തോറ്റുപോയെന്ന് കരുതുന്നവരോട്; ഒരു പ്ലസ്ടുക്കാരന് പറയാനുളളത്; പൃഥ്വിരാജ്; വിഡിയോ

prtithviraj-students
SHARE

''പൈതഗോറസ് തിയറവും, ലോഗരിതം പട്ടികയുമൊന്നും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കേണ്ടി വരില്ല'' . എറണാകുളം സെന്‍റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ തിങ്ങിക്കൂടിയ വിദ്യാര്‍ഥികളോട്  നടനും സംവിധായകനുമായ പൃഥിരാജ് ഇത് പറയുമ്പോള്‍ സദസില്‍ നിന്ന് നിറഞ്ഞ കൈയടികളുയര്‍ന്നു. കേവലം കൈയടി കിട്ടാനുളള സിനിമാക്കാരന്‍റെ ഡയലോഗടിയായിരുന്നില്ല ആ വാക്കുകളെന്ന്  തുടര്‍ന്നു നടത്തിയ പ്രസംഗത്തിലൂടെ പൃഥി വ്യക്തമാക്കി. പുതിയ കാലം വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ തുറന്നുവച്ചിരിക്കുന്ന അവസരങ്ങളെ കുറിച്ചാണ് പൃഥിക്ക് പറയാനുണ്ടായിരുന്നത് . പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പാകത്തിലുളള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതെന്നും പൃഥി തുറന്നു പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുളള മാതാപിതാക്കളുടെ ചിന്തയിലാണ് മാറ്റമുണ്ടാകേണ്ടതെന്ന് പൃഥി നിരീക്ഷിക്കുന്നു. സ്വന്തം ജീവിതമാണ് ഈ നിരീക്ഷണം പങ്കുവച്ചപ്പോള്‍ അദ്ദേഹം ഉദാഹരിച്ചതും. പ്ലസ് ടു പഠനത്തിനു ശേഷം ഏറെ പണം ചെലവഴിച്ചാണ് തന്‍റെ അമ്മ പഠനത്തിനായി തന്നെ വിദേശത്തേക്ക് അയച്ചത്. പക്ഷേ ബിരുദ പഠനം രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ സിനിമയാണ് തന്‍റെ മേഖലയെന്ന് തിരിച്ചറിഞ്ഞു. സിനിമയിലേക്ക് വരണമെന്ന ആഗ്രഹം അമ്മയോട് പറഞ്ഞപ്പോള്‍ നിന്‍റെ ഇഷ്ടത്തിനൊപ്പം സഞ്ചരിക്കുകയെന്ന മറുപടിയാണ് കിട്ടിയത്. അന്ന് തന്‍റെ ഇഷ്ടത്തോട് അമ്മ മുഖംതിരിച്ചിരുന്നെങ്കില്‍ മറ്റൊന്നാകുമായിരുന്നു തന്‍റെ ജീവിതമെന്നും പൃഥി കൂട്ടിച്ചേര്‍ത്തു.  കുട്ടികളുടെ ഇഷ്ടം മനസിലാക്കുന്ന മാതാപിതാക്കളുണ്ടാകട്ടെയെന്നാശംസിച്ചാണ് പൃഥി തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചത്.

എറണാകുളം ലോക്സഭ മണ്ഡലത്തില്‍ എസ്എസ്എല്‍സി ,പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി ൈഹബി ഈഡന്‍ എംപി ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പൃഥി . വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്ന പൃഥിരാജിന്‍റെ ഉജ്വല പ്രസംഗത്തിന്‍റെ പൂര്‍ണരൂപം കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...