നിങ്ങൾ നമ്പർ തരൂ ഞാൻ വിളിച്ചോളാം; ‘മിയയുടെ ചാറ്റ്’ വൈറൽ; മുന്നറിയിപ്പുമായി താരം

miya-viral-fb-fake-chat
SHARE

‘ഞാനൊരു സിനിമ സംവിധാനം െചയ്യുന്നുണ്ട്. കാസ്റ്റിങ് നടക്കുന്നതേയുള്ളൂ. താൽപര്യമുള്ളവർ പറയൂ..’ ചാറ്റ് ചെയ്യുന്നവർക്ക് കൃത്യമായ മറുപടി. മറുപടി നൽകുന്നത് സിനിമാതാരം മിയയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നും. ഒട്ടേറെപേരാണ് ഇൗ ചാറ്റിൽ വീണുപോകുന്നത്. എന്നാൽ ഇൗ മറുപടി തരുന്നത് താനല്ലെന്നും തന്റെ പേരിൽ ആരോ തുടങ്ങിയ വ്യാജ അക്കൗണ്ടാണ് ഇതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മിയ.

മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേയ്ക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നടിയുടെ ചിത്രം ഉപയോഗിച്ചുളള മിയ മിയ എന്ന അക്കൗണ്ടിൽ നിന്നായിരുന്നു പ്രചരണം. മിയാ ജോര്‍ജ് ആണ് താനെന്നും പുതുമുഖങ്ങളെ വച്ചാണ് സിനിമയെടുക്കുന്നതെന്നും താൽപര്യമുണ്ടെങ്കില്‍ നമ്പര്‍ തരൂവെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശങ്ങള്‍. 

സൗഹൃദം സ്ഥാപിക്കാന്‍ നടിക്ക് സന്ദേശമയയ്ക്കുന്നവര്‍ക്ക് മറുപടിസന്ദേശങ്ങളും ഈ അക്കൗണ്ടിലൂടെ നൽകുന്നുണ്ടായിരുന്നു.ഇതോടെയാണ് പലരും സംശയം പ്രകടിപ്പിച്ച് നടിയെ നേരിട്ട് വിളിച്ച് അന്വേഷിച്ചത്. ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പടെ പോസ്റ്റ് ചെയ്താണ് നടിയുടെ വിശദീകരണം.

മിയയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:  മിയ മിയ എന്ന പേരിൽ ഉള്ള അക്കൗണ്ടിൽ നിന്നും മെസഞ്ചറിലൂടെ ഇത് ഞാൻ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകൾക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നാണ് ആൾ പറയുന്നത്. പലരോടും നമ്പർ വാങ്ങി കാണാൻ ഉള്ള സാഹചര്യം വരെ എത്തി എന്നാണ് അറിഞ്ഞത്. ഞാൻ മിയ എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരിൽ എനിക്കൊരു അക്കൗണ്ട്‌ ഇല്ല. അതിനാൽ മറ്റു അക്കൗണ്ടുകളിലൂടെ വരുന്ന മെസ്സേജസിനു ഞാൻ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE