ശക്തയായ പെണ്ണുങ്ങളെ ഒടുക്കം നായകന്റെ നിഴലാക്കുന്ന തന്ത്രം; പരിഹസിച്ച് കുറിപ്പ്

malayalam-film-mysogyni-post
SHARE

മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെയും ആണത്ത ആഘോഷത്തെയും തുറന്നുകാട്ടി ഒരു കുറിപ്പ്. റിത്വിക് ജിഡി എന്ന യുവാവ് സിനിമാ പാരഡൈസോ ക്ലബ്ബിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ചർച്ചയായത്.   മലയാളസിനിമ എക്കാലത്തും ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെന്നും അവരെയൊക്കെ നായകന്റെ നിഴലിൽ വരുത്തിയിട്ടുണ്ടെന്നും റിത്വിക് കുറിപ്പിൽ പറയുന്നു. 

സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ സ്ത്രീ കഥാപാത്രങ്ങളെ ഉദാഹരിച്ചാണ് അവലോകനം. ദേവാസുരത്തിലെ ഭാനുമതി, നരസിംഹത്തിലെ അനുരാധ, ആറാം തമ്പുരാനിലെ നയൻതാര, സമ്മർ ഇൻ ബത്‌ലഹേമിലെ ആമി, സ്പിരിറ്റിലെ മീര എന്നിങ്ങനെ ശക്തരായ സ്ത്രീകളെ ആദ്യഘട്ടത്തിൽ അവതരിപ്പിക്കുകയും പിന്നീട് നായകന്റെ മുന്നിൽ മാൻപേടയായി അവതരിപ്പിക്കുകയും ചെയ്യുന്നു. 

സിനിമയിൽ ഫെമിനിസം കൊണ്ടുവരാനല്ല ഈ തന്ത്രം. പെണ്ണുങ്ങളെ ഒടുക്കം നായകന്റെ അമ്പത്താറിഞ്ച് നെഞ്ചിലേക്ക് ചേർക്കുമ്പോ സിനിമ ഉണ്ടാക്കുന്നവനും കാണുന്നവനുമുണ്ടാകുന്ന ആ രതിമൂർച്ഛക്ക് വേണ്ടിയാണെന്ന് കുറിപ്പ് പറയുന്നു. 

കുറിപ്പ് വായിക്കാം: 

സംവിധായകൻ/തിരക്കഥാകൃത്ത് രഞ്ജിത്ത് പലപ്പോഴും ഉപയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. അയാളെക്കൊണ്ട് പറ്റുന്നത്ര ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കും. ധൈര്യശാലികളായ, കാര്യപ്രാപ്തിയുള്ളവരായ, ബുദ്ധിമതികളായ, ലിബറേറ്റഡ് ആയ, ഔട്ട് ഓഫ് ദ ബോക്സ് ടൈപ്പ് എന്ന് വിളിക്കാവുന്ന, അഹങ്കാരികളായ ഭീകരികളെ സൃഷ്ടിക്കുന്നു. എന്തിനാ? സിനിമയിൽ ഫെമിനിസം കൊണ്ട് വരാനാണോ? അല്ല. ഇങ്ങനെയൊക്കെയുള്ള പെണ്ണുങ്ങളെ ഒടുക്കം നായകന്റെ അമ്പത്താറിഞ്ച് നെഞ്ചിലേക്ക് ചേർക്കുമ്പോ സിനിമ ഉണ്ടാക്കുന്നവനും കാണുന്നവനുമുണ്ടാകുന്ന ആ രതിമൂർച്ഛയുണ്ടല്ലോ, അതിലേക്കെത്താൻ വേണ്ടിയാണ്.

രഞ്ജിത്തിന്റെ ഏറ്റവും കൊണ്ടാടപ്പെട്ട സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് ദേവാസുരത്തിലെ ഭാനുമതി. നീലകണ്ഠന്റെ മുഖത്തേക്ക് ചിലങ്ക എറിഞ്ഞവൾ. മാപ്പ് പറയാൻ വന്നവനോട് താൻ പോയി ചാവ്, എന്നിട്ട് ചിലങ്ക കെട്ടിക്കോളാം എന്ന് പറയുന്നവൾ. കിടക്കാനിടം തന്നതിന്റെ പേരിൽ കയറിപ്പിടിക്കാൻ വന്നവനെ നിലയ്ക്ക് നിർത്തുന്നവൾ, സ്നേഹവും പണവും കാണിച്ച് കെട്ടാൻ വന്ന മദിരാശിക്കാരൻ മുറച്ചെറുക്കനോട് പറ്റില്ല എന്ന് തറപ്പിച്ച് പറയുന്നവൾ. ഇത്രയൊക്കെ അവളെക്കൊണ്ട് ചെയ്യിക്കുന്നത് ഫെമിനിസ്റ്റാക്കാനാണോ? അല്ല. തല താഴ്ത്തി 'കളിയാക്കരുതെന്ന് പറയൂ വാര്യരമ്മാവാ' എന്ന് നായകന്റെ മുന്നിൽ മാൻപേടയാവാനുള്ള മുന്നൊരുക്കങ്ങൾ മാത്രമായിരുന്നു ബാക്കിയെല്ലാം.

ഇനി സ്ത്രീവിരുദ്ധത ഏറ്റവും കൂടുതൽ ആരോപിക്കപ്പെട്ട നരസിംഹത്തിൽ നോക്കൂ. എന്തൊരു പെണ്ണാണ് അനുരാധ. കാക്കത്തള്ളായിരം പിജിയും പിഎച്ച്ഡിയുമുള്ളവൾ. പെണ്ണുങ്ങളെ പുറത്ത് കാണാനില്ലാത്ത നാട്ടിൽ കാറെടുത്ത് 'എഹ്ഹെഹേ എഹ്ഹെഹേ' എന്ന് പറക്കുന്നവൾ. കെട്ടാൻ വരുന്ന കോന്തന്മാരുടെ മുഖത്ത് നോക്കി എനിക്ക് തന്നെ ഇഷ്ടമായില്ല എന്ന് പറയുന്നവൾ. ഭൂലോക റൗഡികളായ അച്ഛന്റെയും ചേട്ടന്റെയും അമ്മാവന്റേയും മുഖത്ത് നോക്കി നിങ്ങൾ കൊല്ലാൻ നടക്കുന്നവനോട് എനിക്ക് മുടിഞ്ഞ പ്രേമമാണെന്ന് പറയുന്നവൾ. എന്തിനാ? 'കാലു മടക്കി തൊഴിക്കാൻ പെണ്ണിനെ വേണമെ'ന്ന് അവൻ പറയുമ്പോ വ്രീളാവതിയാവാൻ!

വല്യ വീട്ടിൽ ജനിച്ച, വല്യ പഠിപ്പുള്ള, ലോകം ചുറ്റിക്കറങ്ങുന്ന, തന്റേടിയായ നയൻതാര ജഗന്നാഥനെ തേടി വരുന്നത് (ആറാം തമ്പുരാൻ), മിടുക്കിയായ, തന്റേടിയായ, ജീവിതത്തെ ആഘോഷമാക്കി മാറ്റുന്ന ആമി എന്ന അഭിരാമി 'മരിക്കുന്നതിന് മുൻപ് ഈ താലിയൊന്ന് കെട്ടൂ നിരഞ്ജൻ' എന്ന് കരയുന്നത് ( സമ്മർ ഇൻ ബത് ലഹേം), ബോംബെയിലെ ഫ്ലാറ്റിൽ നിന്ന് പാതിരാത്രി പെട്ടിയും കിടക്കയും എടുത്തിറങ്ങാൻ ധൈര്യം കാണിച്ചവളും, ഭർത്താവിനോടൊപ്പം സക്സസ്ഫുളായ റെസ്റ്റോറന്റും സാറ്റിസ്ഫൈയിംഗ് ആയ ജീവിതവും നടത്തിക്കൊണ്ടു പോവുന്ന മീര 'ഇങ്ങനെ ഒരു രാത്രി എനിക്ക് വേണ്ടി മാറ്റിവെച്ചു കൂടായിരുന്നോ' എന്ന് ചോദിക്കുന്നത് (സ്പിരിറ്റ്) അവരുടെ ഉള്ളിലെ പ്രണയം തുറന്ന് കാണിക്കാൻ വേണ്ടി മാത്രമാണ് എന്ന് കരുതുന്നത് നിഷ്കളങ്കതയല്ലാതെ മറ്റൊന്നല്ല.

പെണ്ണിനെ കീഴടക്കൽ ആണിന്റെ ആനന്ദങ്ങളിലൊന്നാണ്. പെണ്ണിന് ശക്തി കൂടുന്തോറും ആനന്ദത്തിന് മൂർച്ച കൂടിക്കൊണ്ടിരിക്കും. വഴങ്ങാൻ സാധ്യതയില്ലാത്തവളെ മെരുക്കുന്നതിനോളം ആണത്ത ഉദ്ഘോഷം മറ്റെന്തിനുണ്ട്? മലയാളസിനിമ എല്ലാക്കാലത്തും ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അവരെയൊക്കെ നൈസായിട്ട് തേച്ചിട്ടുമുണ്ട്.

https://www.facebook.com/groups/CINEMAPARADISOCLUB/?multi_permalinks=2691844587556391&notif_id=1553091186261766&notif_t=group_highlights

MORE IN ENTERTAINMENT
SHOW MORE