ബിജെപിയെ പിന്തുണച്ചെന്ന് പ്രചാരണം; തന്റെ പാര്‍ട്ടിയില്‍ വോഡ്കയെന്ന് ട്വിങ്കിള്‍; ട്രോള്‍

twinkle-khanna-modi-bjp-26
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ബിജെപിയെ പിന്തുണക്കുന്നതാണെന്ന പ്രചാരണത്തില്‍ നിലപാട് വ്യക്തമാക്കി നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന. താന്‍ അംഗീകരിക്കുന്ന ഏക 'പാര്‍ട്ടി' വോഡ്ക ഷോട്ട്സും ഹാങ്ങ്‌ഓവറുമാണെന്നും ട്വിങ്കിള്‍ ട്വിറ്ററില്‍ കുറിച്ചു.

കുറച്ചുദിവസം മുന്‍പാണ് ബോളിവുഡ് നടനും ട്വിങ്കിളിന്റെ ഭര്‍ത്താവുമായ അക്ഷയ് കുമാറിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിമുഖം പുറത്തുവന്നത്. അക്ഷയ്‌യുടെ സന്തോഷകരമായ ദാമ്പത്യത്തിന് കാരണം താനാണെന്ന് അഭിമുഖത്തിനിടെ മോദി തമാശയായി പറഞ്ഞിരുന്നു. ''ഞാന്‍ താങ്കളുടെയും ട്വിങ്കിള്‍ ഖന്ന ജിയുടെയും ട്വിറ്റര്‍ നോക്കാറുണ്ട്. എന്നോടുള്ള ദേഷ്യം ട്വിറ്ററിലൂടെ ട്വിങ്കിള്‍ പ്രകടിപ്പിക്കുന്നതിനാല്‍ നിങ്ങളുടെ കുടുംബജീവിതത്തില്‍ ശാന്തിയും സമാധാനവുമുണ്ടാകും. കാരണം എല്ലാ ദേഷ്യവും ട്വിങ്കിള്‍ എന്നോട് തീര്‍ക്കുകയാണല്ലോ'' എന്നായിരുന്നു മോദി പറഞ്ഞത്.

ഇതിന് മറുപടിയായി ട്വിങ്കിള്‍ കുറിച്ചു; ''ഇതിനെ പോസിറ്റീവ് ആയി നോക്കിക്കാണുകയാണ് ഞാന്‍. ഞാനെന്ന വ്യക്തി ഇവിടെയുണ്ടെന്നുള്ള ബോധ്യം മാത്രമല്ല, എന്റെ എഴുത്തുകള്‍ വായിക്കുക കൂടി ചെയ്യുന്നുണ്ട് പ്രധാനമന്ത്രി.'' ട്വിങ്കിളിന്റെ ട്വീറ്റ് ബിജെപിയെ പിന്തുണക്കുന്നതാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

''ഒരു പ്രതികരണം അംഗീകാരമായി പരിഭാഷപ്പെടുത്തരുത്. നിലവില്‍ ഞാന്‍ ചേരാനാഗ്രഹിക്കുന്ന പാര്‍ട്ടിയില്‍ നിരവധി വോഡ്ക ഷോട്ടുകളും പിറ്റേദിവസം ഹാങ്ങ്‌‌ഓവറും ഉണ്ടാകും''-ട്വിങ്കിള്‍ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE