ഗുജറാത്ത് കലാപകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് മോദി; സിനിമയുടെ ട്രെയിലര്‍: വിഡിയോ

PM-MODI-TRAILOR
SHARE

പ്രധാനമന്ത്രി നരന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പിഎം നരേന്ദ്രമോദിയുടെ ട്രെയിലറെത്തി.  പ്രധാനമന്ത്രിയായ മോദിയേക്കാള്‍ മുഖ്യമന്ത്രിയായ മോദിയെയാണ് സിനിമ കൂടുതല്‍ പകര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സിനിമയുടെ വരവെന്ന് ട്രെയിലറിലെ രംഗങ്ങള്‍ കൃത്യമായ സൂചന നല്‍കുന്നു. നരേന്ദ്രമോദിക്കെതിരെ ഗൂഢാലോചന നടത്തുന്ന പ്രതിപക്ഷത്തെയും ട്രെയിലറില്‍ കാണാം. 

പല ഘട്ടങ്ങളിലെ മോദിയെ ട്രെയിലറില്‍ കാണാം. കുഞ്ഞുന്നാളില്‍ ചായ വില്‍ക്കുന്ന, സന്യാസിയാകണമെന്ന് അമ്മയോട് പറയുന്ന, യുവാവായിരിക്കെ സൈന്യത്തിനൊപ്പം ഓപ്പറേഷനില്‍ പങ്കാളിയാകുന്ന, മഞ്ഞിലൂടെ നടക്കുന്ന, ഗുജറാത്ത് കലാപകാലത്ത് സങ്കടപ്പെടുന്ന, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്ന മോദിയുടെ ജീവിതത്തിലെ കാലങ്ങളും അനുഭവങ്ങളും സിനിമ പറയുന്നു.  

മോദിയുടെ ചെറുപ്പകാലവും അടിയന്തരവസ്ഥക്കാലത്തെ ജീവിതവും ഗുജറാത്ത് കലാപവുമൊക്കെ ചിത്രത്തിന് സജീവ വിഷയമാകുന്നുവെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ബിജെപി കേന്ദ്രങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്. ‘മേരി കോം’, ‘സരബ്ജിത്’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധായകനാണ് ഇദ്ദേഹം. 

വിവേക് ഒബ്റോയിയുടെ പിതാവും സിനിമ നിര്‍മ്മാതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രിയായി മാറിയ നരേന്ദ് മോദിയെ പറ്റിയുള്ള ചിത്രം ചിത്രീകരിക്കുന്നത് ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ്. ‘എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ഇന്ദിര ഗാന്ധി, സോണിയ തുടങ്ങിയ കഥാപാത്രങ്ങൾ ഉള്ള ചിത്രം തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകുമെന്ന് ഉറപ്പാണ്. ഏപ്രിൽ അഞ്ചിനാണ് റിലീസ്.

MORE IN ENTERTAINMENT
SHOW MORE