ക്യാപ്റ്റന്‍ അമേരിക്ക സിക്സ് പാക്ക്; എനിക്കും ആയാലെന്താ; ഒരു മേക്ക് ഓവര്‍ കഥ

captain-america-anurag-26
SHARE

മാര്‍വല്‍ ആരാധകര്‍ ഏറെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവിലാണ് അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലും ലഭിക്കുന്നത്. ഏതായാലും ചിത്രത്തിലെ ക്യാപ്റ്റന്‍ അമേരിക്കയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാം.

മെലിഞ്ഞ് ശരീരപ്രകൃതിയാണ് അനുരാഗ് ചൗരസ്യയുടേത്. കക്ഷി എന്‍ജിനിയറാണ്. വണ്ണം വെക്കാന്‍ അനുരാഗ് കഴിക്കാത്ത ഭക്ഷണങ്ങളില്ല, വ്യായാമങ്ങളില്ല, ഇനി പോകാന്‍ ജിമ്മും ബാക്കിയില്ല. എന്തുചെയ്തിട്ടും അനുരാഗിന്റെ ശരീരത്തില്‍ പിടിക്കുന്നില്ല. മെലിഞ്ഞിരിക്കുന്നത് കൊണ്ട് ആളുകളുടെ കളിയാക്കലുകളും തുടര്‍ന്നു.

അങ്ങനെയിരിക്കെയാണ് 2008ല്‍ മാര്‍വല്‍ ഫ്രാഞ്ചെയ്സിലെ ആദ്യചിത്രം അയണ്‍മാന്റെ റിലീസ്. 2011ല്‍ ക്യാപ്റ്റന്‍ അമേരിക്കയും. അവിടെയാണ് ട്വിറ്റ്. ചിത്രത്തില്‍ സ്റ്റീവ് റോജേഴ്സ് എന്ന ചെറുപ്പക്കാരനുണ്ടാകുന്ന മേക്ക് ഓവറാണ് അനുരാഗിന് പ്രചോദനമായത്. ക്രിസ് ഇവാന്‍സിന് ഒരു സിനിമക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യാമെങ്കില്‍ എനിക്കെന്ത് കൊണ്ടായിക്കൂടാ?

സിനിമ നല്‍കിയ ഊര്‍ജത്തില്‍ അനുരാഗ് പരിശ്രമങ്ങളാരംഭിച്ചു. ജിമ്മില്‍ ശരിയായ വര്‍ക്കൗട്ട്, കൃത്യനിഷ്ഠതയോടെ ഡയറ്റ്. മെല്ലെ അനുരാഗില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. രണ്ടുവര്‍ഷം കൊണ്ട് അനുരാഗ് സിക്സ്പാക്ക് ആയി. കളിയാക്കയവര്‍ പോലും പ്രശംസിക്കാന്‍ തുടങ്ങി.

ക്യാപ്റ്റന്‍ അമേരിക്ക തന്റെ റോള്‍ മോഡലാണെന്ന് അനുരാഗ് പറയുന്നു. ജീവിതത്തിലെ ഇന്നത്തെ മാറ്റത്തിനും സന്തോഷങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നത് ക്യാപ്റ്റന്‍ അമേരിക്കയോടാണെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE