‘വാസന്തി’യുടെ വിത്തിട്ടത് മണി തന്നെ; ചിത്രം വാരിയത് മൂന്നരക്കോടി; ചെലവ് 45 ലക്ഷം

vinayan-vasanthiyum-lekshmiyum-pinne-njanum
SHARE

മലയാളസിനിമയിൽ വിപ്ലവം കുറിച്ച പരീക്ഷണചിത്രങ്ങളിൽ ഒന്നാണ് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’. കലാഭവൻ മണി എന്ന നായകനെ വിനയൻ മലയാളസിനിമയ്ക്ക് നൽകുകയായിരുന്നു. സിനിമ വന്ന വഴിയെക്കുറിച്ച്  വിനയൻ മലയാള മനോരമയോട് ഓർമകൾ പങ്കുവെച്ചു.

വിനയൻ ചിത്രമായ കല്യാണസൗഗന്ധികത്തിന്റെ സെറ്റ്. സല്ലാപത്തിനു ശേഷം കലാഭവൻ മണിക്ക് ശ്രദ്ധേയമായ വേഷമുള്ള സിനിമയാണ് കല്യാണസൗഗന്ധിക‌ം. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ മണി പുതിയൊരു നമ്പർ കാണിക്കാമെന്നു പറഞ്ഞു. റോഡ് മുറിച്ചു കടക്കുന്ന അന്ധൻ–അതായിരുന്നു പുതിയ നമ്പർ. ക്യാപ്റ്റൻ രാജുവും ഹരിശ്രീ അശോകനും ശിവാജിയുമെല്ലാം സാക്ഷി നിൽക്കേ അന്ധനെ അവതരിപ്പിച്ച് മണി എല്ലാവരെയും വിസ്മയിപ്പിച്ചു. 

വിനയൻ പറഞ്ഞു: ‘‘ഇതു മിമിക്രിയല്ലെടാ. സംഭവം കലക്കി. അന്ധനെ സെന്റർ ക്യാരക്ടരാക്കി പടമെടുക്കാമെന്നു പോലും തോന്നുന്നു. നീയാകണം നായകൻ.’’ ആ നിമിഷത്തെ ആഹ്ലാദത്തിൽ വിനയൻ അങ്ങനെ പറഞ്ഞു പോയതാണ്. പക്ഷേ, കലാഭവൻ മണി അത് മനസ്സിലെടുത്തു, താലോലിച്ചു വളർത്തി. വിനയനെ വിടാതെ പിടികൂടി: ‘‘എന്നെ നായകനാക്കാമെന്നു പറഞ്ഞ പടമെന്നു തുടങ്ങും?’’

മൂന്നുവർഷത്തോളം ഈ വിഷയത്തെക്കുറിച്ച് വിനയനും ആലോചിച്ചു. മനസിൽ ഒരു സ്വപ്നമായി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വളർന്നു. കുട്ടനാട്ടിലെ പുതുക്കരിയിലെ വീട്ടിൽ നിന്നു ചിത്രക്കരിയിലെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ ആൽത്തറയിലെ അന്ധനെ വിനയന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ സവിശേഷതകൾ കഥാപാത്രസൃഷ്ടിയിലും ഉപയോഗിച്ചു.

പ്രേക്ഷകരെ ഈറനണിയിച്ച ചിത്രം  ദേശീയ, സംസ‌്ഥാന ജൂറിയുടെ പ്രത്യേക പരാമർശത്തിന് മണിയെ അർഹനാക്കി. 45 ലക്ഷം രൂപ ചെലവിൽ നിർമിച്ച ചിത്രം നേടിയത് മൂന്നരക്കോടിയാണ്. കാസറ്റ്റൈറ്റ്സിന് മാത്രം 30 ലക്ഷം രൂപ ലഭിച്ചു. മണിയെന്ന മാണിക്യത്തിന്റെ ഉദയം കൂടിയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.

MORE IN ENTERTAINMENT
SHOW MORE