‘ഞാൻ ജാക്സണല്ലെടാ, ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ’ ; അമ്പിളിക്കൊരു ‘അമ്പിളി’ വേർഷൻ; വിഡിയോ

ambili-jagathy-video
SHARE

അമ്പിളിക്ക് ഒരു അമ്പിളി വേർഷൻ എന്നു പറയാം ഇപ്പോൾ താരങ്ങളടക്കം പങ്കുവയ്ക്കുന്ന ഇൗ വിഡിയോയ്ക്ക്. സൗബിൻ‌ ഷാഹിർ നായകനാകുന്ന അമ്പിളിയുടെ ടീസർ പുറത്തു വന്നതോടെ അതിലെ ഗാനവും സൗബിന്റെ നൃത്തവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘ഞാൻ ജാക്സണല്ലെടാ, ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ..’ എന്ന ഗാനം ഇതിനോടകം ട്രോൾ ലോകത്തും മിന്നുന്ന അഭിപ്രായം നേടി മുന്നേറുന്നു. അതിനൊപ്പമാണ് ഇൗ പാട്ടിനൊത്ത് ജഗതി ശ്രീകുമാറിന്റെ രംഗങ്ങളും ചേർത്ത് വച്ച വിഡിയോ വൈറലായത്. ജഗതി ശ്രീകുമാറിന് അമ്പിളി എന്നൊരു പേരും കൂടി ഉള്ളതുകൊണ്ട് വിഡിയോ ഏറെ ഹൃദ്യമാകുന്നു. കുഞ്ചാക്കോ ബോബനും ഇൻസ്റ്റഗ്രാമിൽ ഇൗ അമ്പിളി വിഡിയോ പങ്കുവച്ചിട്ടുണ്ട്. 

ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ‌ സൗബിന്റെ നൃത്തമാണ് ഹൈലൈറ്റ്. വ്യത്യസ്തമായ ലുക്കിലാണ് സൗബിൻ ചിത്രത്തിലെത്തുന്നത്. പ്രശസ്ത തമിഴ് ഗായകൻ ആന്റണി ദാസനാണ് ടീസറിലെ ഗാനം ആലപിച്ചിരിക്കുന്നത്. സൂര്യയുടെ താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലെ ‘സൊടക്കുമേലെ’ എന്ന ഗാനം ആലപിച്ചത് ആന്റണിയാണ്. ദുൽഖർ സൽമാൻ ആണ് അമ്പിളിയുടെ ടീസർ റിലീസ് ചെയ്തത്. അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ ടീസറെന്നാണ് ദുൽഖർ കുറിച്ചത്. സൗബി മച്ചാനും സംഘത്തിനും ആശംസകൾ നേരുന്നുവെന്നും ദുല്‍ഖർ പറഞ്ഞു. ഒറ്റ ഷോട്ടിലാണ് ടീസറിലെ രംഗം ചിത്രീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. 

ദേശീയ സൈക്ലിംഗ് ചാംപ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയുടെയും നാട്ടുകാരുടെയും കഥയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ബോബി കുര്യൻ ആയെത്തുന്നത് നവീൻ നസീം (നസ്രിയ നസീമിന്റെ സഹോദരൻ) ആണ്. പുതുമുഖമായ തൻവി റാം ആണ് നായിക. ഫഹദ് ഫാസിൽ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിലാഷ് ചാക്കോയാണ് പോസ്റ്റർ ഡിസൈൻ. കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പുവാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ. വിഷ്ണു വിജയ് സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശരൺ വേലായുധൻ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...