ധീരയോദ്ധാവായി മമ്മൂട്ടി; ആവേശമേറ്റി ‘മാമാങ്കം’ ഫസ്റ്റ് ലുക്ക്; ഇളക്കിമറിച്ച് വരവേൽപ്

mamankam-poster
SHARE

മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് പറയുന്നത്. ധീര യോദ്ധാവിന്റെ പൗരുഷത്തോട് കൂടിയാണ് മമ്മൂട്ടിയെ പോസ്റ്ററിൽ കാണാനാകുക. പോസ്റ്റർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം ആരാധകർ അത് ഏറ്റെടുത്തിരിക്കുകയാണ്. ചരിത്ര സിനിമകൾ എന്നും മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമായിരിക്കുമെന്നും സിനിമ പുറത്തു വരാനായി കാത്തിരിക്കുകയാണെന്നുമാണ് ആരാധകർ കുറിക്കുന്നത്.

കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്  കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി  മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും ഇതെന്നാണ് കണക്ക്.  മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്. ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ,  മാസ്റ്റർ അച്ചുതൻ തുടങ്ങി. വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് നായികമാർ. മനോജ് പിള്ളയാണ്  ഛായാഗ്രഹകൻ.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി  മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിട്ടുള്ളത്. മരടിൽ  എട്ടേക്കർ ഭൂമിയിൽ നിർമ്മിച്ച ഭീമാകാരമായ മാളികയിൽ വെച്ചാണ്  ചിത്രത്തിലെ നിർണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്. നെട്ടൂരിലെ സെറ്റിൽ അവസാനഘട്ട ചിത്രീകരണം തുടരുകയാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...