മധുരരാജയിലെ മമ്മൂട്ടിയെ പ്രൊഫൈൽ പിക്ച്ചറാക്കി; ഷൈൻ ടോമിന് തെറിവിളി

mammootty-shine-fb-post
SHARE

എല്ലാം പരിധികളും ലംഘിച്ചുള്ള അമിതമായ താരങ്ങളോടുള്ള ആരാധന തമിഴകത്ത് പല പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. ചിലപ്പോഴൊക്കെ അതിന് സമാനമാണ് മലയാളത്തിലെ ചില അന്ധമായ ആരാധകർ. ഇപ്പോഴിതാ അക്കൂട്ടത്തിൽ ഒരു ആരാധനയുടെ ഫലം പങ്കുവയ്ക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മധുരരാജയുടെ റിലീസിന് പിന്നാലെ താരത്തിന്റെ ഫെയ്സ്ബുക്കിന്റെ മുഖചിത്രം മമ്മൂട്ടിയുടേതാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ഒരു മോഹൻലാൽ ‘ആരാധകൻ’ ചാറ്റ് ബോക്സിലെത്തിയത്.

'മമ്മുണ്ണി ഫാനാണല്ലെ... ലൂസിഫര്‍ കണ്ടോ മോനൂസേ.. പടം കോടി ക്ലബില്‍ കേറിയത് സഹിക്കുന്നില്ല അല്ലേ..’ ഇത്തരത്തിൽ പരിധി വിട്ട സംസാരമാണ് ഇയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നിനക്ക് നല്ല സുഖമില്ലേയെന്ന് ഷൈൻ തിരിച്ച് ചോദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മമ്മൂട്ടിയെ അപഹസിച്ചും മോഹൻലാലിനെ പുകഴ്ത്തിയും കോടി ക്ലബ്ലിൽ കയറിയ വീമ്പും പറഞ്ഞ് അന്ധമായ ആരാധന പ്രകടിപ്പിക്കാനുള്ള തിരക്കിലായിരുന്നു ഇൗ ആരാധകൻ. ഒടുവിൽ സഹികെട്ട് ഇൗ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം പങ്കുവച്ചിരിക്കുകയാണ് ഷൈൻ.

‘മമ്മൂക്കയുടെ കൂടെ വർക്ക്‌ ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്നേഹത്തെയും കുറിച്ച്...ഞാൻ ആ വ്യക്തിയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു...അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും...ആ സ്നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും.’ താരം കുറിച്ചു. ഇതിന് പിന്നാലെ ഇൗ വിവരക്കേട് കാണിച്ച ആരാധകനെ തള്ളി മോഹൻലാൽ ആരാധകർ തന്നെ കമന്റുമായി എത്തിയിട്ടുണ്ട്. ‘പറയിപ്പിക്കാനായിട്ട്‌ ഓരോന്ന് ഇറങ്ങിക്കോളും. മധുരരാജ നല്ല സിനിമയാണെങ്കിൽ അത്‌ വിജയിക്കുക തന്നെ ചെയ്യും. നല്ല സിനിമകൾ വിജയിക്കുകയും വേണം. ഞാൻ മധുരരാജ കണ്ടു. നല്ല ഒരു മാസ്‌ കോമഡി മൂവിയാണ്‌. എനിക്ക്‌ നന്നായി ഇഷ്ടപ്പെട്ടു.’ ഒരു മോഹൻലാൽ ആരാധകൻ കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം... ഞാൻ ചെറുപ്പം മുതൽക്കേ തന്നെ ഒരു കടുത്ത ലാലേട്ടൻ ആരാധകൻ ആണ്...ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല...നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കിൽ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ...നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്... 

ഞാൻ ലാലേട്ടനെ ആരാധിക്കാൻ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല... ആ സ്നേഹത്തിനു നിന്നെക്കാൾ പഴക്കമുണ്ട്...അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്...ഞാൻ ഒന്നിൽ കൂടുതൽ സിനിമകൾ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വർക്ക്‌ ചെയ്തിട്ടുണ്ട്...

അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വർക്ക്‌ ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്നേഹത്തെയും കുറിച്ച്...ഞാൻ ആ വ്യക്തിയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു...അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും...ആ സ്നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും...പിന്നെ എന്റെ സിനിമകൾ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം...അതിനെ നിനക്കു വിമർശിക്കാം എന്തു വേണോ ചെയ്യാം... അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാൻ വരല്ലേ...

MORE IN ENTERTAINMENT
SHOW MORE