‘ഞാന്‍ കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്‍’‍; പരിഹാസമൊളിപ്പിച്ച് രണ്‍ജി പണിക്കര്‍: വിഡിയോ

renjipanicker
SHARE

മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവുമധികം ക്രൂശിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കർ. ഇത്തരം സംവാദങ്ങളിൽ താരം ക്രിയാത്മകമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യാറുണ്ട്. 'കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ' എന്നാണ് രഞ്ജി പണിക്കരുടെ വാക്ക്. വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷങ്ങളുടെ ചടങ്ങിലാണ് രഞ്ജി പണിക്കരുടെ രസകരമായ പരാമർശം.     

രഞ്ജി പണിക്കരുടെ വാക്കുകൾ ഇങ്ങനെ: 'ഈ കേരളസംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ. കസബ എന്ന ചിത്രം സംവിധാനം െചയ്തതിനു ശേഷം കുറച്ച് എന്റെ മകനും പകർന്ന് എടുത്തിട്ടുണ്ട്. ഈ സ്ത്രീവിരുദ്ധപാപത്തിന്റെ കറ കഴുകിക്കളയാൻ എന്നെ സഹായിക്കുന്നത്, ഓം ശാന്തി ഓശാന, വിജയ് സൂപ്പർ പോലെയുള്ള സിനിമകളിലെ നല്ല അച്ഛൻ കഥാപാത്രങ്ങളാണ്.’–രഞ്ജി പണിക്കർ പറഞ്ഞു.

‘എന്റെ വീട്ടിൽ ഞങ്ങൾ മൂന്ന് ആൺമക്കളാണ്. എനിക്ക് രണ്ട് ആൺകുട്ടികളാണ്. എന്റെ മകന് ആൺകുട്ടിയാണ്. അതുകൊണ്ട്, ഒരു പെൺകുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധം ഞാൻ അനുഭവച്ചറിഞ്ഞിട്ടില്ല. പെൺകുഞ്ഞ് ഉണ്ടായാൽ, അവളെ മറ്റൊരു വീട്ടിൽ പോയി വളരാനുള്ള ആൾ എന്ന നിലയിൽ നമ്മൾ പരുവപ്പെടുത്തുകയാണ്. നീ വേറൊരു വീട്ടിൽ പോയി വളരാനുളളവളാണ്, വേറൊരു അന്തരീക്ഷത്തില്‍ പോയി ജീവിക്കാൻ ശീലിക്കണം എന്നാണ് അവളോട് നമ്മുടെ സമൂഹം പറഞ്ഞുകൊടുക്കുന്നത്. പെൺകുട്ടി വിവാഹം കഴിച്ച് മറ്റൊരു വീട്ടിൽ എത്തുമ്പോൾ, അവൾ വളർന്ന സാഹചര്യം, അവൾക്കൊരു മുറിയുണ്ടായിരുന്നെങ്കിൽ അത്, സ്വന്തമായി ഉണ്ടായിരുന്ന അലമാര, അവളുടെ പുസ്തകങ്ങൾ, അവൾ ശേഖരിച്ച ഓർമകൾ...ഇതൊക്കെ ഉപേക്ഷിച്ചാണ് മറ്റൊരു വീട്ടിലേക്ക് പോകുന്നത്.’–രഞ്ജി പണിക്കർ പറഞ്ഞു.

‘അങ്ങനെ പറഞ്ഞയക്കുക എന്ന സമ്പ്രദായം നമ്മുടെ സമൂഹത്തിൽ ഉള്ളപ്പോൾ, മറ്റൊരാളെ സ്നേഹിക്കാനും അയാൾക്ക് വിട്ടുകൊടുക്കാനും ഉള്ള അച്ഛന്റെ മനസ്സ് ഈ സിനിമയിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിലൊന്നാണ്. അങ്ങനെയൊരു മുഹൂർത്തം നടനെ സംബന്ധിച്ചടത്തോളം വലിയ ഭാഗ്യമാണ്. അതിന് ജിസ് ജോയ്ക്ക് നന്ദി പറയുന്നു,’ രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.

MORE IN ENTERTAINMENT
SHOW MORE