ഞാനും മാമാങ്കത്തിന്റെ ഭാഗം; എന്നാൽ അത് ഞാനല്ല; അച്ഛനെ വരെ തിരുത്തേണ്ടിവന്നു: സുധീർ

sudheer-mamakam
SHARE

മാമാങ്കം ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഉണ്ണി മുകുന്ദനെ കണ്ട് താനാണെന്ന് പലരും തെറ്റിദ്ധരിച്ചതായി നടൻ സുധീർ. ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തതോടെ ഫോൺവിളികളുടെയും മെസേജുകളുടെയും ബഹളമായിരുന്നെന്നും സ്വന്തം അച്ഛനെപ്പോലും ഇക്കാര്യത്തിൽ തിരുത്തേണ്ടതായി വന്നെന്നും സുധീർ ഫെയ്സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

സുധീറിന്റെ വാക്കുകൾ: ‘ഇന്നലെ മുതൽ ഫോൺ കോളുകളുടെ ബഹളമാണ്. മാമാങ്കത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും റിലീസ് ചെയ്തിരുന്നു. അതിൽ മമ്മൂക്കയുടെ കൂടെ നിൽക്കുന്നത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് മെസേജ് അയക്കുന്നത്. ഞാനെല്ലാവരെയും തിരുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല, നടൻ ഉണ്ണി മുകുന്ദനാണ് മമ്മൂക്കയ്ക്കൊപ്പമുള്ളത്.

രസകരമായ കാര്യം ഇതൊന്നുമല്ല, എന്റെ അച്ഛൻ പത്രം കണ്ടതിനു ശേഷം വിളിച്ചു, ‘മമ്മൂക്കയുടെ കൂടെ നിന്റെ പടം കണ്ടു, അച്ഛന് സന്തോഷമായി’ എന്നു പറഞ്ഞു. അച്ഛനെ വരെ തിരുത്തേണ്ട അവസ്ഥയിലേയ്ക്കു പോയി കാര്യങ്ങൾ. അതുകൊണ്ടാണ് ഇങ്ങനെ ലൈവിൽ വന്നത്.

ഞാനും മാമാങ്കം സിനിമയുടെ ഭാഗമാണ്. ചിത്രത്തിൽ തെറ്റില്ലാത്തൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അതിൽ മമ്മൂക്കയോടും പപ്പേട്ടനോടും വേണു സാറിനോടും വലിയ കടപ്പാടുണ്ട്. ഈ സിനിമ മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ ഭാഗമായി മാറട്ടെ എന്ന് ആശംസിക്കുന്നു.’–സുധീർ പറഞ്ഞു.

സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും സമാനമായ അനുഭവം ഉണ്ടായിരുന്നു. പോസ്റ്ററിൽ ഉണ്ണി മുകുന്ദനെ കാണുന്നില്ലെന്നായിരുന്നു ആരാധകരുടെ പരാതി. പലരും താരത്തിന് നേരിട്ട് മെസേജ് അയക്കുകയും ചെയ്തു. അവസാനം അത് താനാണെന്ന് ചൂണ്ടിക്കാട്ടി ഉണ്ണി തന്നെ വിശദീകരണവുമായി എത്തി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...