‘മമ്മൂട്ടിയായിരുന്നു എന്റെ മനസിൽ രാജാവിന്റെ മകൻ’; പിന്നീട് സംഭവിച്ചത് ചരിത്രം: അഭിമുഖം

mohanlal-mammootty-rajavinta-makan
SHARE

‘KL 07 CJ 2255’.. ഒാരോ മലയാളിക്കും ഒാരോ ആരാധകനും നിരത്തിൽ ഇൗ നമ്പറുള്ള വാഹനം കണ്ടാൽ ഒന്നു നോക്കിപ്പോകും. വാഹനത്തിനുള്ളിലെ നടനോളം തന്നെ ആഘോഷമായ ഒരു നമ്പർ. ആരാധകർ ഇന്നും മോഹൻലാൽ മാനറിസങ്ങൾ മുഖത്തും ശരീരത്തിലേക്കും ആവാഹിച്ച് ഇൗ ഡയലോഗ് പറയാറുണ്ട്. ‘മൈ ഫോൺ നമ്പർ ഇൗസ് 2255’. ചരിത്രം തിരുത്തിയ മുന്നേറ്റങ്ങൾക്ക് ആഴം കൂട്ടിയ മോഹൻലാൽ എന്ന നടന്റെ ജീവിതത്തിലെ ആ വലിയ സിനിമയ്ക്ക് ഇന്ന് പ്രായം 33. 

രാജാവിന്റെ മകൻ എന്ന സിനിമ തിയറ്ററിലെത്തിയിട്ട് മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ആ സിനിമ മലയാളിക്ക് പ്രിയപ്പെട്ടതായി നിൽക്കുന്നു. ഒപ്പം മോഹൻലാൽ എന്ന നടനും. സംവിധായകൻ തമ്പി കണ്ണന്താനം കഴിഞ്ഞ വർഷം വിട പറഞ്ഞപ്പോൾ മോഹൻലാൽ പങ്കുവച്ച ഒാർമകളിലും രാജാവിന്റെ മകൻ എന്ന സിനിമ ഉണ്ടായിരുന്നു. ഇൗ സിനിമ റീമേക്ക് ചെയ്യണം എന്ന മോഹം ഇപ്പോഴും അവശേഷിക്കുന്നതായി അന്ന് മോഹൻലാൽ പറഞ്ഞിരുന്നു. സിനിമയുടെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

ഒരു നൂറാവർത്തി പറഞ്ഞ കാര്യങ്ങളാണ്. പക്ഷേ ഒാരോ വർഷം കഴിയുമ്പോഴും ആ ഒാർമകൾ കേൾക്കാൻ ആളുകൾ കൂടുന്നത് അഭിമാനമാണ്. ഇപ്പോഴും രാജാവിന്റെ മകനെ ജനം ഇങ്ങനെ ചേർത്ത് നിർത്തുന്നത് കാണുമ്പോൾ തിരക്കഥാകൃത്ത് എന്ന നിലയിൽ അതിയായ സന്തോഷമുണ്ട്. മമ്മൂട്ടിയായിരുന്നു എന്റെ മനസിൽ രാജാവിന്റെ മകൻ. പക്ഷേ അന്ന് അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല. കഥ ഇഷ്ടപ്പെട്ടെങ്കിലും മറ്റ് ചില പ്രശ്നങ്ങൾ കൊണ്ട് അദ്ദേഹത്തിന് ഇൗ സിനിമയോട് സഹകരിക്കാൻ കഴിഞ്ഞില്ല. ഇൗ സിനിമ ഉണ്ടാവുന്നത് തന്നെ സംവിധായകൻ തമ്പി കണ്ണന്താനത്തിന് വേണ്ടിയാണ്. ഒരു പരാജയപ്പെട്ട സംവിധായകൻ എന്ന പേര് മാറ്റിയെടുക്കണം എന്ന അദ്ദേഹത്തിന്റെ വാശിയാണ് ഇൗ സിനിമയുടെ ആദ്യ അടിത്തറ.

സിനിമ എഴുതി തുടങ്ങിയപ്പോൾ തമ്പിയുടെ മനസിലും എന്റെ മനസിലും മമ്മൂട്ടിയായിരുന്നു വിൻസെന്റ് ഗോമസ്. അതിനൊപ്പം തമ്പിയെ വിശ്വസിച്ച് ഒരു സിനിമ നിർമിക്കാൻ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ അദ്ദേഹം തന്നെ ഇൗ സിനിമ നിർമിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാതെ വന്നത്. അങ്ങനെ ഞങ്ങൾ അന്ന് മമ്മൂട്ടി കഴിഞ്ഞാൽ രണ്ടാമത് നിൽക്കുന്നത് മോഹൻലാലാണ്. അങ്ങനെ അയാളെ കാണാൻ പോയി. ഇപ്പോൾ ചിലർ പറയുന്നു മോഹൻലാലിനെ സൂപ്പർതാരമാക്കിയത് രാജാവിന്റെ മകനാണെന്ന്. എന്നാൽ അങ്ങനെ ഒരു അവകാശവാദം എനിക്കില്ല. അതിന് മുൻപ് തന്നെ അയാൾ വിലയുള്ള താരമായിരുന്നു. അന്ന് മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ മോഹൻലാൽ എന്ന പേരായിരുന്നു എല്ലാവരുടെയും മനസിൽ. അങ്ങനെ മോഹൻലാലിനോട് കഥ പറയാൻ ചെന്നു.

അന്ന് ലാൽ പത്മരാജന്റെ ഒരു സിനിമയുടെ സെറ്റിലാണ്.  ഞാൻ ആദ്യമായിട്ടാണ് ലാലിനെ കാണാൻ പോകുന്നത്. കഥ പറയാൻ എപ്പോൾ വരണമെന്ന് ചോദിച്ചപ്പോൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു മറുപടി. വേണ്ട കഥ കേൾക്കണ്ട. നിങ്ങളെ വിശ്വാസമാണ്. ഞാൻ റെഡി. ആ ഉറപ്പാണ് ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും മുന്നോട്ടുപോകാൻ തമ്പിക്ക് പ്രചോദനമായത്. സിനിമ പൂർത്തിയാകുമ്പോഴേക്കും തമ്പിയുടെ കാർ വരെ വിൽക്കേണ്ടി വന്നിരുന്നു. പക്ഷേ അപ്പോഴും അയാൾ പതറാതെ നിന്നത് രാജാവിന്റെ മകനിലുള്ള വിശ്വാസം കൊണ്ടായിരുന്നു.

ഇൗ 2255 എന്ന നമ്പറിലേക്ക് എത്തിയതെങ്ങനെ?

അതങ്ങനെ കൃത്യമായി പ്ലാൻ ചെയ്തതല്ല എന്നതാണ് സത്യം. ഒരു ഫാൻസി നമ്പർ വേണമെന്ന് തോന്നി എഴുതി വന്നപ്പോൾ അത് 2255 എന്നായി. പിന്നീട് അതിത്ര ഹിറ്റാകുമെന്ന് ഞാൻ കരുതിയില്ല. ഇപ്പോൾ ലാലിന്റെ വാഹനത്തിന്റെ നമ്പർ അതാണ്. അതിനൊപ്പം അന്ന് ഇൗ സിനിമ വിതരണം ചെയ്ത ജൂബിലി പ്രൊഡക്ഷൻസിന്റെ ഉടമയുടെ ഇപ്പോഴത്തെ പുതിയ ഇന്നോ‌വയുടെ നമ്പറും ഇതാണ്. അങ്ങനെ 2255 ഒരു ഭാഗ്യനമ്പറായി മാറിയത് അവിചാരിതമാണ്.

സിനിമയുടെ റീമേക്ക് മോഹൻലാൽ ആഗ്രഹിച്ചിരുന്നോ?

തീർച്ചയായും മോഹൻലാലും തമ്പി കണ്ണന്താനവും ആന്റണി പെരുമ്പാവൂരും ചേർന്ന് ഇൗ സിനിമ റീമേക്ക് ചെയ്യുന്ന കാര്യം എന്നോട് സംസാരിച്ചിരുന്നു. ലാൽ അത്ര താത്പര്യമാണ് സിനിമ റീമേക്ക് ചെയ്യാൻ കാണിച്ചത്. ആറുവർഷങ്ങൾക്ക് മുൻപ് തന്നെ സ്ക്രിപ്റ്റ് പൂർത്തിയാക്കി ഞാൻ തമ്പി കണ്ണന്താനത്തെ ഏൽപ്പിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. എന്താണ് അതിന് പിന്നിലുള്ള കാര്യമെന്ന് ഇപ്പോഴും അറിയില്ല. അത് പൂർത്തിയാക്കാൻ തമ്പി നമ്മോടൊപ്പം ഇല്ല എന്നതും വേദനിപ്പിക്കുന്ന ഒന്നാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...