ടൈറ്റാനിക്കിനെ മുക്കി തുടക്കം; ഇപ്പോൾ അവതാറും; പണം വാരി പടമായി അവഞ്ചേഴ്സ്

avatar-record-gone
SHARE

ലോക സിനിമയിൽ അവതാർ കൈക്കലാക്കി വച്ചിരുന്ന റെക്കോർഡ് മറികടന്ന് മുന്നേറിയിരിക്കുകയാണ് അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം. ആരെയും അമ്പരപ്പിക്കുന്ന പണം വാരി ചിത്രമായി വമ്പൻ മുന്നേറ്റമാണ് ചിത്രം കാഴ്ചവച്ചത്. ലോകത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളുടെ പട്ടികയില്‍  ഒന്നാമതായി അവഞ്ചേർസ്: എൻഡ് ഗെയിം നിലകൊള്ളും. ജയിംസ് കാമറൂൺ ചിത്രം അവതാറിനെ തകർത്താണ് അവഞ്ചേർസ് ഒന്നാമതായത്. കാമറൂണിന്റെ അവതാറും ടൈറ്റാനിക്കുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി തുടര്‍ന്നിരുന്നത്. 

2.88 ബില്യണ്‍ ഡോളറാണ് അവഞ്ചേഴ്‌സ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. അവതാറിനെ തകർക്കാൻ അവഞ്ചേർസ് വീണ്ടും റി–റിലീസ് ചെയ്യാൻ മാർവൽ തയാറായിരുന്നു. ഇതിനു പുറമെ ഓവർസീസ് റൈറ്റ്സിലൂടെ കിട്ടിയ തുകയും ചൈനയിലെ ചിത്രത്തിന്റെ കലക്‌ഷനും ബോക്സ്ഓഫീസ് കലക്‌ഷൻ വർധിക്കാൻ കാരണമായി. നേരത്തെ കലക്‌ഷനിൽ ടൈറ്റാനിക്കിനെ അവഞ്ചേർസ് പിന്നിലാക്കിയപ്പോൾ തന്റെ തോൽവി സമൂഹമാധ്യമത്തിലൂടെ കാമറൂൺ പങ്കുവച്ചത് വലിയ ചർച്ചയായിരുന്നു. അവഞ്ചേഴ്സിന്റെ ലോഗോയിൽ ഇടിച്ച് ടൈറ്റാനിക്ക് മുങ്ങുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

2.18 ബില്യൻ ഡോളറായിരുന്നു ടൈറ്റാനിക്കിന്റെ കലക്‌ഷൻ. വെറും 12 ദിവസങ്ങൾ കൊണ്ടാണ് എൻഡ്ഗെയിം ടൈറ്റാനിക്കിന്റെ റെക്കോർഡ് തകർത്തത്. 2.787 ബില്യനുമായി അവതാർ ആയിരുന്നു ഒന്നാം സ്ഥാനത്ത്. 2 ബില്യൻ ക്ലബിലെത്താൻ ടൈറ്റാനിക്കിന് വേണ്ടി വന്നത് 5233 ദിവസമായിരുന്നു. എന്നാൽ വെറും 11 ദിവസങ്ങൾ കൊണ്ടാണ് എൻഡ്ഗെയിം 2 ബില്യൻ കലക്‌ഷനിലെത്തിയത്. അവതാർ (47 ദിവസം), ഇൻഫിനിറ്റി വാർ (48 ദിവസം).

ചിത്രം ഇന്ത്യയിൽ നിന്നും വാരിയത് 350 കോടി. റിലീസ് ചെയ്ത ആദ്യദിനം 50 കോടി നേടിയ ചിത്രം രണ്ടാം ദിനം നൂറുകോടി ക്ലബിൽ എത്തി. ഇന്ത്യയിൽ 300 കോടി ക്ലബിൽ എത്തുന്ന ആദ്യ ഹോളിവുഡ് ചിത്രമാണ് എൻഡ്ഗെയിം. ഡിസ്നിയുടെ ഓൺലൈൻ സ്ട്രീമിങ് സര്‍വീസ് ആയ ഡിസ്നി പ്ലസിലൂടെ ഡിസംബർ 11ന് എൻഡ്ഗെയിം ഇന്റർനെറ്റില്‍ റിലീസ് ചെയ്യും. അതേസമയം ജയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഒരു വര്‍ഷം കൂടി നീട്ടി. അടുത്ത വർഷം ഡിസംബർ 18ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഡിസംബർ 17, 2021 ആണ്. അവതാർ 3 , ഡിസംബർ 22, 2023 നും അവതാർ 4, ഡിസംബർ 19, 2025 നും അവതാർ 5, ഡിസംബർ 17, 2027 നും റിലീസിന് എത്തും.

അവഞ്ചേർസിന്റെ ബ്രഹ്മാണ്ഡ വിജയത്തിനു ശേഷം അടുത്ത ചിത്രങ്ങൾ മാർവൽ പ്രഖ്യാപിച്ചു. ബ്ലാക്ക്‌‍വിഡോ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം, തോർ സിനിമയുടെ നാലാം ഭാഗം (തോർ, ലവ് ആൻഡ് തൻഡർ), ബ്ലേഡ് (ചിത്രത്തിൽ നായകനാകുക മഹെർഷല അലി). ആഞ്ജലീന ജൂലിയുടെ എറ്റേർണൽസ്. ഡോക്ടർ സ്ട്രെയ്ഞ്ച് രണ്ടാം ഭാഗം. ഹോക് ഐ. ഷാങ് ചി ആൻഡ് ദ് ലെജൻഡ് ഓഫ് ദ് ടെൻ റിങ്സ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...