‘ഒരുമിച്ച് ഒരു സീൻ പോലുമില്ലേ?’; തിരിച്ചുവരവിൽ കേട്ട ചോദ്യം; പൂർണിമ പറയുന്നു

poornima-new
SHARE

പൂര്‍ണ്ണിമയുടെ ചിരിയെ മലയാളികാഴ്ചക്കാര്‍ ഹൃദയത്തിലേറ്റിയിട്ട് പതിറ്റാണ്ടുകള്‍ പലതായി. പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരികെ എത്തുമ്പോഴും അതേ ഇഷ്ടം ആ ചിരിയോടും ചിരിയുടെ ഉടമയോടും മലയാളത്തിനുണ്ട്. പ്രിയ നായികയും നടൻ ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂർണിമ ഇന്ദ്രജിത്ത് തിരശീലയില്‍ ഇല്ലായിരുന്നെങ്കിലും കാഴ്ചയില്‍ നിറസാന്നിധ്യമായി ഉണ്ടായിരുന്നു. ഇക്കാലയളവിൽ അവതാരകയായും കോസ്റ്റ്യൂം ഡിസൈനറുമായും ഒക്കെ പൂർണിമ പ്രേക്ഷകരോട് ചേർന്ന് തന്നെ നിന്നു. 

ഇപ്പോഴിതാ കേരളത്തെ പിടിച്ചുലച്ച നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു ഒരുക്കിയ വൈറസിലൂടെ പൂർണിമ ബിഗ് സ്ക്രീനില്‍ തിളങ്ങുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കയ്യടി നേടുകയും ചർച്ചയായി കൊണ്ടിരിക്കുകയുമാണ്. കേരളം അത്രമാത്രം കണ്ടും അനുഭവിച്ചും അറിഞ്ഞ വിഷയത്തെ അഭ്രപാളിയിൽ എത്തിക്കുന്ന സിനിമയിലെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും സംവിധായകൻ ഭംഗിയായാണ് നിർവഹിച്ചിരിക്കുന്നതെന്ന് ഒന്നടങ്കം വാഴ്ത്ത്. കയ്യടി നേടുന്ന പ്രകടനമാണ് പൂർണിമയുടേതും. തിരിച്ചുവരവിലെ ഈ സന്തോഷം പൂർണിമ മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവയ്ക്കുന്നു.

തിരിച്ചുവരവിലെ ഭാഗ്യം

സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിക്കുന്നുവെന്നതാണ് വലിയ സന്തോഷം. സിനിമ കണ്ടിറങ്ങിയവരെല്ലാം നേരിട്ട് വിളിച്ച് അഭിനന്ദിക്കുമ്പോൾ സന്തോഷം, ഒരു നടിയുടെ രണ്ടാം വരവിൽ കിട്ടാവുന്ന മികച്ച കഥാപാത്രം തന്നെയാണ് എനിക്ക് കിട്ടിയിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഞാന്‍ ഭാഗ്യവതിയാണ്. ഇടവേളയ്ക്ക് ശേഷം അഭിനയിച്ചിരിക്കുന്നത് വളരെയധികം സാമൂഹിക പ്രസക്തിയുള്ള സിനിമയിലാണ്. ഇതിൽ എന്നെ തിരഞ്ഞെടുത്തവരെ എന്നും നന്ദിയോടെ ഞാൻ ഓർക്കും. കാരണം അഭിനേത്രി എന്ന രീതിയിലും വ്യക്തി എന്ന രീതിയിലും ഒരുപാട് അറിവ് പകർന്ന് നൽകിയിരിക്കുന്ന ചിത്രമാണ് വൈറസ്.

വൈറസിലെ പൂർണിമ

ഇത് ശരിക്കും യഥാർത്ഥ ജീവിതത്തിലെ നായകന്മാരെ പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്ന സിനിമയാണ്. സിനിമ കണ്ട പലരും അത് വീണ്ടും പോയി കാണുന്നുണ്ട്. കാരണം ഇതിൽ പല കാര്യങ്ങളും ഒളിഞ്ഞിരിക്കുന്ന സിനിമയാണ്. പല കാര്യങ്ങൾ കൂട്ടിക്കലർത്തിയതാണ് ഓരോ ഷോട്ടുകളും. എന്നാൽ ഇതിൽ ഫിക്ഷനും ഉണ്ട്. ഡ്രാമാ ഉണ്ട്. ജനങ്ങളെ അത് ആസ്വാദനത്തിന്റെ വേറൊരു തലത്തിൽ എത്തിക്കുന്നു, ഞാൻ ഇതിൽ സ്മൃതി ഭാസ്കർ എന്ന ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ വേഷത്തിലാണ് എത്തുന്നത്. നിപാ ബാധിതസമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച നാല് മെഡിക്കൽ ഉദ്യോഗസ്ഥരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപപ്പെടുത്തിയ വേഷമാണ്. അവർ ആ സമയത്ത് അതിജീവിക്കനായി എന്തെല്ലാം ചെയ്തുവെന്ന് തിരക്കഥാകൃത്തുക്കളും സംവിധായകനും കൃത്യമായി റഫർ ചെയ്തിരുന്നു. അവർ പറഞ്ഞതനുസരിച്ച് ആ റോളിൽ ഞാൻ അഭിനയിക്കുകയായിരുന്നു. 

'ഒരുമിച്ച് ഒരു സീൻ പോലുമില്ലല്ലോ'?

നിപ സമയത്ത് പ്രവർത്തിച്ച മറ്റൊരു ഡോക്ടറിന്റെ വേഷമാണ് ഇന്ദ്രജിത്ത് സിനിമയിൽ ചെയ്യുന്നത്. ഞങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ സീനുകളില്ല എന്നത് ശരിയാണ്. പക്ഷേ അതിന് വലിയ പ്രസക്തി ഇല്ല. കല്യാണത്തിന് ശേഷം ആദ്യമായി അഭിനയിക്കുന്ന സിനിമയിൽ ഒരുമിച്ച് ഒരു സീൻ ഇല്ലേ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. പക്ഷേ ഇവിടെ ഞങ്ങൾ രണ്ടുപേരും അഭിനേതാക്കളാണ്, കഥാപാത്രങ്ങളാണ്. തിരക്കഥ ആവശ്യപ്പെടുന്നതുപേലെ ചെയ്യുക എന്നതാണ് ഇവിടെ പ്രധാനം. ഇക്കാര്യം സിനിമ കണ്ടവർക്ക് മനസ്സിലാകും. ഇത് അത്തരത്തിലൊരു സിനിമയാണ്. ഇവിടെ വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യമില്ല. 

വലിയ ടീം നൽകിയ കംഫർട്ട്

ഇത്രയും വലിയ ടീമിനൊപ്പം പ്രവർത്തിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. ആകാംക്ഷയോടുകൂടി തന്നെയാണ് ഈ സിനിമയിൽ പ്രവർത്തിച്ചത.് എന്നാൽ കഴിയുന്ന രീതിയിൽ നന്നായി ചെയ്യണം എന്ന് ഉറപ്പിച്ചിരുന്നു. ഇതിൽ ഭാഗമായിട്ടുള്ള എല്ലാവരുമായും നല്ല അടുപ്പമാണ്. ആഷിഖും റിമയും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ വലിയ കംഫർട്ട് ആയിരുന്നു. വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്നുവെന്ന പരിഭ്രമം കുറയ്ക്കാൻ ഇതൊക്കെ സഹായമായി. പിന്നെ ഈ സിനിമയിൽ വന്ന് പോകുന്ന ഓരോരുത്തരും അവരുടെ 'ബെസ്റ്റ്' ആണ് കാഴ്ചവച്ചിരിക്കുന്നത്. ആദ്യമായി സിനിമയിൽ അഭിനയിക്കുന്നവർ പോലും. സത്യസന്ധമായാണ് എല്ലാവരും സിനിമയെ സമീപിച്ചത്. 

ഇനിയും സിനിമ ചെയ്യും

രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം തുറമുഖമാണ് ഇനി വരാനുള്ള സിനിമ. ഇതും ഒരു സ്പെഷ്യൽ സിനിമയാണ്. സംഭവിച്ച കഥയാണ് ഇതിലും പറയുന്നത്. വളരെ ചലഞ്ചിങ്ങായ റോളാണ് എനിക്ക്. ഈ സിനിമയിലും ഇന്ദ്രൻ ഉണ്ട്, പക്ഷേ ഞങ്ങൾക്ക് ഒരുമിച്ച് സീനൊന്നുമില്ല. തിരിച്ചു വരവിൽ നല്ല വേഷങ്ങൾ കിട്ടുക എന്നതാണ് വലിയ ഭാഗ്യം. അതും പ്രതിഭാശാലികളായ പലരും അരങ്ങുവാഴുന്ന സമയത്ത്. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ ഉറപ്പായും സിനിമയുമായി മുന്നോട്ട് പോകും. വിവാഹത്തിന് മുൻപ് അഭിനയിച്ച ചിത്രങ്ങളും ഇപ്പോൾ ലഭിക്കുന്നതും തമ്മിൽ ഞാൻ താരതമ്യം ഒന്നും ചെയ്യില്ല. കാരണം ഇതൊക്കെ ഒരു ഒഴുക്കിന്റെ ഭാഗമാണല്ലോ. 

കൂട്ടായി കുടുംബം

ചലഞ്ച് സ്വീകരിച്ച് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. ഇപ്പോഴത്തെ സന്തോഷം ആസ്വദിക്കണം. അതിന് എല്ലാ പിന്തുണയും തന്ന് എന്റെ കുടുംബവും ഒപ്പമുണ്ട്. എന്റെ വീട്ടിലാണെങ്കിലും കല്യാണം കഴിച്ചെത്തിയെ വീട്ടിലാണെങ്കിലും എല്ലാവരും കലയെ സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ്. മക്കളും അങ്ങനെ തന്നെ. പിന്നെ 'പുതിയ സിനിമ കണ്ടിരുന്നു, അഭിനയം നന്നായി' എന്ന തരത്തിലുള്ള ഉപചാരപൂർവമുള്ള സംസാരം ഒന്നുമില്ല. സിനിമ കണ്ടാൽ പൊതുവായ അഭിപ്രായം പറയും. പ്രേക്ഷകർ എങ്ങനെയാണോ അഭിപ്രായങ്ങൾ പറയുന്നത്, അതുപോലെ തന്നെ. സന്തോഷം വാക്കുകളിൽ നിറച്ച് പൂർണിമ പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...