‘നയന്‍താര അര്‍പ്പണബോധമുള്ള നടി; ഒപ്പം പ്രവര്‍ത്തിച്ചതില്‍ അഭിമാനം’; രാധാരവിക്കെതിരെ രാധിക

radhika-support-nayanthara
SHARE

നയൻതാരയെ പൊതുവേദിയിൽ അപമാനിച്ചു സംസാരിച്ച തമിഴ്നടൻ രാധാ രവിക്കെതിരെ, രവിയുടെ സഹോദരിയും നടിയുമായ രാധിക ശരത്കുമാറും രംഗത്ത്. തമിഴിലെ പഴയകാല നടന്‍ എം.ആര്‍.രാധയുടെ മക്കളാണ് രാധാ രവിയും രാധികയും.

ഇന്ന് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും അര്‍പ്പണബോധമുള്ള നടിമാരില്‍ ഒരാളാണ് നയന്‍താരയെന്നും അവരെ മനസ്സിലാക്കാന്‍ സാധിച്ചതിലും അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചതിലും തനിക്ക് അഭിമാനമുണ്ടെന്നുമാണ് രാധിക പറയുന്നത്.

രാധാ രവി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ താന്‍ മുഴുവനായി കണ്ടിട്ടില്ലെന്നും, എന്നാല്‍ രവിയെ നേരില്‍ കാണുകയും ഈ പ്രവണത നല്ലതല്ലെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്നും രാധിക വ്യക്തമാക്കി.

നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന ‘കൊലയുതിര്‍ കാലം’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശങ്ങൾ.

നയന്‍താരയെ തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാറുകളായ രജനികാന്തും എംജിആറുമായി താരതമ്യം ചെയ്യരുതെന്നും നയന്‍താരയുടെ വ്യക്തിജീവിതത്തില്‍ ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും അവര്‍ സിനിമയില്‍ നിലനില്‍ക്കുന്നത് തമിഴ്നാട്ടുകാര്‍ എല്ലാം പെട്ടെന്ന് മറക്കുന്നത് കൊണ്ടാണെന്നുമാണ് രാധാ രവി പറഞ്ഞത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാധാ രവിയെ രാഷ്ട്രീയ പാർട്ടിയായ ഡി.എം.കെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE