സിനിമ ഉപേക്ഷിച്ച് പ്രവാസിയായി; ബ്ലെസി തിരികെയെത്തിച്ചു: ആ ‘ഭ്രമര’ക്കഥ

muraligopi-bhramaram
SHARE

മോഹൻലാലിന്റെ അഭിനയജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായ ഭ്രമരം ഇറങ്ങിയിട്ട് ഇന്നേക്ക് പത്താണ്ട് തികഞ്ഞു. ഭ്രമരത്തെക്കുറിച്ചുള്ള ഓർമകൾ നടൻ മുരളീഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമ ഉപേക്ഷിച്ച് സ്വയം പ്രവാസജീവിതം തിരഞ്ഞെടുത്ത തന്നെ വീണ്ടും സിനിമയിലേക്ക് മടക്കിക്കൊണ്ടുവന്നത് ബ്ലെസിയാണെന്ന് മുരളീഗോപി നന്ദിയോടെ സ്മരിക്കുന്നു. ബ്ലെസിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ഭ്രമരത്തെക്കുറിച്ചുമുള്ള കുറിപ്പ് ഇങ്ങനെ:

'ഭ്രമരം' തിയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകൾ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടൻ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്ക്കോട്ട് ഹോട്ടലിൽ എന്നെ ഇരുത്തി, അദ്ദേഹം, ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു. 'ഭ്രമരത്തിൽ' ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സിൽ കണ്ടതെന്നും അത് ഞാൻ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. 

“ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?” എന്ന ചോദ്യത്തിന് “വേണം” എന്ന ഒറ്റ വാക്കിൽ മറുപടി. ആ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിറഞ്ഞു നിന്ന സർഗാത്മകതയുടെയും സ്നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നിൽ “എന്നാൽ ശരി” എന്ന് മാത്രമേ പറയാനായുള്ളൂ. ഇന്നും നടിക്കുന്ന ഓരോ ഷോട്ടിന് മുൻപും എഴുതുന്ന ഓരോ വാക്കിന് മുൻപും, മനസ്സിൽ താനേ കുമ്പിടുന്ന ഓർമ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്. “ഞാൻ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാൻ അല്ലെങ്കിൽ മറ്റൊരാൾ, അത്രേയുള്ളൂ...” എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. പക്ഷെ, വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം...ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...