പറയാനുള്ളത് പറയും: മോഹൻലാൽ ആരാധകരെ നിയന്ത്രിച്ചില്ല; വിമർശിച്ച് കുറിപ്പ്

mohanlal-hareesh-post
SHARE

രണ്ടുദിവസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും പങ്കെടുത്ത വേദിയിൽ മോഹൻ‌ലാൽ ആരാധകരുടെ ആർപ്പുവിളി സമൂഹമാധ്യമങ്ങൾ വലിയ ചർച്ചയാക്കിയിരുന്നു. മുഖ്യമന്ത്രി വേദിയിൽ വച്ചുതന്നെ നടത്തിയ പരാമർശങ്ങളാണ് പലരും ഏറ്റെടുത്തത്. മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ബഹുമാനം നൽകാതെയുള്ള ഫാൻസിന്റെ ഇൗ പെരുമാറ്റം ശരിയായില്ല എന്ന വിമർശനങ്ങളും ഉയർന്നിരുന്നു. ഇക്കാര്യം മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് നടൻ ഹരീഷ് പേരടി. മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു എന്നാണ് ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. 

‘മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടിയായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു. അതല്ലെങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം. ലോക സിനിമയിലെ നല്ല പത്ത് നടൻമാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിക്കുന്നു.’ ഹരീഷ് കുറിച്ചു.

മോഹൻലാൽ ആരാധകരോട് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ: ഇതു സാധാരണ ഉണ്ടാവുന്നതാണ്. ‘ഇതും നമ്മുടെ ഒരു പ്രത്യേകതയാണ്. നമ്മൾ നാടിന്റെ ഭാഗമായ കാര്യങ്ങൾ ആലോചിക്കുമ്പോൾ ചിലർ ഒരു ചെറിയ വൃത്തത്തിൽ ഒതുങ്ങി നിൽക്കും. അതിനപ്പുറം ഒന്നുമില്ല. മോഹൻലാൽ എന്ന മഹാനടൻ നമ്മുടെ അഭിമാനമാണ് അദ്ദേഹത്തോട് സ്നേഹമാണ് അംഗീകരിക്കുകയാണ്. ഇൗ ഒച്ചയിടുന്നവർ‌ക്ക് അതിനപ്പുറം ഒന്നുമില്ല. അവർ ഇത് അവസാനിപ്പിക്കുകയുമില്ല. ഇത് പ്രായത്തിന്റെ ഒരു പ്രത്യേകതയായിട്ട് കണ്ടാമതി..’ പിണറായി വിജയൻ പറഞ്ഞു. മഹാഭാരതം സിനിമയാക്കാനൊരുങ്ങുന്ന വ്യവസായി ബി.ആർ. ഷെട്ടിയും വേദിയിലുണ്ടായിരുന്നു. ഭീമനായി മോഹൻലാൽ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം പിണറായി വിജയൻ പറഞ്ഞ കാര്യങ്ങളൊന്നും പരാമര്‍ശിക്കാതെയായിരുന്നു നടന്‍ മോഹന്‍ലാലിന്റെ പ്രസംഗം.  

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു. അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു.... അതല്ലങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം... ലോക സിനിമയിലെ നല്ല പത്ത് നടൻമാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് ... എന്റെ ഈ പോസ്റ്റിന് ഫാൻസിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു.ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോൾ നിങ്ങളുടെ പൂച്ചെണ്ടുകൾ ഞാൻ ഏറ്റു വാങ്ങിയിട്ടുണ്ട്. അതിന് നന്ദിയും പറയുന്നു.എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...