‘കുഞ്ഞിരാമന്റെ കുപ്പായം’ പറയുന്നത് ഖുര്‍ആനിലുള്ള ഇസ്‌‌ലാം; വിവാദം വേണ്ട: മേജര്‍ രവി

major-ravi-kunjiramanta-kuppayam
SHARE

മതംമാറ്റം മുഖ്യവിഷയമായി അവതരിപ്പിച്ച ചിത്രമാണ് ‘കുഞ്ഞിരാമന്റെ കുപ്പായം’. സിദ്ദിഖ് ചേന്ദമംഗല്ലൂരാണ് സംവിധായകൻ. മതം വിഷയമായതുകൊണ്ട് തന്നെ വിവാദങ്ങളും കുഞ്ഞിരാമന്റെ കുപ്പായത്തിനൊപ്പമുണ്ട്. രണ്ട് തവണ സിനിമയുടെ റിലീസ് മാറ്റിവെക്കേണ്ടി വന്നതായി സംവിധായകന്‍ പറഞ്ഞിരുന്നു. സിനിമയിൽ സുപ്രധാനവേഷം കൈകാര്യം ചെയ്യുന്ന മേജർ രവി സിനിമയെക്കുറിച്ച് മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു. 

സിനിമയെക്കുറിച്ചുള്ള വിവാദങ്ങളോടുള്ള പ്രതികരണം?

മതം കൈകാര്യം ചെയ്തതുകൊണ്ട് സിനിമയോട് എതിർപ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ല. വിശുദ്ധ ഖുര്‍ആനിൽ എന്താണ് ഇസ്ലാമിനെക്കുറിച്ച് പറയുന്നത് അതുമാത്രമാണ് സിനിമ കാണിച്ചിരിക്കുന്നത്. സ്വാർഥതയ്ക്ക് വേണ്ടി മതം മാറുന്നത് ശരിയല്ലെന്നാണ് ഖുര്‍ആൻ പറയുന്നത്. അതാണ് സിനിമയും കാണിച്ചിരിക്കുന്നത്. യഥാർഥ മുസ്ലീമായിട്ടുള്ളവർക്ക് സിനിമ ഇഷ്ടപ്പെടുക തന്നെ ചെയ്യും.

താങ്കളുടെ കഥാപാത്രത്തെക്കുറിച്ച്?

എന്നെ ഈ നാട്ടിലെ ഏറ്റവും വലിയ വർഗീയവാദിയായിട്ടാണല്ലോ എല്ലാവരും ചിത്രീകരിച്ചിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ എനിക്ക് കിട്ടിയ നല്ല ഒരു കഥാപാത്രമാണ് കുഞ്ഞിരാമന്റെ കുപ്പായത്തിലേത്. ഖുര്‍ആനിലുള്ള കാര്യങ്ങൾ മാത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മുസ്ലിയാരുടെ കഥാപാത്രമാണ് എന്റേത്. വയറുവേദന മാറിയതുകൊണ്ടാണ് കുഞ്ഞിരാമൻ മതംമാറാൻ തീരുമാനിക്കുന്നത്. മറ്റൊരു സമുദായത്തിൽ നിങ്ങളുടെ ഭാര്യയും മക്കളുമുണ്ട്. അവർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ ഇവിടിരുന്ന് ബിരിയാണി കഴിക്കരുതെന്ന് പറയുന്ന മുസ്ലിയാരായിട്ടാണ് ഞാൻ അഭിനയിക്കുന്നത്. മതം മാറ്റം മറ്റുള്ളവരെ വേദനിപ്പിക്കരുതെന്നൊക്കെ പറയുന്ന കഥാപാത്രമാണ് എന്റേത്.

മുസ്ലിയാരുടെ കഥാപാത്രം പുതിയ അനുഭവമായിരുന്നോ?

എന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു ഈ കഥാപാത്രം. പാർഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെടുത്തി എന്റെ ഒരു പ്രസംഗം വിവാദമായതിന്റെ പിറ്റേ ദിവസമാണ് ഈ സിനിമയിൽ ഞാൻ ചേരുന്നത്. ഹിന്ദുക്കളെ ഉണരൂ, യുദ്ധം ചെയ്യൂ എന്നൊക്കെ മേജർ രവി പറഞ്ഞു എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചതിന്റെ പിറ്റേ ദിവസമാണ് ഷൂട്ടിങ്ങിനായി മുക്കത്ത് എത്തുന്നത്. മുസ്ലീങ്ങളെ മുഴുവൻ ഞാൻ കൊല്ലാൻ പറഞ്ഞു എന്ന രീതിയിലായിരുന്നു പ്രചരണം. മുക്കത്ത് ഒരു മദ്രസയിലായിരുന്നു ഷൂട്ടിങ്ങ്. മുസ്ലിയാരുടെ മേക്കപ്പിലാണ് ഞാൻ അവിടെയിരുന്ന് ഖുറാൻ വായിച്ചതും നിസ്കരിച്ചതുമൊക്കെ. അതുകാരണം ആദ്യം ആളുകൾക്ക് എന്നെ മനസിലായില്ല. ഉച്ചയായതോടെയാണ് ആളെ മനസിലാകുന്നത്. അപ്പോൾ ചിലർ പ്രശ്നവുമായി വന്നു. മദ്രസയിൽ കയറ്റാൻ പാടില്ല, ഷൂട്ടിങ്ങ് നടത്താൻ പറ്റില്ല എന്നെല്ലാം പറഞ്ഞു. ആളുകൾ രണ്ട് ചേരിയായി.  90 ശതമാനം പേരും എനിക്കൊപ്പം നിന്നു ഷൂട്ടിങ് മുടക്കമില്ലാതെ പുരോഗമിച്ചു. 

മുക്കത്തെ ഷൂട്ടിങ്ങ് കഴിഞ്ഞതോടെ ഞാൻ അത്ര കുഴപ്പക്കാരനൊന്നുമല്ലെന്ന് ആളുകൾക്ക് തനിയെ മനസിലായി. അവിടെ ഞാൻ കഴിഞ്ഞത് സുഹൃത്ത് സുബൈറിന്റെ വീട്ടിലാണ്. സുബൈറും ഭാര്യയുമാണ് എനിക്ക് ഭക്ഷണമൊക്കെ ഉണ്ടാക്കി തന്നത്. വെള്ളപ്പൊക്കത്തിന് മുൻപ് ഞാൻ ഹിന്ദുതീവ്രവാദിയാണെന്ന് പറഞ്ഞു പ്രചരിപ്പിച്ചിരുന്നില്ലേ? വെള്ളപ്പൊക്കം കഴിഞ്ഞതോടെ ആ അഭിപ്രായം മാറിയതുപോലെ തന്നെയാണ് മുക്കത്തെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോഴുമുണ്ടായത്. 

സംവിധായകൻ സിദ്ദിഖിന് എന്നെ നന്നായിട്ടറിയാം. അദ്ദേഹം ചോദിക്കുമായിരുന്നു സാറിനെക്കുറിച്ചൊക്കെ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന്. ഞാൻ നരേന്ദ്രമോദിയെ അംഗീകരിക്കുന്നു എന്നു പറഞ്ഞു എന്നൊരു കുറ്റം മാത്രമാണ് ചെയ്തത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പി.രാജീവിന് വേണ്ടിയും ഞാൻ പ്രസംഗിച്ചില്ലേ? പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് എനിക്കൊപ്പം നിന്ന മുസ്ലീം മത്സ്യത്തൊഴിലാളികളുണ്ട്. അന്ന് അവരോട് ഞാൻ പറഞ്ഞിരുന്നു അടുത്ത മഴക്കാലത്ത് നിങ്ങൾ കടലിൽ പോയില്ലെങ്കിലും പട്ടിണിയാകില്ലെന്ന്. ഇത്തവണ അവർക്ക് 50 കിറ്റുകൾ വിതരണം ചെയ്ത് ഞാൻ വാക്ക് പാലിക്കുകയാണ് ചെയ്തത്.  നല്ല മനുഷ്യനായി ജീവിക്കുക എന്നുള്ളതാണ് ലക്ഷ്യം. പിന്നെ വിവാദമുണ്ടാക്കുന്നവർ ഉണ്ടാക്കട്ടെ എന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. പണ്ടൊക്കെ വിവാദങ്ങളിൽ ഞാൻ അസ്വസ്ഥനാകാറുണ്ടായിരുന്നു. എന്നാലിപ്പോൾ വിവാദമില്ലെങ്കിൽ ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്– മേജർ രവി പറഞ്ഞു. 

കുഞ്ഞിരാമന്റെ കുപ്പായം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...