ഗർഭിണിയായ പ്രിയയെ ടെൻഷനടിപ്പിച്ച ജോജു; കഥ പറഞ്ഞ് പിഷാരടിയും ചാക്കോച്ചനും; വിഡിയോ

kunchako-priya-pisharadi-joju
SHARE

കഴിഞ്ഞ വർഷം മലയാളത്തിലിറങ്ങിയ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ജോസഫ്. സിനിമക്കൊപ്പം ജോജുവിന്‍റെ അഭിനയമികവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്‍റെ 125-ാം ദിവസ ആഘോഷങ്ങൾക്കിടെ പിഷാരടിയാണ് ആർക്കുമറിയാത്ത ഒരു അണിയറക്കഥ പങ്കുവെച്ചത്. ചിത്രത്തിന്‍റെ ടൈറ്റിൽ കാർഡിൽ കുഞ്ചാക്കോ ബോബന്‍റെ ഭാര്യ പ്രിയക്ക് നന്ദി പറഞ്ഞത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. അതിനു പിന്നിലെ കഥയാണ് പിഷാരടി പറഞ്ഞത്. 

പിഷാരടിയുടെ വാക്കുകൾ. 

''പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെൻഷൻ ഇറക്കി വയ്ക്കുന്ന രണ്ടു സ്ഥലങ്ങൾ. രാത്രി ഒരു മണി, രണ്ടു മണിക്കൊക്കെ ജോജു വിളിക്കും. 'മഴയാടോ, എന്താ ചെയ്യാന്ന് അറിയില്ല' എന്നൊക്കെ പറഞ്ഞ് ടെൻഷൻ അടിപ്പിക്കും. ജോസഫ് എന്ന സിനിമ നടക്കുന്ന സമയത്ത് പ്രിയ ഗർഭിണിയാണ്. 'അധികം ടെൻഷനൊന്നും അടിക്കരുത്. ഇനിയുള്ള മൂന്നു നാലു മാസം ശ്രദ്ധിക്കണം' എന്നൊക്കെ ഡോക്ടർ പറഞ്ഞതിന്റെ പിറ്റേന്നാണ് ജോസഫിന്റെ ഷൂട്ട് തുടങ്ങുന്നത്. രാത്രി 11 മണി ആവുമ്പോൾ ജോജു വിളിക്കും, എന്നിട്ടു പറയും– വെട്ടിതുണ്ടമാക്കി ചീഞ്ഞളിഞ്ഞു കിടക്കുന്ന ജ‍ഡം കാണുന്ന ഒരു രംഗമുണ്ട്. അതെങ്ങനെയിരിക്കും എന്നൊക്കെ. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചാക്കോച്ചൻ വിളിച്ച് കാര്യം പറഞ്ഞു. രാത്രി 12 മണിക്ക് പ്രിയയെ വിളിച്ച് ഓരോ കാര്യങ്ങൾ പറഞ്ഞിട്ട് പ്രിയ ഇവിടെ ഉറക്കമില്ലാതെ ഇരിക്കുകയാണെന്ന്. സത്യത്തിൽ ജോസഫ് എന്ന സിനിമയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചത് പ്രിയയാണ്. അതുകൊണ്ടാണ്, പ്രിയയുടെ പേര് താങ്ക്സ് കാർഡിൽ വച്ചിരിക്കുന്നത്''. 

പിഷാരടി പറഞ്ഞുനിർത്തിയപ്പോൾ കൂട്ടിച്ചേർക്കാൻ കു‍ഞ്ചാക്കോക്കും ഉണ്ടായിരുന്നു ചിലത്. ''അതുകൊണ്ടായിരിക്കും ജോസഫ് സിനിമയുടെ ആഘോഷങ്ങൾക്ക് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ എന്‍റെ കൊച്ചിന്‍റെ മുഖത്ത് വല്ലാത്തൊരു ഭാവമായിരുന്നു'' എന്ന് ചാക്കോച്ചൻ കൂട്ടിച്ചേർത്തതോടെ സദസിൽ പൊട്ടിച്ചിരി. 

MORE IN ENTERTAINMENT
SHOW MORE