അമ്മയെ ചെളിയില്‍ ചവിട്ടാതെ വീട്ടില്‍ കയറ്റണം; കണ്ണീരോര്‍മയുള്ള വീട്; വിഡിയോ

bineesh-vijay-web
SHARE

‘ഇവന്‍ ഏതോ ഒരു സിനിമയില്‍ മുഖം കാണിച്ചെന്ന് പറഞ്ഞ് ഇത്രമാത്രം ആഘോഷിക്കാന്‍ എന്താണ് ഉള്ളത്? കോളജിലെ പരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും ക്ഷണിക്കപ്പെടാന്‍ മാത്രം ഇയാള്‍ സിനിമയ്ക്ക് എന്തു സംഭാവനയാണ് നല്‍കിയത്?’ ഇൗ ചോദ്യങ്ങളുടെ നടുവിലാണ് ബിനീഷ് ബാസ്റ്റിന്‍. അതിനെല്ലാം അയാളുടെ ഉത്തരം ചിരി മാത്രമാണ്. കാരണം പത്താം ക്ലാസ് തോറ്റ് കൂലിപ്പണിയുമായി കൊച്ചിയില്‍ നടന്ന ബാസ്റ്റിന്‍ ഇന്ന് സൈബര്‍ ലോകത്ത് ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ള വ്യക്തിയാണ്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ അയാള്‍ താരമാണ്. കണ്ണീരിന്റെ കയ്പ്പുള്ള തന്റെ മുന്‍പത്തെ ജീവിതത്തെ നോക്കി ബിനീഷ് ചിരിക്കുകയാണ് ഒപ്പം വിമര്‍ശനങ്ങളോടും. ആ ജീവിതത്തെ കുറിച്ച് ബിനീഷ് മനോരമ മാക്സിനോട് സംസാരിക്കുന്നു.

‘ടീമേ.. ഞാന്‍ വലിയ താരമൊന്നുമല്ല. ഇതെല്ലാം സംഭവിച്ചു പോകുന്നതാണ്. മുന്‍പ് സിനിമയുടെ പൂജ നടക്കുമ്പോള്‍ ചാന്‍സ് ചോദിച്ച് ചെല്ലും. രാവിലെ മുതല്‍ നിന്ന് കാലുകഴയ്ക്കുമ്പോള്‍ വേദിയിലെ ഒഴിഞ്ഞ ഏതേലും കസേരയില്‍ പോയി ഇരിക്കും. അപ്പോഴാകും ചടങ്ങിലേക്ക്  ക്ഷണിക്കപ്പെട്ട ഏതേലും അതിഥികള്‍ എത്തുക. അവര്‍ക്ക് ഇരിക്കാനായി എന്നോട് എഴുന്നേറ്റ് മാറാന്‍ പറയും. അങ്ങനെ ഒരുപാട് വര്‍ഷങ്ങള്‍ ഇങ്ങനെ എണീറ്റ് മാറികൊടുത്തിട്ടുണ്ട്. മലയാളത്തിലെ എല്ലാ സൂപ്പര്‍ സ്റ്റാറുകളുടെയും തല്ലു ‍ഞാന്‍ കൊണ്ടിട്ടുണ്ട്. ഡയലോഗില്ലാത്ത ഗുണ്ടാ വേഷങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയിട്ടുണ്ട്. ജീവിക്കാന്‍ വേണ്ടി കൂടിയായിരുന്നു ഇതെല്ലാം. അതിനൊപ്പം ടൈല്‍സിന്റെ പണിക്കും പോയിട്ടാണ് കുടുംബം നോക്കിയത്.

അങ്ങനെ ഒരു ദിവസം തെരി സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ വിളിച്ചു. വിജയ് സാറിനൊപ്പം ഡയലോഗൊക്കെയുള്ള വില്ലന്‍ വേഷം. അതെന്റെ ജീവിതം മാറ്റി. പിന്നെ കൂലിപ്പണിയ്ക്ക് പോകേണ്ടി വന്നിട്ടില്ല. വിജയ് ആരാധകര്‍ അവരുടെ പരിപാടികള്‍ക്ക് അതിഥിയായി വിളിച്ചു. അന്നാണ് എഴുനേല്‍പ്പിച്ച് വിടില്ല എന്ന് ഉറപ്പിച്ച്  കസേരകളില്‍ ഇരുന്നു തുടങ്ങിയത്. മൂന്നുവര്‍ഷമായി 250 ലേറെ ഉദ്ഘാടനങ്ങള്‍ക്ക് എന്നെ വിളിച്ചിട്ടുണ്ട്. പത്തില്‍ തോറ്റ എന്നെ അതിഥിയായി ക്ഷണിക്കുന്നത് വലിയ കോളജുകളിലേക്കാണ്. ഇതൊക്കെ ആഗ്രഹിച്ചും പ്രാര്‍ഥിച്ചും ഒക്കെ കിട്ടുന്നതാണ്. അതിന് എന്നോട് വിരോധം തോന്നുന്നതെന്തിനാണ്.

സമൂഹമാധ്യമങ്ങളാണ് എന്നെ വളര്‍ത്തിയത്. അവരാണ് എന്നെ ഒാരോ പരിപാടിയിലേക്കും ക്ഷണിക്കുന്നത്. കുറച്ച് പൈസ ഒക്കെ കിട്ടും. അതിെനാപ്പം ഇപ്പോള്‍ കുറച്ച് നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നുണ്ട്. ഇനി വീട് എന്ന ഒരു സ്വപ്നം മാത്രമാണ് ബാക്കിയാണ്. കാറുവാങ്ങി, ബുള്ളറ്റ് വാങ്ങി. ഇനി എന്റെ അമ്മയ്ക്ക് ചെളിയില്‍ ചവിട്ടാതെ നടന്നുകയറാന്‍ പറ്റിയ ഒരു വീട്. അതാണ് എന്റെ ലക്ഷ്യം. ആരുടെയെങ്കിലും സഹായം വാങ്ങിയോ ലോണ്‍ എടുത്തോ എനിക്കോ അമ്മയ്ക്കോ ഒരു വീട് പണിയേണ്ട. വീട് പണിയാന്‍ ഉള്ള കാശ് എപ്പോള്‍ എനിക്ക് സമ്പാദിക്കാന്‍ പറ്റുന്നോ അന്ന് ‍ഞാനൊരു വീട് വയ്ക്കും.’ ബിനീഷ് പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...