മലയാളികൾ ലൂസിഫറിനെപ്പോലെ 'മോദി'യെയും സ്വീകരിക്കണം: വിവേക് ഒബ്റോയി

oberoi-modi
SHARE

ലൂസിഫറിനെ സ്വീകരിച്ചതുപേലെ മലയാളികൾ പി.എം.നരേന്ദ്രമോദി എന്ന ഹിന്ദി ചിത്രത്തെയും സ്വീകരിക്കുമെന്ന് കരുതുന്നതായി ബോളിവുഡ് നടൻ വിവേക് ഒബ്റോയി. നരേന്ദ്രമോദിയുടെ കഥ പറയുന്ന ചിത്രത്തിൽ മോദിയായി വേഷമിട്ടിരിക്കുന്നത് വിവേക് ഒബ്റോയിയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അബുദാബിയിലെത്തിയതായിരുന്നു താരം. ഒമുങ് കുമറാണ് ചിത്രത്തിന്റെ സംവിധായകൻ.

‘പി.എം.നരേന്ദ്രമോദി കൊച്ചിയിൽ ഹൗസ്ഫുള്ളായി പ്രദർശിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. മോദിയെന്ന വ്യക്തിയെ മനസ്സിലാക്കാൻ ഉപകരിക്കുന്ന ചിത്രമാണിത്. ആശയങ്ങളോ തത്ത്വങ്ങളോ മാറ്റിവച്ച് ഒരു ചലച്ചിത്രമെന്ന നിലയിൽ ചിത്രത്തെ സമീപിക്കണം. കേരളീയർക്ക് അത് സാധിക്കും. ലൂസിഫറിനെയും ആ ചിത്രത്തിലെ എന്റെ കഥാപാത്രത്തെയും ഏറെ ഇഷ്ടപ്പെട്ടവരാണ് അവർ. ഇൗ ചിത്രത്തെയും അതുപോലെ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. പി.എം.നരേന്ദ്രമോദിയിൽ അഭിനയിക്കാനുള്ള തയാറെടുപ്പിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ കുറിച്ചു ആഴത്തിൽ പഠിക്കുവാൻ സാധിച്ചു.  ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദിയെന്ന നേതാവ് ഉയർന്നുവന്ന വഴികളെ കുറിച്ചറിയുവാനും കഴിഞ്ഞുവെന്നും വാർത്താ സമ്മേളനത്തിൽ താരം പറഞ്ഞു. 

മോദിയുടെ നേതൃത്വത്തിലുണ്ടായ ഗംഭീര തിരഞ്ഞെടുപ്പ് വിജയവും സുസ്ഥിരഭരണത്തിലേക്കുള്ള ചുവടുവയ്പും ഏറെ ആഹ്ളാദവും അഭിമാനവും നൽകുന്നുവെന്ന് ബി.ആർ.എസ് വെഞ്ച്വേഴ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി പറഞ്ഞു. ഇന്ത്യയും യുഎഇയും ദശകങ്ങളിലൂടെ തുടരുന്ന വ്യാപാര വാണിജ്യ സാംസ്കാരിക ബന്ധങ്ങളിൽ ഇപ്പോഴുണ്ടായ കുതിപ്പും വളർച്ചയും അഭിമാനകരമെന്ന് പവർ പ്ലസ് കേബിളിന്റെ വൈസ് ചെയർമാൻ വിജയ് കാരിയ പറഞ്ഞു.  പവർ പ്ലസ് കേബിൾസ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. പ്രദർശനം കാണാൻ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി ഉൾപ്പെടെ പ്രമുഖർ എത്തിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE