‘നേരിൽ കണ്ടാൽ കയ്യും കാലും തല്ലിയൊടിക്കും'; ഷൈനിന് ഇന്‍ബോക്സില്‍ ‘ഭീഷണി’: ഹാപ്പി

shine-tom
SHARE

ഷെയ്ൻ നിഗമിനെ നായകനാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ക് എന്ന ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ഷെയ്നിന്റെ  സച്ചി എന്ന കഥാപാത്രത്തോടൊപ്പം തന്നെ പ്രശംസ നേടുകയാണ് ഷൈൻ ടോം ചാക്കോയുടെ ആൽവിനും. മികച്ച അഭിനയമാണ് ഷൈൻ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നതെന്നാണ് സിനിമ കണ്ടിറങ്ങിയവർ ഒരേസ്വരത്തിൽ പറയുന്നത്. അതിന്റെ സന്തോഷവും ചിത്രത്തിന്റെ വിശേഷങ്ങളും ഷൈൻ മനോരമ ന്യൂസ് ഡോട്കോമിനോട് പങ്കുവച്ചു.

ആൽവിനായി ഷൈൻ

'നേരിൽ കണ്ടാൽ കയ്യും കാലും തല്ലിയൊടിക്കും, നിന്നെ കാണാനിരിക്കുവാ രണ്ടെണ്ണം തരാൻ'. എന്റെ ഇൻബോക്സ് നിറയെ വരുന്ന മെസേജുകളിൽ ചിലതാണ് ഇത്. അത്രമാത്രം എന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഉൾക്കൊണ്ടു എന്നറിയുമ്പോൾ സന്തോഷം. നെഗറ്റിവ് കഥാപാത്രമാണ്. അതുകൊണ്ട് തന്നെ അഭിനയ സാധ്യതയും ഉണ്ടായിരുന്നു. അത് കാഴ്ചക്കാർക്ക് അതേ തീവ്രതയോടെ പകരാൻ സാധിച്ചു എന്നതിന് തെളിവാണ് ഈ മെസേജുകൾ. ഈ കഥാപാത്രം എന്റെ അടുക്കലേക്ക് വന്നതാണ്. സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ടി വി സാരഥിയാണ് ഈ സിനമയിലേക്ക് എന്നെ വിളിക്കുന്നത്.

ഇഷ്ക് എല്ലാവരും കാണണം

ഇഷ്ക് ഒരു ചെറിയ സിനിമയാണ്. പക്ഷേ അത് ആളുകൾക്ക് ഇഷ്ടപ്പെട്ടുവെന്നറിയുന്നതിൽ സന്തോഷം. അത് ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. സിനിമ ഞാൻ തിയറ്ററിൽ പോയി കണ്ടു. ആളുകൾ ചിരിക്കുന്നതും കയ്യടിക്കുന്നതും കരയുന്നതും ഒക്കെ കാണാൻ സാധിച്ചു. ഓരോ സീനിലും അവർ മുഴുകി ഇരിക്കുന്നതായി തോന്നി. ഇത് എല്ലാവരും കാണേണ്ട സിനമയാണ് എന്ന് ഞാൻ പറയും. ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ്. ഒരാൾ പറയുന്ന അഭിപ്രായം മാത്രം കേട്ട് സിനിമയെ വിലയിരുത്താൻ പാടില്ല.

ഇത് ഒരു പ്രണയകഥയല്ല..പിന്നെ?

സിനിമയിലെ പോസ്റ്ററുകളിലെല്ലാം സംവിധായകൻ വരച്ചിട്ട വരികളാണ് ഇതൊരു പ്രണയകഥയല്ല എന്നത്. ശരിയാണ് വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്ന കഥയാണ് ഇഷ്ക്. മൂന്ന് നാല് കഥാപാത്രങ്ങൾക്കിടയിലെ സങ്കീർണമായ രാഷട്രീയം. പക്ഷേ അതിലൊരു പ്രണയമുണ്ട്. ബന്ധങ്ങൾക്കിടയിൽ മാത്രമല്ലേ മറ്റ് പലതും സംഭവിക്കുകയുള്ളു. സദാചാരം എന്നത് നാം ഓരോരുത്തരുമായി ബന്ധപ്പെട്ടു കിടക്കുന്നു. കോളജിൽ നടക്കുന്ന റാഗിങ് ഒരു തരത്തിൽ സദാചാരപൊലീസിങ് ആണെന്ന് പറയാം. എല്ലാവരുടെയും ഉള്ളിൽ ഒരു സദാചാരവാദി ഒളിഞ്ഞിരിപ്പുണ്ടെന്ന് ഞാൻ പറയും. അത് നമ്മൾ നിയന്ത്രിക്കുകയും കൈകാര്യം ചെയ്യുന്നതും പോലെയിരിക്കും ബാക്കി കാര്യങ്ങൾ. മറ്റാർക്കും ഉപദ്രവമില്ലാതെ ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് എന്തിനാണ്?

ഷൈനും സിനിമകളും

നായകനായാണ് സിനിമയിലേക്ക് എത്തുന്നത്. ഇതിഹാസ എന്ന ചിത്രം വലിയ ഹിറ്റുമായിരുന്നു. പിന്നീട് കാരക്റ്റർ റോളുകളും വില്ലൻ വേഷങ്ങളുമാണ് കൂടുതൽ ചെയ്തത്. അതിൽ വിഷമം ഒന്നുമില്ല. കൈനിറയെ സിനിമകളുണ്ട്. എന്റെ ഭാഗം നന്നാക്കണം എന്ന് മാത്രമേ ചിന്തയുള്ളൂ. വെറുതേ നായകനായിട്ട് കാര്യമില്ലല്ലോ. അഭിനയിക്കാൻ എന്തെങ്കിലും വേണ്ടേ. അത് മറ്റ് കഥാപാത്രങ്ങളാകും കൂടുതൽ തരുന്നത്. ഇപ്പോൾ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയിൽ ഭാഗമായതിന്റെ സന്തോഷമുണ്ട്. പറവ, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിലെ വേഷങ്ങളൊക്കെ പ്രേക്ഷകർ ഓർത്തുവയ്ക്കുന്നതാണ്. സിനിമയിൽ നിന്നും സന്തോഷം മാത്രമേ ലഭിക്കൂന്നുള്ളൂ. ഞാൻ ഇപ്പോൾ ഹാപ്പിയാണ്.

MORE IN ENTERTAINMENT
SHOW MORE