കമന്‍റില്‍ മമ്മൂട്ടിയുടെ ഇടപെടല്‍; കുട്ടികളുടെ വിദ്യാഭ്യാസച്ചിലവ് നല്‍കും; പ്രതിനിധി വീട്ടിലെത്തും

mammootty-premkumar-11-04
SHARE

മമ്മൂട്ടിയുടെ ഔദ്യോഗിക പേജിൽ സഹായം അഭ്യർഥിച്ച പ്രേംകുമാറിന് കൈത്താങ്ങായി മമ്മൂട്ടി തന്നെ നേരിട്ട് ഇടപെടുന്നു. കഴിഞ്ഞ ദിവസം ആരാധകര്‍ പിന്തുണയറിച്ചതിന് പിന്നാലെ പ്രേംകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസച്ചിലവ് മമ്മൂട്ടി ഏറ്റെടുക്കുകയായിരുന്നു. 

മമ്മൂട്ടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത മധുരരാജ പോസ്റ്ററിന് താഴെയാണ് വീടും സ്ഥലവുമില്ലെന്ന് ആരാധകന്‍ കമന്റ് ചെയ്തിരുന്നു. പത്തനാപുരം പുനലൂർ സ്വദേശിയായ പ്രേം കുമാർ ആണ് അഭ്യർഥനയുമായി എത്തിയത്. ''ഞാൻ അസുഖ ബാധിതനായി നാലുവർഷം കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക''-എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കഴിയുന്ന സഹായം ചെയ്യണമെന്ന സന്ദേശം ആരാധകർ ഗ്രൂപ്പുകളിലും മറ്റും പങ്കുവെച്ചു. പിന്നാലെ കമന്റ് മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതായി മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. 

‘ഇന്നലെ തന്നെ നിങ്ങളുടെ ശ്രമങ്ങൾക്ക് പരിഹാരം ഉണ്ടായ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ ആഗ്രഹം പോലെ തന്നെ മമ്മൂക്ക അത് കണ്ടു. ഉടനടി വിഷയം പഠിക്കാൻ നമ്മുടെ ഓഫിസിനെ ചുമതലപെടുത്തിയിരുന്നു. അതിനെ തുടർന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പ്രോജക്ട് ഓഫിസറും തുടർന്ന് മാനേജിങ് ഡയറക്ടർ റവ. ഫാ: തോമസ് കുര്യൻ മരോട്ടിപ്പുഴയും പ്രേം കുമാറുമായി സംസാരിച്ചു.

നിലവിൽ മമ്മുക്ക നേതൃത്വം കൊടുക്കുന്ന ക്ഷേമ പദ്ധതികളിൽ ഒന്നും പരിഹരിക്കാൻ ആവുന്ന പ്രശ്നങ്ങൾ അല്ല അദ്ദേഹത്തിന്റെത് എങ്കിലും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് കൊടുക്കണം എന്ന മമ്മൂക്കയുടെ നിർദ്ദേശം അനുസരിച്ചു പ്രേംകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആദ്യം അടിയന്തിരമായി ഒരു സഹായം നൽകുന്നതാണ്. കൂടാതെ മമ്മൂക്ക ആവശ്യപ്പെട്ട പ്രകാരം പ്രേംകുമാറിന്റെ വീട് ബഹുമാനപ്പെട്ട അച്ഛൻ അടുത്ത ദിവസങ്ങളിൽ തന്നെ സന്ദർശിക്കുകയും സഹായിക്കാവുന്ന കൂടുതൽ സാദ്ധ്യതകൾ ആരായുന്നതുമാണ്..’  

പ്രേംകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസച്ചിലവിനായി അടിയന്തര സഹായം മമ്മൂട്ടി നൽകും. നേരത്തെ ആരാധകരിൽ നിരവധി പേർ പ്രേം കുമാർ നൽകിയ നമ്പറിൽ വിളിച്ച് സഹായിക്കാൻ തുടങ്ങിയിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE