ആരാണ് പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പമുള്ള ആ കുഞ്ഞു യോദ്ധാവ്..? ഇതാ മാമാങ്കത്തിലെ ചന്തുണ്ണി..!

mammootty-child-viral-poster
ചിത്രം കടപ്പാട്: വെള്ളിനക്ഷത്രം
SHARE

‘മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരത്തിൽ നാവായിൽ..’ മലയാളത്തിൽ ഏറെ പ്രസിദ്ധമായ പാട്ടിലെ വരികളുടെ കഥ വെള്ളിത്തിരിയിലെത്താൻ ഇനി കാത്തിരിപ്പാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ് മാമാങ്കം. ഇന്ന് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം വൈറലായി കഴിഞ്ഞു. എന്നും ചരിത്ര സിനിമയ്ക്കൊപ്പം മമ്മൂട്ടി എത്തുമ്പോൾ പുതിയ ചരിത്രം തന്നെയാണ് തീയറ്ററിൽ പിറക്കാറുള്ളത്. ഇതിന് പിന്നാലെ മാമാങ്കത്തിൽ താരത്തിന്റെ ലുക്കും ചർച്ചയായി കഴിഞ്ഞു. വടക്കന്‍ പാട്ടിലെ ചന്തുവിനെ ഓര്‍മിപ്പിക്കുന്നു മമ്മൂട്ടിയുടെ ലുക്കെന്നാണ് ആരാധക സംസാരം.

പുറത്തിറങ്ങിയ പോസ്റ്ററിൽ പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ഒരു കുഞ്ഞുതാരവുമുണ്ട്. അഭ്യാസമുറയുടെ കരുത്തിൽ അവൻ മമ്മൂട്ടിക്കൊപ്പം പോരാട്ടവീര്യം കാണിക്കുന്നു. ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുകയാണ് അച്ചുത് എന്ന ആറാംക്ലാസുകാരൻ.

മാമാങ്കത്തിൽ പ്രധാനപ്പെട്ട വേഷത്തിലാണ് അച്ചുത് എത്തുന്നത്. ചരിത്രം പറയുന്ന, സിനിമയിൽ പോരാളിയുടെ വേഷത്തിലാണ് ഇൗ കുട്ടിയും. മാമാങ്ക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ബാലനായ ചന്ത്രത്തിൽ ചന്തുണ്ണി എന്ന കഥാപാത്രമാണ് അച്ചുത് അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം ചിത്രത്തിൽ ചന്തുണ്ണിയും നിറഞ്ഞുനിൽക്കും. ചെറുപ്പം മുതലുള്ള കളരി പഠിത്തമാണ് അച്ചുതിന് സിനിമയിലേക്കുള്ള വഴി തുറന്നത്. കോട്ടയമാണ് അച്ചുതിന്റെ സ്വദേശം. സിനിമയ്ക്കായി നീട്ടിവളർത്തിയ കുടുമ്മയും മുടിയും മുറിക്കാതെ അടുത്ത ആഴ്ച മുതൽ ആറാം ക്ലാസിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് ഇൗ താരം.

കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്  കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി  മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും ഇതെന്നാണ് കണക്ക്.  മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്. ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ,  മാസ്റ്റർ അച്ചുതൻ തുടങ്ങി. വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് നായികമാർ. മനോജ് പിള്ളയാണ്  ഛായാഗ്രഹകൻ.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി  മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിട്ടുള്ളത്. മരടിൽ  എട്ടേക്കർ ഭൂമിയിൽ നിർമ്മിച്ച ഭീമാകാരമായ മാളികയിൽ വെച്ചാണ്  ചിത്രത്തിലെ നിർണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്. നെട്ടൂരിലെ സെറ്റിൽ അവസാനഘട്ട ചിത്രീകരണം തുടരുകയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...