പല കാലം; പല ഭാവം; ഉടയാത്ത ആകാരഭംഗിയില്‍ മമ്മൂട്ടി; അദ്ഭുതാദരങ്ങളോടെ മലയാളം

mammootty-three-pics
SHARE

വടക്കൻ പാട്ടുകളിൽ കേട്ട് പരിചയിച്ച ചതിയൻ ചന്തുവിന്റെ കഥയ്ക്ക് എംടി-ഹരിഹരൻ കൂട്ടുകെട്ട് പുതിയ മാനം നൽകിയ ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. ചന്തുവായി ആര് എന്നുള്ളതിന് മമ്മൂട്ടിയല്ലാതെ മറ്റൊരു ഉത്തരം ഇരുവർക്കുമുണ്ടായിരുന്നില്ല. ചന്തുവിന്റെ പഴയ കഥ പുതിയ രൂപത്തിൽ പറഞ്ഞ സിനിമയ്ക്ക് 30 വയസായി. 1989ൽ വടക്കൻ വീരഗാഥ പുറത്തിറങ്ങി. പത്തു വർഷങ്ങൾക്കിപ്പുറം 2009-ൽ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരൻ കൂട്ട് വെള്ളിത്തിരയിലെത്തിച്ച ചിത്രമാണ് പഴശിരാജ. വീണ്ടും 10 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ഇതിഹാസ ചിത്രമാണ് മാമാങ്കം.  ഈ 30 വർഷങ്ങൾക്കിടയിൽ മലയാള സിനിമ പലരീതിയിൽ മാറി. കഥ പറച്ചിലിലും സാങ്കേതികതയിലുമൊക്കെ ഒരുപാട് മാറ്റങ്ങൾ വന്നു. 1989ൽ ജനിച്ചവർ മുപ്പതുകളുടെ പടിവാതിലിൽ നിൽക്കുന്നു. 

എന്നാൽ ഈ 30 വർഷങ്ങളിൽ മാറാതെ നിൽക്കുന്ന ഒന്നുണ്ട്- മമ്മൂട്ടിയുടെ സൗന്ദര്യം. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന ചൊല്ല് മമ്മൂട്ടിയ്ക്കും ബാധകമാണ്. മാമാങ്കത്തിന്റെ പുറത്തുവന്ന പുതിയ ചിത്രം ഇത് ഊട്ടിയുറപ്പിക്കുന്നു.  ഒരു വടക്കൻ വീരഗാഥയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ പ്രായം 37 വയസാണ്. മാമാങ്കത്തിലേക്ക് എത്തിയപ്പോൾ 67 വയസും. എന്നാൽ ഈ വലിയ കാലയളവ് മമ്മൂട്ടിയിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നുതന്നെ പറയേണ്ടിവരും പുതിയ ചിത്രം കാണുമ്പോൾ. 

ഫെയ്സ്ബുക്കിലെ 10 വർഷ ചലഞ്ച് തുടങ്ങിയ സമയത്ത് ചിലരെങ്കിലും കുറിച്ചിട്ടുണ്ട്, മമ്മൂട്ടി ചലഞ്ച് ഏറ്റെടുത്താൽ ഇപ്പോൾ ഫോട്ടോയിട്ടവരൊക്കെ ഫെയ്സ്ബുക്ക് പൂട്ടുമെന്ന്. കളിയായി പറഞ്ഞ പറച്ചിൽ സത്യമാണെന്ന് തെളിയിക്കുകയാണ് 30 വർഷങ്ങളിലൂടെയുള്ള 3 ചിത്രങ്ങളും. വാൾപയറ്റിലും കുതിരസവാരിയിലും കളരിമുറകളിലും മമ്മൂട്ടി എന്ന നടൻ കാണിച്ച സുഷ്മതയും ആത്മസമർപ്പണവുമാണ് ഒരു വടക്കൻ വീരഗാഥയിലും പഴശിരാജയിലും കണ്ടത്. വീര ഇതാഹസങ്ങളിലെ നായകനാകാൻ മമ്മൂട്ടിയോളം മറ്റൊരാൾ ഇല്ല എന്നു തന്നെ വേണം പറയാൻ. ആകാരസൗഷ്ടവം കൊണ്ടും ശബ്ദം കൊണ്ടും ഭാവം കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ച താരം വീണ്ടുമൊരു ഇതിഹാസ കഥാപാത്രമായി മാറുമ്പോൾ പ്രതീക്ഷകൾ അറിയാതെ വാനോളം ഉയരുകയാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് മാമാങ്കം.

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണെന്ന് സുഹൃത്തും തിരക്കഥാകൃത്തുമായ എസ്.എൻ.സ്വാമി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സിനിമയില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാൻ മമ്മൂട്ടിക്ക് സാധിക്കില്ല. സിനിമ എന്ന പ്രണയം നഷ്ടമാകാതിരിക്കാൻ എന്ത് ത്യാഗം സഹിക്കാനും അദ്ദേഹം തയാറാണെന്നും എസ്.എൻ.സ്വാമി പറഞ്ഞിട്ടുണ്ട്. സിനിമയെ മമ്മൂട്ടി എന്ന താരം എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസിലാകാൻ മാമാങ്കത്തിന്റെ പുറത്തുവിട്ട പുതിയ ചിത്രം മാത്രം മതിയാകും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...