'താരകപ്പെണ്ണാളേ...'സമരപ്പന്തലിൽ പാട്ടുപാടി ബൽറാം; കയ്യടിച്ച് പ്രവർത്തകർ; വിഡിയോ

balram-song-18
SHARE

യൂണിവേഴ്സിറ്റി കോളജ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസി‍ഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം തുടരുകയാണ്. പ്രവർത്തകര്‍ക്ക് പിന്തുണയുമായി വിടി ബൽറാം എംഎൽഎ സമരപ്പന്തൽ സന്ദർശിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർക്കൊപ്പമിരുന്ന് ബല്‍റാം പാട്ടുപാടി. 

'ക്യാംപസിൽ പാട്ടുപാടാനുള്ള സ്വാതന്ത്ര്യം എസ്എഫഐ അനുവദിച്ചുതരേണ്ടതാണെന്ന ധിക്കാരത്തിനെതിരായ സർഗ്ഗാത്മ പ്രതിഷേധമാണിത്. സമരത്തെ അടിച്ചൊതുക്കാനാണ് പിണറായി സർക്കാരിന്റെ ശ്രമമെങ്കിൽ പ്രബുദ്ധരായ വിദ്യാർഥി സമൂഹം അത് അംഗീകരിച്ചുതരില്ല. സമരവേദിയെ സർഗ്ഗാത്മകമാക്കുക എന്ന ആവശ്യവും ഉയർന്നുവരികയാണ്''- ബൽറാം പറഞ്ഞു. 

നമ്മളാരും ആ നിലക്കുള്ള പാട്ടുകാരല്ലെന്നും എങ്കിലും ഒരാവശ്യം വന്നാൽ പാടാൻ തയ്യാറാണെന്നും പറഞ്ഞുകൊണ്ടാണ് ബൽറാം പാടിയത്. താരകപ്പെണ്ണാളേ എന്ന ഗാനത്തിനൊപ്പം കയ്യടിച്ച് പ്രവർത്തകരും ചേർന്നു. 

ക്യാന്റീനിൽ പാട്ടുപാടിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിനിടയാക്കിയത്. അതേസമയം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മുന്‍ എസ്.എഫ്.ഐ നേതാക്കളെ ഇന്ന് കോളജിലെത്തിച്ചു തെളിവെടുക്കും. മുഖ്യപ്രതികളായ ശിവരജ്ഞിത്ത്, നസീം എന്നിവരെയാണ്  കോളജിലെത്തിച്ച് തെളിവെടുക്കുക. അഖില്‍ ചന്ദ്രനെ വധിക്കാന്‍ ശ്രമിച്ച കത്തി കോളജില്‍ നിന്ന് കണ്ടെടുക്കുകയാണ് ലക്ഷ്യം.

എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ തീരുമാനിച്ചിരുന്നതായി വധശ്രമക്കേസിലെ പ്രതികളായ ശിവരജ്ഞിത്തും നസീമും പൊലീസിന് മൊഴി നല്‍കിയിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന  ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖില്‍ ചന്ദ്രന്‍ അന്വേഷണ സംഘത്തിന് ഇന്നലെ മൊഴി നല്‍കി. കേസില്‍ ഇനിയും അറസ്റ്റിലാവാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച വരെ കോളജിന് അവധി നല്‍കിയിരിക്കുകയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...