‘ഞാന്‍ വിളിച്ചു; വിജയ് സേതുപതി വന്നു’: മുഴുനീള വേഷത്തില്‍ മക്കള്‍ സെല്‍വന്‍; വിഡിയോ

jayaram-vijay-film
SHARE

‘എനിക്ക് എല്ലാത്തിനോടും പ്രണയമാണ്. കാറ്റിനോട്, പുഴകളോട്, മനുഷ്യരോട് സ്വപ്നങ്ങളോട്.. അങ്ങനെ അങ്ങനെ എല്ലാത്തിനോടും..’ മത്തായിയുടെ ഇൗ ഉത്തരത്തിന് മക്കൾ സെൽവൻ പറയുന്ന മറുപടി ഇങ്ങനെ. ‘സാർ നീങ്ക പെരിയ കാതൽ മന്നൻ. ഞാനും അങ്ങനെയാണ്..’ ഇൗ കാലഘട്ടത്തിൽ ‘റേഡിയോ’ തരംഗമാകുന്ന പ്രണയത്തെ ദൃശ്യങ്ങളുടെ മികവിനൊപ്പം ചേർത്ത് നിർത്തുന്നു മാർക്കോണി മത്തായി. വിജയ് സേതുപതി എന്ന മെഗാതാരത്തെ അതേ പേരിൽ തന്നെ തന്നെ സിനിമയിൽ മുഴുനീള കഥാപാത്രമായി അവതരിപ്പിക്കുന്നു എന്നതുതന്നെ ഈ സിനിമയുടെ സവിശേഷത. സിനിമയ്ക്കൊപ്പം ചേർന്ന് നിൽക്കാനും അതിനൊപ്പം യാത്ര ചെയ്യാനും മക്കൾ സെൽവന് കൃത്യമായി കഴിഞ്ഞിരിക്കുന്നു. ഒരു അതിഥി താരം എന്ന ലേബലിന് അപ്പുറം വിജയ് സേതുപതി എന്ന നടനെയും മനുഷ്യനെയും മാർക്കോണി മത്തായി കടംകൊണ്ടിരിക്കുന്നു. നമ്പർ 20 മദ്രാസ് മെയിലിലെ മമ്മൂട്ടിയെ പോലെ. 

പ്രായമാകാത്ത പ്രണയം പോലെതന്നെ  പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിക്കുകയാണ് മത്തായി. കേട്ടുമറന്ന് പ്രണയക്കഥകളെ പുതിയ കാലഘട്ടത്തിനൊപ്പം പടച്ചുയർത്തുന്നു സിനിമ. മലയാള സിനിമയെ ഒരുകാലത്ത് നിറഞ്ഞ് നിന്ന പ്രണയരംഗങ്ങൾ ഇതിലുണ്ട്. റേഡിയോയിലൂടെ കഥ മുന്നേറുമ്പോൾ ആ പഴമയിലെ ആ പ്രണയകാലത്തെ കൂട്ടുപിടിക്കുന്നു സിനിമയും. മത്തായി എന്ന ജയറാം കഥാപാത്രം ചില ഒാർമപ്പെടുത്തലുകളാണ്. പറയാൻ മടിക്കുന്ന പ്രണയം നിറച്ച കാമുകൻമാരുടെ, പെണ്ണുകിട്ടാതെ പുരനിറഞ്ഞ കുറേ ആണുങ്ങളുടെ... അവരുടെ സ്വാതന്ത്ര്യവും സൗഹൃദങ്ങളുമാണ് മത്തായി എന്ന കഥാപാത്രത്തിൽ. ‘നീ എന്താടാ മത്തായി ഇങ്ങനെ കെട്ടാച്ചരക്കായി പോയേ..’ എന്ന ചോദ്യത്തിനൊപ്പമാണ് ശബ്ദമായി വിജയ് സേതുപതിയുടെ വരവ്.

മത്തായിയുടെ നൻമയും പേടിയും വിഡ്ഢിത്തങ്ങളും സിനിമയെ മുന്നോട്ടുനയിക്കുന്നു. ഛായാഗ്രാഹകന്‍ കൂടിയായിരുന്ന സംവിധായകൻ സനില്‍ കളത്തില്‍ ദൃശ്യമികവിന് കൂടുതൽ ശ്രദ്ധ വച്ചതിന്റെ ഗുണം സിനിമയില്‍ വ്യക്തമാകും.

ജോസഫ് എന്ന ചിത്രത്തിൽ നിന്നും നായിക ആത്മീയ മാർക്കോണി മത്തായിലെത്തുമ്പോൾ പ്രണയം നിറയുന്ന അന്നയാണ്. അവളുടെ കണ്ണിലും നോട്ടത്തിലും സംസാരത്തിലും മാത്തായിക്ക് തോന്നുന്ന പ്രണയം കണ്ടിരിക്കുന്ന പ്രേക്ഷകന്റെ ഖൽബിലും ആത്മീയ നിറയ്ക്കുന്നു. പ്രണയം തൂത്തുവാരുന്ന ചൂലും അതിന് കാവൽ നിൽക്കുന്ന തോക്കും തമ്മിലുള്ള പ്രണയത്തിന്റെ കുഞ്ഞിക്കഥ കൂടിയാണ് മാർക്കോണി മത്തായി.

സിനിമയുടെ വിശേഷങ്ങള്‍ ജയറാമും നടി ആത്മീയയും സംവിധായകന്‍ സനല്‍ കളത്തിലും മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...