മരണഭയം തളം കെട്ടിയ ഇടനാഴികൾ; 'വൈറസ്' കണ്ട് ആദ്യ മെസേജ് നിനക്ക്; കുറിപ്പ്

virus-real-life
SHARE

നിപ കാലത്തെ തിരശീലയിലാക്കിയ വൈറസ് വിജയകരമായ പ്രദർശനം തുടരുകയാണ്. ബിഗ് സ്ക്രീനിലെ ബ്രില്യൻസിനെ കണ്ടവർ വാഴ്ത്തുമ്പോഴും പേരാമ്പ്രക്കാർക്ക് ഇത് സിനിമയല്ല, ജീവിതം തന്നെയാണ്. കഥയിലെ ഓരോ അടരുകൾ കാണുമ്പോഴും നേരിട്ടറിഞ്ഞ അനുഭവങ്ങള്‍ അറിയാതെ ഒരിക്കൽ കൂടി ഇവർ ഓർക്കാറുണ്ട്. അത്തരത്തിലൊരു കുറിപ്പാണ് ദേവ്‌രാജ് േദവൻ എന്ന ഫോട്ടോഗ്രഫർ തന്റെ സുഹൃത്തായ നഴ്സിനെക്കുറിച്ച് എഴുതിയത്. നിപ്പ ബാധയുടെ സമയത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിൽ നഴ്സ് ആയിരുന്ന പെൺകുട്ടി അനുഭവിച്ച ഒറ്റപ്പെടലും അതിജീവനവും ദേവ്‌രാജ് വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്തുന്നു. 

ദേവരാജന്‍റെ കുറിപ്പ്:

''ഒരു വർഷം മുൻപാണ് ഒരു വൈകുന്നേരം കോഴിക്കോട് മെഡിക്കൽ കോളജിൽ വർക്ക് ചെയ്യുന്ന എന്റെ കൂട്ടുകാരിയുടെ മെസ്സേജ് , “നീ എവിടാ''?

ഷോപ്പിലുണ്ട് (അന്നെനിക്ക് സ്റ്റുഡിയോ ഉള്ള സമയമാണ്?

‘കുറച്ച് ദിവസത്തേക്ക് യാത്രയൊന്നും വേണ്ടാ ഇവിടെ ആകെ പ്രശ്നമാണ്’

അതായിരുന്നു നിപ്പയെക്കുറിച്ച് ഞാനാദ്യം കേൾക്കുന്ന വാർത്ത. അന്ന് ഞാൻ തൊട്ടടുത്ത ദിവസം പോകാനുദ്ദേശിക്കുന്ന യാത്രയെക്കുറിച്ച് പറഞ്ഞപ്പോ വല്ലാണ്ട് ചീത്തപറഞ്ഞത് ഓർമയിലുണ്ട്.

“ഇത് നീ കരുതും പോലല്ല”

രോഗത്തെക്കുറിച്ചോ അതിന്റെ ഭീകരതയെ കുറിച്ചോ എനിക്കറിയില്ലായിരുന്നു. അവിടുന്നങ്ങോട്ട് പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും നിപ്പയെക്കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരുന്നു. മരണസംഘ്യകൾ കൂടിക്കൊണ്ടിരുന്നു.

നമ്മളാവട്ടെ പാലക്കാട് സേഫ് സോണാണെന്ന സ്ഥിരം വിശ്വാസത്തിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ വാർത്തകളെ വല്യ കാര്യമാക്കാണ്ട് മുന്നോട്ട് പോയി. പിന്നെയൊക്കെ അവളുടെ മെസ്സേജിലൂടെ ആണ് വിവരങ്ങൾ അറിയുന്നത്. 

ലിനി സിസ്റ്ററിനെ കൊണ്ടുവന്നപ്പോ അവളുണ്ടായിരുന്നു കാഷ്വാലിറ്റിയിൽ. “എന്തോ വലിയ വൈറസ് ആണെന്നും അവരോടെല്ലാം പ്രൊട്ടക്ഷൻ എടുക്കണമെന്നും” സിസ്റ്റർ പറഞ്ഞിരുന്നതായി അവളെന്നോട് പറഞ്ഞിട്ടുണ്ട്. 

പിന്നീടാണ് അവർ മരിക്കുന്നതും അവരെഴുതിയ കത്തൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും അവരെക്കുറിച്ച് കൂടുതൽ അറിയുന്നതും ,വല്ലാതെ നെഞ്ഞുലഞ്ഞുപോകുന്നതും ഒക്കെ. ആ ദിവസങ്ങളിലൊക്കെ മെസ്സേജ് ചെയ്യുമ്പോൾ ഹോസ്പിറ്റലിന്റെ ഫ്രണ്ടിലെ മരത്തിൽ അതുവരെ സ്ഥിരം കലപില ഉണ്ടാക്കിക്കൊണ്ടിരുന്നു കിളികളിൽ ഒന്നുപോലും ഇപ്പൊ ഇല്ലെന്നും വല്ലാത്തൊരു പേടിപ്പെടുത്തുന്ന സൈലൻസ് ഹോസ്പിറ്റലിനെ ചൂഴ്ന്നു നിൽക്കുന്നതായും അവൾ പറഞ്ഞിട്ടുണ്ട്.

ആ ദിവസങ്ങളിലെ അവളുടെ ഏറ്റവും വലിയ വീർപ്പുമുട്ടൽ അതായിരുന്നു. മരണഭയം താളം കെട്ടിക്കിടക്കുന്ന പച്ചയും ചുകപ്പും വെളിച്ചം കലർന്ന് കിടക്കുന്ന ഇടനാഴികൾ ഇന്നലെ വൈറസിൽ കണ്ടപ്പോ ഞാൻ അവൾ പറഞ്ഞതോർത്തു. ഒരു നിശ്വാസം പോലും അവിടെ എവിടെയുമില്ല. ഹോസ്പിറ്റലിന് പുറത്ത് ബസ്സുകാരൊക്കെ സ്റ്റാഫുകളെ കയറ്റാതെ പോയിരുന്നതും കടകളിൽനിന്നും മറ്റു പൊതു ഇടങ്ങളിൽ നിന്നും അകറ്റി നിർത്തിയതിനെക്കുറിച്ചുമൊക്കെ അവഗണിച്ച് ഹോസ്പിറ്റലിനകത്ത് ഇതെല്ലാം അതിജീവിക്കുമെന്ന ഉറച്ച വിശ്വസത്തിൽ ഒറ്റകുടുംബമായി പ്രവർത്തന നിരതമായി ജീവിച്ച അവളുടെ ആ ദിവസങ്ങളളെ ഇന്നലെ ഞാൻ മുന്നിൽകണ്ടു. 

PPE (personal protective equipmentl)ന്റെ ഭാഗമായി ബ്രീത്ത് എടുക്കാൻ പോലും പ്രയാസമുള്ള N95 മാസ്കിൽ ആയിരുന്നു ഫുൾ ടൈം അവരെല്ലാം ( അന്നവൾ അയച്ച പടമാണ് താഴെ കൊടുത്തിട്ടുള്ളത്). 

വൈറസ് കണ്ടതിനുശേഷം ആദ്യം മെസ്സേജ് ചെയ്യുന്നതും അവൾക്കാണ്. കൂടുതലായൊന്നുമില്ല. ഹാറ്റ്സ് ഓഫ്. അതിനവൾ തന്ന മറുപടി “ഇനിയുണ്ടായാലും നമ്മൾ പൊരുതുക തന്നെ ചെയ്യും” എന്ന ധൈര്യത്തിന്റേതായിരുന്നു. കൂട്ടുകാരീ റെസ്‌പെക്ട് യു ഡിയർ, ലവ് യു.

വെളുത്ത ഉടുപ്പിട്ട മാലാഖമാരെന്നു വെറുതെ ഭംഗിക്ക് എഴുതേണ്ടതും പ്രസംഗിക്കേണ്ടതുമായ ഒരു കൂട്ടമല്ല ഇവരൊന്നും. അർഹിക്കുന്നത് നേടിയെടുക്കാൻ ഇവർക്കൊക്കെ സമരം ചെയ്യണ്ടി വരുന്നത് തന്നെ നാണക്കേടാണ് , ഇവരുടെ സങ്കടങ്ങളെ മാനിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിച്ചുപോകുമ്പോൾ അനുശോചിച്ചിട്ടോ. 

നെടുവീര്‍പ്പെട്ടിട്ടോ എന്ത് കാര്യം?''

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...