തേപ്പുകാരിയല്ല; പൊന്നുപോലെ സ്നേഹിക്കുന്ന ഭാര്യ; 'പൊറിഞ്ചു'വിലെ സ്വാസിക; അഭിമുഖം

swasika-new
SHARE

മലയാളത്തില്‍ ബിഗ് സ്ക്രീന്‍, മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് സ്വാസിക. അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സ്വാസിക കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരിയിലൂടെയാണ് പിന്നെ അറിയപ്പെട്ടത്. സീരിയലുകളിലെ മിന്നും പ്രകടനവും പല ഷോകളിലെ നൃത്ത പ്രകടനങ്ങളുമെല്ലാം സ്വാസികയെ പ്രിയങ്കരിയാക്കി. ഇപ്പോള്‍ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിലും സ്വാസിക വേഷമിടുന്നു. ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമായാണ് സ്വാസിക എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‍ലര്‍ ഇതിനോടകം തന്നെ വലിയ ഹിറ്റാണ്. ഈ വിശേഷങ്ങളെല്ലാം സ്വാസിക മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവയ്ക്കുകയാണ്. 

പൊറിഞ്ചു മറിയം ജോസില്‍ സ്വാസിക

സിനിമയിലും സീരിയലിലും ഒക്കെയുള്ള എന്റെ വേഷങ്ങള്‍ കണ്ട് ഈ സിനിമയുടെ നിര്‍മാതാവായ ഡേവിഡ് കാച്ചപ്പള്ളി സാറിന്റെ ഭാര്യയാണ് എന്നെ ഈ സിനിമയിലേക്ക് നിര്‍ദേശിക്കുന്നത്. അവര്‍ എന്റെ ഡാന്‍സ് വിഡിയോകളും കണ്ടിരുന്നു. അങ്ങനെ ചെറിയ രീതിയില്‍ ഒരു മേക്കപ് ടെസ്റ്റ് ഒക്കെ നടത്തിയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. പൊറിഞ്ചു, മറിയം, ജോസ് എന്നിങ്ങനെ മൂന്ന് പേരുടെ കഥയാണ് ഈ സിനിമ. ഇതില്‍ ചെമ്പന്‍ വിനോദാണ് ജോസ് ആയിട്ടെത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ് ഞാന്‍ എത്തുക. ഭര്‍ത്താവിനെ വളരെയധികം സ്നേഹിക്കുന്ന കുറച്ചൊക്കെ പൊസസീവ് ആയ ഒരു നാടന്‍ വീട്ടമ്മയുടെ വേഷമാണ്. ആ റോള്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം. 

swasika-porinju

ജോഷി എന്ന വലിയ സംവിധായകന്‍

ജോഷി സാറിന്റെ സിനിമയില്‍ ഒരു ഭാഗമാകാന്‍ കഴിയുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ലേലം പോലുള്ള സിനിമകളൊക്കെ നമ്മള്‍ ആരാധനയോടെ കണ്ടതാണല്ലോ. നരന്‍ സിനിമ ഒക്കെ തിയറ്ററില്‍ പോയി കണ്ടത് ഓര്‍ക്കുന്നു. ഏഴു ദിവസമായിരുന്നു എനിക്ക് ഷൂട്ട് ഉണ്ടായിരുന്നത്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ പറ്റിയത് എന്നെ സംബന്ധിച്ച് ഭാഗ്യം തന്നെയാണ്. 

സിനിമയിലെ താരം, സീരിയലും

സീരിയലും സിനിമയും ഇപ്പോള്‍ ഒരുമിച്ച് കൊണ്ടുപോകുകയാണ്. സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ സിനിമയിലേക്ക് ക്ഷണം വന്നത്. രണ്ടും ഒരുമിച്ച് കിട്ടുക എന്നത് എല്ലാവര്‍ക്കും കിട്ടാത്ത ഭാഗ്യമാണ്. എനിക്ക് നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. ചെറിയ വേഷങ്ങള്‍ ആണെങ്കിലും അത് ശ്രദ്ധിക്കപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്. നായികവേഷങ്ങളെക്കാള്‍ കുറച്ചുകൂടി കംഫര്‍ട്ട് സ്വഭാവവേഷങ്ങളാണെന്ന് എനിക്ക് തോന്നാറുണ്ട്. കാരണം അതാകുമ്പേള്‍ സിനിമയുടെ വിജയ പരാജയം ഓര്‍ത്ത് വലിയ ടെന്‍ഷന്‍ ഉണ്ടാകില്ലല്ലോ. നമ്മുടെ റോള്‍ നന്നായി ചെയ്യാന്‍ ശ്രമിക്കും. 

സിനിമയിലെ തേപ്പുകാരി മിനിസ്ക്രീനിലെ ഉത്തമ ഭാര്യ

സീരിയലില്‍ അങ്ങനെ ഉള്ള കഥാപാത്രങ്ങളാണ് ചെയ്തത്. സീരിയല്‍ കൂടുതലും കാണുന്നത് സ്ത്രീകളാണ്. അപ്പോള്‍ അവരുടെ കണ്ണില്‍ എനിക്ക് നല്ല ഒരു ഇമേജ് ആണ് ഉള്ളത്. എന്നാല്‍ സിനിമയിലെ തേപ്പുകാരി എന്ന പേര് യുവാക്കള്‍ക്കിടയിലാണ് പ്രചരിച്ചത്. രണ്ടും ഞാന്‍  ആസ്വദിക്കുന്നു. കാരണം ആ കഥാപാത്രങ്ങളൊക്കെ അത്രമാത്രം ഏറ്റെടുത്തതുകൊണ്ടാണല്ലോ അവര്‍ അങ്ങനെ കാണുന്നത്. 

സിനിമയില്‍ സിലക്ടീവാണോ

അങ്ങനെ സിലക്ടീവ് ആണെന്ന് പറയാന്‍ പറ്റില്ല. കാരണം എന്നെപ്പോലുള്ള തുടക്കക്കാരക്ക് അങ്ങനെയാകാന്‍ പറ്റില്ല. നല്ല കഥാപാത്രങ്ങള്‍ വരുമ്പോള്‍ ചെയ്യും. അയാളും ഞാനും തമ്മില്‍, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഇഷ്ക്, ഇപ്പോള്‍ പൊറിഞ്ചു മറിയം ജോസ്..ലഭിച്ചത് എല്ലാം നല്ല സിനിമകളായിരുന്നു. ഇനിയും ഇതുപോലുള്ള സിനിമകള്‍ വന്നാല്‍ ചെയ്യും. 

കുടുംബം, ഡാന്‍സ്, വിവാഹം

അച്ഛൻ വിജയകുമാർ. ബഹ്ൈറനിൽ അക്കൗണ്ടന്റ് ആണ്. അമ്മ ഗിരിജ. സഹോദരന്‍ ആകാശ്. അഭിനയത്തോടൊപ്പം തന്നെ ഡാന്‍സും കൊണ്ടുപോകുന്നു. ബി എ ഭരതനാട്യമാണ് പഠിച്ചത്. ഇനി എംഎ ചെയ്യണം എന്നുണ്ട്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ പ്ലാനിന് ചെറിയ മാറ്റമുണ്ട്. നല്ല സിനിമകള്‍ കിട്ടിയാല്‍ വിവാഹം കുറച്ചു വൈകും. അച്ഛനും അമ്മയുമാണ് ഇക്കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. 

വിവാഹം അഭിനയജീവിതത്തിന് തടസ്സമാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്ന് പൂര്‍ണമായി പറയാന്‍ പറ്റില്ലെന്നും ചില അഡ്ജസ്റ്റ്മെന്റുകളൊക്കെ വേണ്ടി വരുമെന്നുമാണ് സ്വാസിക പറയുന്നത്. സിനിമയാണോ സീരിയലാണോ മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് ചോദിച്ചാല്‍ കിട്ടുന്ന വേഷങ്ങള്‍ പോലെയിരിക്കും കാര്യങ്ങളെന്നും നടി പറയുന്നു. പൊറിഞ്ചു മറിയം ജോസ് എല്ലാവരും തിയറ്ററില്‍ പോയി കാണണം എന്നും സ്വാസിക അഭ്യര്‍ഥിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...