അന്‍പതാം വയസ്സിലും അവന്‍ നായകനാകും‍; എനിക്ക് അമ്മവേഷവും‍: തുറന്നുപറഞ്ഞ് താരം

nushrat-17-09
SHARE

ബോളിവുഡിലെ പുരുഷാധിപത്യത്തെക്കുറിച്ച് സംസാരിച്ച് നടി നുസ്രത്ത് ബറൂച. ഒരു നടിയെന്ന നിലയില്‍ തനിക്ക് ഇന്‍ഡസ്ട്രിയിലുള്ള മൂല്യത്തെക്കുറിച്ചും വര്‍ഷങ്ങള്‍ കഴിയുമ്പോഴുണ്ടായേക്കാവുന്ന അവസ്ഥയെക്കുറിച്ചുമാണ് നുസ്രത്ത് ഒരഭിമുഖത്തില്‍ പറഞ്ഞത്. കാര്‍ത്തിക് ആര്യനൊപ്പമുള്ള പുതിയ സിനിമാ സീരിസിന്റെ തിരക്കിലാണ് നുസ്രത്ത്. 

''പുരുഷാധിപത്യ ലോകത്താണ് നാം ജീവിക്കുന്നത്. പക്ഷേ ഇരയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ എന്റേതായ ലോകം സൃഷ്ടിക്കുകയാണ്. എനിക്കറിയാം അന്‍പതാം വയസ്സിലും കാര്‍ത്തിക് നായകനായി അഭിനയിക്കും. എനിക്കപ്പോള്‍ അമ്മയായി മാത്രമെ അഭിനയിക്കാന്‍ കഴിയൂ. അങ്ങനെയാണ് സിനിമാ മേഖല.''- നുസ്രത്ത് പറ‍ഞ്ഞു. 

''ബോളിവുഡില്‍ നായകനാണ് എല്ലാം. നായകന്റെ അരിക് ചേര്‍ന്ന് നില്‍ക്കാനേ നായികക്ക് കഴിയൂ. കാര്‍ത്തികിന്റെ വഴികള്‍ എന്റേതിനേക്കാള്‍ വിശാലമായിരിക്കും. എന്റെ യാത്രയില്‍ ഞാന്‍ സന്തുഷ്ടയാണ്''- നുസ്രത്ത് പറയുന്നു. 

2011 ല്‍ റിലീസ് ചെയ്ത പ്യാര്‍ കാ പഞ്ച്നാമയാണ് നുസ്രത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. ആ ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തിക്കിന്റെ ബോളിവുഡ് അരങ്ങേറ്റം. ''അഭിനയത്തോടുള്ള അഭിനിവേശം മൂലമാണ് ഞാനീ മേഖലയില്‍ തുടരുന്നത്. പ്യാര്‍ കാ പഞ്ച്നാമ റിലീസ് ചെയ്തതിന് ശേഷം എനിക്ക് മറ്റ് ഓഫറുകളൊന്നും വന്നിരുന്നില്ല. ബോളിവുഡ് നായികയുടെ സാമ്പ്രദായിക സങ്കല്‍പ്പങ്ങളിലൊന്നും ഞാന്‍ ഉള്‍പ്പെടാത്തത് തന്നെ കാരണം'- നുസ്രത്ത് പറഞ്ഞു. 

നേരത്തെ ലൂക്ക ചുപ്പി എന്ന ചിത്രത്തിന്റെ വിജയത്തിന് കാരണക്കാരനായി കാര്‍ത്തിക് വാഴ്ത്തപ്പെട്ടപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സഹതാരം കൃതി സനോണ്‍ രംഗത്തെത്തിയിരുന്നു. ഒരു ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും വിജയത്തിന് പിന്നില്‍ നായകന്‍ മാത്രമാണെന്ന വാഴ്ത്തലുകളോട് വിയോജിപ്പ് അറിയിക്കുന്നു. എല്ലാവരും ഇവിടെ ഒരേ പരിഗണന അര്‍ഹിക്കുന്നുവെന്നായിരുന്നു കൃതിയുടെ പ്രതികരണം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...