മധുരരാജക്കൊപ്പം ട്രിപ്പിൾ മധുരം; ‌ഹിന്ദി സിനിമ സ്വപ്നം കണ്ടിട്ടില്ല; എല്ലാം അപ്രതീക്ഷിതം: പ്രശാന്ത്

prasanth-alexander-interview
SHARE

നമ്മൾ എന്ന ക്യാംപസ് ചിത്രത്തിലാണ് പ്രശാന്ത് അലക്സാണ്ടറെ മലയാളികൾ ആദ്യമായി കണ്ടത്, 2002ല്‍. പതിനേഴ് വർങ്ങൾക്കിപ്പുറം മമ്മൂട്ടി നായകനായ മധുരരാജയില്‍ പ്രേക്ഷകരെ ചിരിപ്പിച്ച് കയ്യടി നേടുകയാണ് പ്രശാന്ത്. മധുരരാജയിലെ മധുരത്തിനൊപ്പം ബോളിവുഡിൽ നിന്നെത്തിയ വിളിയുടെ ത്രില്ലിലാണ് താരം. അർജുൻ കപൂറിനൊപ്പം ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ചിത്രത്തിൽ നിർണായക കഥാപാത്രമായി പ്രശാന്ത് എത്തുകയാണ്. ബോളിവുഡ് അരങ്ങേറ്റ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും പ്രതീക്ഷകളും പങ്കുവെക്കുകയാണ് പ്രശാന്ത് മനോരമ ന്യൂസ് ഡോട്ട് കോമിനോട്. 

''കഥാപാത്രത്തിനായി ദക്ഷിണേന്ത്യയിൽ ഒരു ഒഡീഷൻ സംഘടിപ്പിച്ചിരുന്നു. എന്നാൽ ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ പഠിച്ച ആളുകളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ പരിശോധിക്കാൻ തുടങ്ങി. ആ സമയത്താണ് ആരുടെയോ പ്രൊഫൈലിൽ യാദൃശ്ചികമായി എന്റെ ഫോട്ടോ കാസ്റ്റിങ് ഏജൻസിയുടെ ശ്രദ്ധയിൽപ്പെട്ടത്.  കഥാപാത്രവുമായി സാമ്യമുള്ളതിനാൽ എന്നെ വിളിച്ചു. ഒഡീഷൻ വിഡിയോ അയച്ചുകൊടുത്തു. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാത്ത  സമയത്ത് കൈവന്ന ഭാഗ്യമാണ് ഈ ബോളിവുഡ് ചിത്രം. ഹിന്ദി സിനിമയെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാത്തയാളാണ് ഞാൻ''-പ്രശാന്ത് പറയുന്നു. 

''യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്. മുംബൈ, ഡൽഹി, ബാംഗ്ലൂർ എന്നീ നഗരങ്ങളിലുൾപ്പെടെ ഇന്ത്യയിൽ നടന്ന 52 ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനായ ഭീകരനെ തേടിയുള്ള അഞ്ചംഗ സംഘത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇന്ത്യയുടെ ഒസാമ ബിൻ ലാദൻ എന്നാണ് ഭീകരനെ റോ വിശേഷിപ്പിച്ചത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥൻ 'പിള്ളൈ' എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. 

മധുരരാജയും ട്രിപ്പിൾ മധുരവും

മധുരരാജയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ് 'മോസ്റ്റ് വാണ്ടഡിന്റെ' ഷൂട്ടിങ്ങിനായി ബോംബെയിലേക്ക് പോയി. മൂന്ന് മാസം ബോംബെ, നേപ്പാൾ എന്നിവിടങ്ങളിലായി ചിത്രീകരണം. പ്രളയവും മറ്റുമായി മധുരരാജയുടെ ഷൂട്ടിങ് നീണ്ടുപോയി. തിരിച്ചെത്തിയ ശേഷം മധുരരാജ ടീമിനൊപ്പം ചേർന്നു. 

വി കെ ക്ലീറ്റസ് എന്ന രാഷ്ട്രീയനേതാവായാണ് മധുരരാജയിൽ എത്തിയത്. കഥാപാത്രവും സംഭാഷണങ്ങളും പ്രേക്ഷകർ ഏറെ ആസ്വദിച്ചതായി അറിഞ്ഞു. ആ ആഘോഷങ്ങൾക്കിടെയാണ് മോസ്റ്റ് വാണ്ടഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നത്. ട്രിപ്പിൾ മധുരമെന്ന് തന്നെ പറയാം. 

അവസരങ്ങളില്ലാത്ത മൂന്ന് വര്‍ഷങ്ങൾ

വാൽക്കണ്ണാടി എന്ന പരിപാടിയുടെ അവതാരകനായാണ് കാമറക്ക് മുന്നിലേക്കെത്തുന്നത്. നമ്മൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ സിനിമയെക്കുറിച്ച് വലിയ സ്വപ്നങ്ങളോ പ്രതീക്ഷകളോ ഒന്നുമില്ല. വലിയ നടന്മാർക്കൊപ്പം അഭിനയിച്ച്, അക്കാര്യങ്ങൾ കൂട്ടുകാരോട് പങ്കുവെക്കുകയായിരുന്നു അന്നത്തെ സിനിമാ അഭിനയത്തിന് പിന്നിൽ. അതിന് ശേഷം നിരവധി ക്യാംപസ് ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു.

ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലാണ് അഭിനയസാധ്യതയുള്ള, പ്രാധാന്യമുള്ള ഒരു വേഷം ലഭിച്ചത്. ചിത്രം വലിയ വിജയമായില്ലെങ്കിലും കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അന്നാണ് ഞാൻ അഭിനയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. നന്നായി അഭിനയിച്ചതിനാൽ ഒരുപാട് അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു. ഒന്നും സംഭവിക്കാതെ മൂന്ന് വർഷങ്ങൾ കടന്നുപോയി. 

ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു, പക്ഷേ കരിയറിൽ വളർച്ചയുണ്ടായില്ല. ഇതോടെ സംവിധാന സഹായം, എഴുത്ത് അങ്ങനെ സിനിമയുടെ മറ്റ് മേഖലകളിലേക്ക് കടക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. അങ്ങനെ ഒരു രക്ഷയുമില്ലാതെയിരുന്ന കാലത്താണ് ബെസ്റ്റ് ആക്ടറിലേക്ക് വിളി വരുന്നത്. അതിലും പിന്നീടഭിനയിച്ച ഓർഡനറിയിലും പ്രകടനം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ വീണ്ടും പഴയ അവസ്ഥ. അതെന്റ് കുഴപ്പമാണെന്നാണ് കരുതുന്നത്. അവസരങ്ങൾ തേടിപ്പോയിട്ടില്ല ഞാൻ. കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നുണ്ടല്ലോ, അതുകൊണ്ട് ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്നായിരുന്നു ധാരണ. 

അങ്ങനെ അവസരങ്ങളില്ലാതിരുന്ന സമയത്താണ് ആക്ഷൻ ഹീറോ ബിജുവിലെ കഥാപാത്രം ലഭിക്കുന്നത്. മൂന്ന് സീൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ഏറെ പ്രശംസ  ലഭിച്ച കഥാപാത്രമായിരുന്നു അത്. അതോടെ തലയിൽ ബൾബ് കത്തി. ഇപ്പോൾ കാത്തിരിപ്പൊന്നുമില്ല. എല്ലാവരെയും വിളിച്ച് സംസാരിക്കാൻ തുടങ്ങി. ഇപ്പോൾ ആവശ്യത്തിന് അവസരങ്ങളുണ്ട്. തമിഴിലും ഒരു സിനിമ ചെയ്യുന്നുണ്ട്.

മലയാളത്തിൽ അഭിനയസാധ്യതയുള്ള, പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിക്കണമെന്നാണ് ആഗ്രഹം. മരിക്കുമ്പോൾ പ്രശാന്ത് ഒരു നല്ല നടനായിരുന്നു എന്ന് ആളുകൾ പറയണം, അയാളെ മലയാളസിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല എന്ന് പറയുന്ന ഒരവസ്ഥ ഉണ്ടാകരുത് എന്നാണ് പ്രാർഥന''-പ്രശാന്ത് പറഞ്ഞു. 

പ്രശാന്ത് അഭിനയിച്ച ബോളിവുഡ് ചിത്രത്തിന്റെ ടീസർ കാണാം: 

MORE IN ENTERTAINMENT
SHOW MORE