പ്രളയത്തെക്കുറിച്ച് മിണ്ടിയില്ല; പ്രമോഷനിൽ സജീവം; നിത്യ മേനോന് വിമർശനം; മറുപടി

nithya-menen-12
SHARE

കേരളം നേരിടുന്ന പ്രളയക്കെടുതിയെക്കുറിച്ച് സംസാരിക്കാതെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രചാരണപരിപാടികളില്‍ പങ്കെടുത്തതിന് വിമർശിച്ചവർക്ക് മറുപടി നൽകി നിത്യ മേനോൻ. ഇത്തരം കാര്യങ്ങളോട് സാധാരണ പ്രതികരിക്കാറില്ലെന്നും എന്നാലിപ്പോൾ വരുന്ന കമന്റുകൾ അതിരുവിടുന്നുവെന്നും അതിനാലാണ് പ്രതികരിക്കുന്നതെന്നും ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിൽ നിത്യ വ്യക്തമാക്കി. 

വ്യക്തി എന്ന നിലയിൽ ചെയ്യുന്നതെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കണമെന്ന് നിർബന്ധമില്ലെന്നും ഇടുങ്ങിയ ചിന്താഗതിയുള്ളവർക്ക് കാണാൻ കഴിയുന്നതിന് മുകളിലാണ് ആളുകളും അവരുടെ ജീവിതവുമെന്നും നിത്യ മേനോൻ തുറന്നടിച്ചു.

‌''കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഞാൻ യാതൊന്നും പങ്കുവയ്ക്കുന്നില്ല എന്നാരോപിച്ച് കടുത്ത വിമർശനമാണ് ഞാൻ നേരിടുന്നത്. അതിനാൽ, കാര്യങ്ങൾക്ക് വ്യക്തത വരുത്തണമെന്ന് എനിക്ക് തോന്നി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നില്ലെന്ന് കരുതി ഒരാൾ ഒന്നും ചെയ്യുന്നില്ലെന്ന് കരുതരുത്. അതു ശരിയല്ല. കാര്യങ്ങൾ ചെയ്യാൻ എനിക്കെന്റേതായ രീതികളുണ്ട്. ചില പ്രത്യേക കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഞാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത്. ഇവിടെ പോസ്റ്റ് ചെയ്യുന്നില്ലെന്നു കരുതി ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന് കരുതരുത്. 

''സിനിമയുടെ ഭാഗമായി അതിൽ അഭിനയിച്ചവർ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തേ മതിയാകൂ. ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ സ്വയം എന്തുചെയ്തു എന്ന് ചോദിച്ചുനോക്കണം. ആ ചോദ്യത്തിന് ആത്മാർഥമായി ഉത്തരം നല്‍കാൻ കഴിയുന്നുണ്ടെങ്കിൽ ഈ വിമർശനങ്ങളിൽ കഴമ്പില്ലെന്ന് മനസ്സിലാകും''- നിത്യ പറഞ്ഞു. 

നിത്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മിഷൻ മംഗൽ' എന്ന ബോളിവുഡ്  ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ താരം പങ്കെടുക്കുന്നതും അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക പേജിൽ പങ്കുവയ്ക്കുന്നതുമാണ് വിമർശനത്തിന് വഴി വച്ചത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും അതിനായി പ്രത്യേക പണം കൈപ്പറ്റുന്നില്ലെന്നും താരം വ്യക്തമാക്കി. മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിനു മുൻപെ സ്വയം എന്തു ചെയ്തെന്ന് ആലോചിക്കുന്നത് നല്ലതായിരിക്കുമെന്നും നിത്യ മേനോൻ അഭിപ്രായപ്പെട്ടു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...