‘യമണ്ടന്‍’ കഥാപാത്രത്തിനായി കാത്തിരിപ്പ്; വിജയ സന്തോഷം പങ്കിട്ട് നിഖില: അഭിമുഖം

nikhila-vimal
SHARE

ഒന്നരവര്‍ഷക്കാലത്തെ ഇടവേളക്ക് ശേഷം ദുൽഖർ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയാണ് 'ഒരു യമണ്ടൻ പ്രേമകഥ'. ബി.സി.നൗഫൽ സംവിധാനം ചെയ്ത ചിത്രത്തിൽ സംയുക്ത മേനോനും നിഖില വിമലുമാണ് നായികമാരായെത്തുന്നത്. മൂന്നു ഷാജിമാരുടെ കഥ പറയുന്ന നാദിർഷ ചിത്രം മേരാ നാം ഷാജിയിലും നായിക നിഖില വിമലാണ്.  അതിന്റെ സന്തോഷവും മറ്റ് വിശേഷങ്ങളും നിഖില വിമൽ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പങ്കുവച്ചു.

'യമണ്ടൻ പ്രേമകഥ'യുടെ വിശേഷങ്ങൾ

ഇന്നലെയാണ് സിനിമ റിലീസായത്. നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഞാനൊരു ചെറിയ വേഷമാണ് ചിത്രത്തിൽ ചെയ്തിരിക്കുന്നത്. അത് നന്നായി ചെയ്തു എന്ന് കേൾക്കുമ്പോൾ സന്തോഷം. റിലീസിന്റെ അവസരത്തിൽ എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. പക്ഷേ സിനിമയ്ക്ക് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നു. പലരും വിളിച്ച് അഭിനന്ദിച്ചു. വിഷ്ണു–ബിബിൻ കൂട്ടുകെട്ടിലുള്ള സിനിമയായതുകൊണ്ട് തന്നെ തമാശക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. അവരെ നേരത്തെ അറിയാം. മാത്രമല്ല ചിത്രത്തിന്‍റെ എഡിറ്റർ ജോൺകുട്ടി എന്റെ ബന്ധുവുമാണ്. അതുകൊണ്ട് തന്നെ എല്ലാവരും ഒരു കുടുംബത്തിലെ പോലെയാണ് തോന്നിയത്. അറിയുന്ന ആൾക്കാരുടെ കൂടെ ജോലി ചെയ്യുമ്പോൾ സമ്മർദം കുറവാണ്.

ദുൽഖറിനൊപ്പമുള്ള അനുഭവം

ദുൽഖർ സല്‍മാനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. എനിക്ക് കോമ്പിനേഷൻ സീനുകൾ കുറവായിരുന്നു. പക്ഷേ പരിചയപ്പെടാനും ഒരുമിച്ച് അഭിനയിക്കാനും സാധിച്ചു. സെറ്റിലെല്ലാം നല്ല രസമായിരുന്നു. ദുൽഖറിനൊപ്പം അഭിനയിച്ചത് നല്ല എക്സ്പീരിയൻസായി കരുതുന്നു.

nikhila-prema

'മേരാ നാം ഷാജി'യുടെ വിശേഷങ്ങൾ

കഴിഞ്ഞ മാസം റിലീസായ മേരാ നാം ഷാജിയിലും നായികയായിരുന്നു. മൂന്ന് ഷാജിമാരുടെ കഥ പറയുന്ന ചിത്രമാണ് അത് . നാദിർഷയുടെ സംവിധാനം. നല്ല കഥാപാത്രമാണ്. ശ്രദ്ധിക്കപ്പെട്ടതിൽ സന്തേോഷം. ഒരുപാട് കഥാപാത്രങ്ങളുള്ള സിനിമയാണ്. അതിനാൽ തന്നെ സ്ക്രീൻ സ്പേസ് കുറവായിരുന്നു. 

'അരവിന്ദന്റെ അതിഥികൾ' പ്രിയ സിനിമ

ചെയ്തതിൽ വച്ച് ഏറെ അടുത്തു നിൽക്കുന്നത് അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തോടാണ്. നല്ല കഥാപാത്രം, കൂടെയുള്ളവരെല്ലാം പ്രിയപ്പെട്ടവർ... അങ്ങനെ പല കാരണങ്ങൾ. അരവിന്ദന്റെ അതിഥികൾ ഇറങ്ങിയിട്ട് ഒരു വർഷം തികയുകയാണ്. അതിന്റെ ഭാഗമായി മൂകാംബികയിലായിരുന്നു ഞാൻ. എല്ലാവരും എന്നെ ഓർക്കുന്നത് ആ സിനിമയും കഥാപാത്രവും ചെയ്തതുകൊണ്ടാണ്. 

വിനീത് ശ്രീനിവാസനെ ഏറെ ഇഷ്ടം‌

ദിലീപ്, ഫഹദ് ഫാസിൽ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ദുൽഖർ സൽമാൻ എന്നിവർക്കൊപ്പമാണ് അഭിനയിച്ചിട്ടുള്ളത്. എല്ലാവരുടെ കൂടെയും നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ പലതും ചെറിയ വേഷങ്ങളായിരുന്നു. പലരേയും കൂടുതൽ പരിചയപ്പെടാനൊന്നും സാധിച്ചിട്ടില്ല. കൂടുതൽ അടുപ്പവും സൗഹൃദവും വിനീത് ശ്രീനിവാസനുമായാണ്. അത് ആ സിനിമയുടെ പ്രത്യേകതയാണ്. ഫാമിലി മൂവിയാണ് അത്. എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു, ആ സിനിമയിൽ കൂടെ വർക്ക് ചെയ്ത എല്ലാവരുമായി ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നു.

nikhila-aravind

പുതിയ പ്രതീക്ഷകൾ, വരാനിരിക്കുന്ന പ്രൊജക്ടുകൾ

തൽക്കാലം ഞാൻ പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. അത് മറ്റൊന്നും കൊണ്ടല്ല. നല്ല കഥാപാത്രത്തിനായി കാത്തിരിക്കുകയാണ്. മുഴുനീള കഥാപാത്രം ചെയ്യണം. അരവിന്ദന് ശേഷം മുഴുനീള കഥാപാത്രം ചെയ്തിട്ടില്ല. എന്നുവച്ച് സിനിമയിൽ നിന്ന് മാറിനിൽക്കുകയല്ല. കഥകൾ കേൾക്കുന്നുണ്ട്. സിനമയ്ക്കൊപ്പം നൃത്തവും കൊണ്ടുപോകുന്നുണ്ട്. അതിൽ ശ്രദ്ധിക്കണം. അമ്മ കലാമണ്ഡലം വിമലാദേവി നൃത്താധ്യാപികയാണ്. കലാപരമായി ഏറെ പ്രോൽസാഹിപ്പിക്കുന്നവരാണ് എല്ലാവരും. അച്ഛനും ചേച്ചിയുമെല്ലാം വലിയ പിന്തുണയാണ് നൽകുന്നത്. നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നതിലപ്പുറം സിനിമയുടെ മറ്റ് മോഹവലയങ്ങളിലൊന്നും വീഴാതിരിക്കണമെന്നാണ് അവരുടെ ഉപദേശം. ഞാനും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE