാണ് കലാശിച്ചത്. അതു വ്യക്തിജീവിതത്തിലും പ്രതിഫലിച്ചു. ജീവിതത്തിൽ കഷ്ടപ്പാട് അറിയാതെ വളർന്നു വന്ന സത്താർ വിവാഹത്തിനു ശേഷം വന്ന പ്രതികൂല സാഹചര്യങ്ങളിൽ പതറിപ്പോയി. ജയഭാരതിയുമായുള്ള വേർപിരിയലിലാണ് അത് അവസാനിച്ചത്. 

ജയഭാരതിയുമായുള്ള തകർച്ചയെപ്പറ്റി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സത്താർ പറഞ്ഞത് ഇങ്ങനെ: വെറും നിസ്സാരം. അന്നു തോന്നിയ ചില വാശിയും... ഈഗോയും എല്ലാം ചേർന്നപ്പോൾ അത് സംഭവിച്ചു. ജീവിതത്തിൽ ഒരു കഷ്‌ടപ്പാടും ബാധ്യതയും ഇല്ലാതെ ജീവിച്ച ഒരാളായിരുന്നു ഞാൻ. ആ ജീവിതത്തിൽ നിന്ന് കുടുംബജീവിതത്തിലേക്ക് കയറിയപ്പോൾ ചില അസ്വസ്‌ഥതകൾ ഉണ്ടായി. ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു. അവിടെ പോകരുത്... അതുചെയ്യരുത്... തുടങ്ങിയ വിലക്കുകൾ. ആ വിലക്കുകൾ എന്റെ ഈഗോ തകർക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഞാൻ മാറിനിന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...