ദുരിതപ്പെയ്ത്തിൽ താങ്ങ്; വീട്ടിലേക്ക് വരാം; ക്ഷണിച്ച് ടൊവിനോ

flood-tovino-10
SHARE

കാലവർഷക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ അതീവ ജാഗ്രത തുടരുന്നു. കാസര്‍കോട് ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതപ്പെയ്ത്തിൽ മരിച്ചവരുടെ എണ്ണം 48 ആയി. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയിരിക്കുന്നത്. അതിനിടെ സഹായവുമായി നടൻ ടൊവിനോ തോമസ്. 

കഴിഞ്ഞ പ്രളയകാലത്ത് പറഞ്ഞതുപോലെ തന്റെ വീട് സുരക്ഷിതമാണെന്നും ഇങ്ങോട്ട് വരാമെന്നും ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുരുപയോഗം ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു. 

'എന്റെ വീട്ടിലേക്ക് പോരൂ എന്ന സന്ദേശം കാത്തുനിൽക്കാതെ വെള്ളം കയറാത്ത ഏത് വീട് കണ്ടാലും കയറിക്കൊള്ളൂ, മനുഷ്യരാരും നിങ്ങളെ ഇറക്കിവിടില്ല' എന്നെഴുതിയ ചിത്രത്തിനൊപ്പമാണ് ടൊവിനോയുടെ കുറിപ്പ്. നമുക്ക് ഒന്നിച്ച് അതിജീവിക്കാം എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പമുണ്ട്. 

കവളപ്പാറയിലും പുത്തുമലയിലും തിരച്ചിൽ

വന്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ നിലമ്പൂര്‍ കവളപ്പാറയിലും മേപ്പാടി പുത്തുമലയിലും ദുഷ്ക്കരമെങ്കിലും തിരച്ചില്‍ തുടരുകയാണ്.  കവളപ്പാറയില്‍ പതിനൊന്നരയോടെ വീണ്ടും ഉരുള്‍പൊട്ടിയത് തിരച്ചിലിന് വെല്ലുവിളിയായി. ദുരന്തനിവാരണ സേന തിരച്ചില്‍ കുറച്ച് സമയത്തേക്ക് നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായി. കവളപ്പാറയില്‍ നിന്ന് രണ്ടു കുട്ടിയുടേതടക്കം മൂന്നു  മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 കുടുംബങ്ങളിലെ 43 പേര്‍ മണ്ണിനടിയിലാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. അതേസമയം പുത്തുമലയില്‍നിന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തു. ഇതോടെ  പുത്തുമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി.  ഒന്‍പതുപേര്‍ മണ്ണില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമിക വിവരം.  

അട്ടപ്പാടി അഗളിയില്‍ ഒരു തുരുത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയും കു‍ഞ്ഞുമടക്കം 7 പേരെ അതിസാഹസികമായി അഗ്നിശമന േസന രക്ഷിച്ചു. കവളപ്പാറയിലേയ്ക്കുള്ള  പാലേങ്കരപാലം അപകടാവസ്ഥയിലായതിനാല്‍ ഗതാഗതം നിരോധിച്ചു. 

സംസ്ഥാനത്ത് എട്ടുജില്ലകളില്‍ അതീവജാഗ്രത തുടരുകയാണ്. കാസര്‍കോട്് ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍  മുത്തത്തിയില്‍ വെള്ളക്കെട്ടില്‍ വീണ് വെളുത്തേരി കൃഷ്ണന്‍ മരിച്ചു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. മുപ്പതിനായിരം കുടുംബങ്ങളിലായി ഒരുലക്ഷത്തിലധികം പേരെ  മാറ്റിപ്പാര്‍പ്പിച്ചു

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...