അന്ന് എനിക്കും അമ്മക്കും കൊച്ചിയില്‍ താമസം ഒരുക്കിയത് ലാലേട്ടന്‍; പോളണ്ടിലെ ആരാധകന്‍

mohanlal-fan
SHARE

മോഹൻലാലിനോടുള്ള ആരാധനയ്ക്ക് അതിർത്തി അതിരുകൾ പ്രശ്നമല്ലെന്നുള്ളതിന്റെ തെളിവാണ് ബർട്ടോസ് സർനോട്ട എന്ന ആരാധകൻ. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് മലയാളികൾ പറയുമെങ്കിലും മലയാളത്തെക്കുറിച്ചും മലയാളസിനിമയെക്കുറിച്ചും ഈ പോളണ്ടുകാരന് പറയാതിരിക്കാനാകില്ല. മലയാളസിനിമയെ അത്രമേൽ സ്നേഹിക്കുന്നുണ്ട് ബർട്ടോസ്. സെറിബ്രൽ പാൾസി മൂലം ജന്മനാ വീൽചെയറിലാണ് ബർട്ടോസിന്റെ ജീവിതം. സിനികളെന്നാൽ ബർട്ടോസിന് ജീവനാണ്, പ്രിയപ്പെട്ട താരമാകട്ടെ മോഹൻലാലും. മോഹൻലാലിന്റെ പിറന്നാൾ ദിവസമായ ഇന്ന് ആദ്യമായി താരത്തെ കണ്ട് അനുഭവവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ചും ബർട്ടോസ് മനോരമന്യൂസ് ഡോട്ട്കോമിനോട് മനസുതുറന്നു.

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മുഹൂർത്തങ്ങളിൽ ഒന്നാണ് മോഹൻലാലിനെ കണ്ടത്. അദ്ദേഹത്തെ കാണാനായി 2015ലാണ് ആദ്യമായി ഞാൻ അമ്മയോടൊപ്പം കേരളത്തിൽ വരുന്നത്. അന്ന് വളരെക്കുറച്ചു സമയം മാത്രമേ അദ്ദേഹത്തോട് സംസാരിക്കാൻ സാധിച്ചുള്ളൂ. ആളുകൾ വളരെ ആവേശത്തോടെ 'ലാലേട്ടൻ കീ ജയ്' വിളിക്കുന്നുണ്ടായിരുന്നു. എത്രമാത്രം ആരാധന അവർക്കുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമായിരുന്നു. 

മോഹൻലാലാണ് എനിക്കും അമ്മയ്ക്കും കൊച്ചിയിൽ താമസ സൗകര്യമൊരുക്കിയത്. സിനിമയുടെ ഷൂട്ടിങ്ങിനായി പോളണ്ടിൽ വരുമ്പോൾ തീർച്ചയായും കാണാമെന്നും അദ്ദേഹം പറഞ്ഞു. അന്നെനിക്ക് അദ്ദേഹത്തിന്റെ സിനിമകളുടെ വലിയൊരു ശേഖരം സമ്മാനമായി തന്നു. ജീവിതത്തിലെ വിലപ്പെട്ട സമ്മാനങ്ങളിൽ ഒന്നാണത്.

വളരെ കരുണയുള്ള മനുഷ്യനാണ് അദ്ദേഹം. മോഹൻലാലിന്റെ കുട്ടിത്തം നിറഞ്ഞ മുഖവും ലാളിത്യവുമാണ് എന്നെ ഏറെ ആകർഷിച്ചത്. ഞാൻ ആദ്യം കാണുന്ന മോഹൻലാൽ ചിത്രം പ്രണയമാണ്. എന്നാൽ ഏറ്റവും പ്രിയപ്പെട്ടത് ഇരുവർ സിനിമയാണ്. എത്ര യാഥാർഥ്യത്തോടെയാണ് രാഷ്ട്രീയത്തിലെ ഉയർച്ചയും അധികാരവുമൊക്കെ സിനിമയിൽ കാണിച്ചിരിക്കുന്നത്.

ഞാൻ മോഹൻലാലിനെയും മമ്മൂട്ടിയേയും ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ്. എന്നാൽ ഫാൻ എന്ന് അടയാളപ്പെടുത്തുന്നതിനോട് വിയോജിപ്പുണ്ട്.– ബർട്ടോസ് പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE