ഭക്ഷണമില്ലാതെ 10 ദിവസം; വോട്ട് മുടക്കില്ലെന്ന് നിർബന്ധം; അച്ഛനൊപ്പം ആശ ശരത്തിന്റെ വോട്ട്

asaha-sarath-vote
SHARE

കലയാണ് രാഷ്ട്രീയം. കക്ഷിരാഷ്ട്രീയമില്ലെങ്കിലും നാട്ടിലെ സംഭവവികാസങ്ങളെല്ലാം കൃത്യമായി ശ്രദ്ധിക്കാറുണ്ട് നടിയും നർത്തകിയുമായ ആശാ ശരത്. പത്രവായന മുടക്കാറില്ല, വോട്ട് ചെയ്യുന്നതും. ഇത്തവണയും ആശാ ശരത് നാട്ടിലുണ്ട്. വോട്ടവകാശം വിനിയോഗിക്കുകയും ചെയ്തു. എന്നാൽ തന്നെക്കാൾ, 82-ാം വയസിലും ആശുപത്രിക്കിടക്കയിൽ നിന്നും പോയി വോട്ട് ചെയ്ത അച്ഛന്റെ മാതൃകയെക്കുറിച്ചാണ് ആശ വാചാലയാകുന്നത്.

''82-ാം വയസിലും അച്ഛന് നാടിനോടുള്ള സമർപ്പണം കാണുമ്പോൾ നമ്മളെല്ലാവരും അതില്‍ നിന്നും ഊർജം ഉൾക്കൊള്ളും. 10 ദിവസമായി കുടൽസംബന്ധമായ രോഗത്തെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഇത്രയും ദിവസം ഭക്ഷണം കഴിച്ചിട്ടില്ല. 10 മില്ലിലിറ്റർ വെള്ളം മാത്രമാണ് ആകെയുള്ള ഭക്ഷണം. പക്ഷേ, ഇതൊന്നും അച്ഛന് വോട്ടു ചെയ്യാതിരിക്കാനുള്ള കാരണങ്ങളല്ല. അച്ഛന് അസുഖമാണല്ലോ, അതുകൊണ്ട് ഇത്തവണ വോട്ട് ചെയ്യാന്‍ പോകേണ്ടതില്ല എന്ന് ഞാൻ പോലും ചിന്തിച്ചു. പക്ഷേ, ആ നിർബന്ധത്തിനു മുന്നിൽ വേണ്ടെന്നു പറയാനായില്ല. എനിക്കും പറ്റും, വോട്ട് ചെയ്യണം എന്ന് അദ്ദേഹം വാശിപിടിച്ചു'', ആശ ശരത് മനോരമ ന്യൂസ്.കോമിനോടു പറഞ്ഞു. 

ഡോക്ടറോട് പ്രത്യേക അനുമതി വാങ്ങിയാണ് ആശ അച്ഛനെയും കൊണ്ട് പെരുമ്പാവൂരേക്ക് വോട്ട് ചെയ്യാൻ പോയത്. ''അദ്ദേഹത്തിന്റെ നിർബന്ധം കണ്ടപ്പോൾ സമ്മതിക്കാതിരിക്കാൻ ഡോക്ടർക്കുമായില്ല. അമ്മയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേരെയും കൊണ്ടുപോകാൻ സാധിക്കാത്തതിനാലും ഇക്കാര്യത്തിൽ അച്ഛനോളം നിര്‍ബന്ധം അമ്മക്കില്ലാത്തതിനാലും ഒരാളെ മാത്രം കൊണ്ടുപോയി വോട്ട് ചെയ്യിച്ചു.  ഒരുതവണ പോലും അച്ഛൻ വോട്ട് പാഴാക്കാറില്ല. ഇത്തവണ ചെയ്തില്ലെങ്കിൽ അത് ആദ്യത്തെ വോട്ട് മുടങ്ങലാകും. അമ്മയുടെ വോട്ട് മുടങ്ങുന്നത് ആദ്യമാണ്'',  ആശാ ശരത് കൂട്ടിച്ചേർത്തു. 

വോട്ട് ക്രിയാത്മകമായ മാറ്റത്തിന്

''നാട്ടില്‍ ക്രിയാത്മകമായ മാറ്റം കൊണ്ടുവരുന്നതിനായിരിക്കണം നമ്മുടെ വോട്ട്. തൊഴിലില്ലായ്മ, സ്ത്രീകളെ സംബന്ധിക്കുന്ന കാര്യങ്ങള്‍, അങ്ങനെ പരിഹരിക്കപ്പെടേണ്ടതായ ഒരുപാട് വിഷയങ്ങളുണ്ട്. നല്ലതിലേക്ക് നയിക്കുന്നത് ഏതാണ് എന്നാണ് ചിന്തിക്കേണ്ടത്. ദുബായിലും നാട്ടിലുമായാണ് താമസിക്കുന്നത്. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. ലോകകേരളസഭയിൽ അംഗമാണ്. മക്കൾ ഒരാൾ ദുബായിലും ഒരാൾ കാനഡയിലുമാണ് പഠിക്കുന്നത്. നാട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്കും അത്യാവശ്യ ധാരണയുണ്ട്.''

MORE IN ENTERTAINMENT
SHOW MORE