എന്തുകൊണ്ട് മമ്മൂട്ടിക്ക് പുരസ്കാരമില്ല? തപ്പിത്തടഞ്ഞ് ജൂറിയുടെ മറുപടി; രോഷം

mammootty-peranbu-award
SHARE

ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മുതൽ സമൂഹമാധ്യമത്തിൽ നിറയുന്ന സംശയമാണ് എന്തുകൊണ്ട് മമ്മൂട്ടിയ്ക്ക് പുരസ്കാരം നൽകിയില്ല എന്നത്. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് പേരൻപിലൂടെ ലഭിക്കുമെന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം വിശ്വസിച്ചത്. എന്നാൽ, മികച്ച നടനുള്ള പുരസ്കാരം ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും പങ്കിട്ടെടുത്തപ്പോൾ, ഈ പുരസ്കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം പ്രഖ്യാപനവേദിയിൽ ഉയർന്നു. മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് തടിതപ്പാനാണ് ജൂറി ചെയർമാൻ രാഹുൽ റവൈൽ ശ്രമിച്ചത്. 

‘എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് പുരസ്കാരം നൽകിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്. മികച്ച വ്യക്തികളെ തിരഞ്ഞെടുക്കുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു അത്. ഒരാൾക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചർച്ച തീർത്തും വിഷയകേന്ദ്രീകൃതമാണ്,’  രാഹുൽ റവൈൽ പ്രതികരിച്ചു. മറുപടിക്കെതിരെയും സമൂഹമാധ്യമങ്ങളിലടക്കം രോഷം ഉയരുകയാണ്.  

അതേസമയം, നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചലോ ജീതേ ഹെ എന്ന ചിത്രത്തെക്കുറിച്ചും വിവാദങ്ങളുയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബാല്യകാലത്തെ അധികരിച്ച് നിർമിച്ച ചിത്രമാണ് ചലോ ജീതേ ഹെ. എന്നാൽ, ഇക്കാര്യം ജൂറിക്ക് മുന്നിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ 'അതിനെക്കുറിച്ച് അറിയില്ല' എന്ന മറുപടിയാണ് ലഭിച്ചത്. 'ഞാൻ ആ ചിത്രം കണ്ടു. എനിക്ക് അക്കാര്യം അറിയില്ല. പ്രധാനമന്ത്രിയുടെ ജീവിതത്തെ അധികരിച്ചാണ് ചിത്രമെന്ന് എനിക്ക് അറിയില്ല,' എന്നായിരുന്നു ജൂറിയുടെ പ്രതികരണം. 

ജോസഫിലെ അഭിനയത്തിന് ജോജുവിന് ജൂറിയുടെ പ്രത്യേക പരാമർശവും  ഓൾ എന്ന ചിത്രത്തിന് അന്തരിച്ച ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണന് മികച്ച ക്യാമറയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...