അച്ഛനെ ഇങ്ങനെ കാണാനാണ് ഇഷ്ടം..’; സിനിമയിലെത്തിയ സുരേഷ് ഗോപിയോട് ഗോകുല്‍: ഉള്ളില്‍ തട്ടി

suresh-gopi-bhaavni-gokul11
SHARE

സിനിമാരംഗത്തേക്ക് തിരിച്ചു വരികയാണ് നടൻ സുരേഷ് ഗോപി. താരത്തിന്റെ ചലച്ചിത്ര രംഗത്തേക്കുള്ള തിരിച്ചുവരവ് കാണാൻ മക്കളായ ഗോകുൽ സുരേഷും മകൾ ഭാവ്നിയും ലൊക്കേഷനിൽ എത്തി. തന്റെ ആഹ്ലാദം അച്ഛനോട് നേരിട്ട് പ്രകടിപ്പിക്കാനും ഗോകുൽ മറന്നില്ല. ലൊക്കേഷനില്‍ ‍വച്ച് ഗോകുൽ അച്ഛനോട് പറഞ്ഞ വാക്കുകൾ തന്റെ ഹൃദയത്തിൽ തട്ടിയെന്ന് സുരേഷ് ഗോപി പറയുന്നു.

‘സെറ്റിലെത്തിയ ഗോകുൽ, എന്റെ അടുത്തുനിന്നും കുറച്ചുമാറി കൈകെട്ടി നിൽക്കുകയായിരുന്നു. പെട്ടെന്ന് ‘അച്ഛാ’ എന്ന് വിളിച്ചതിനു ശേഷം അവൻ പറഞ്ഞു, ‘ലൈറ്റുകളെയും അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും അച്ഛൻ വീണ്ടും അഭിമുഖീകരിക്കുന്നതിൽ ഒരുപാട് സന്തോഷം. അച്ഛാ ഒത്തിരി സന്തോഷം തോന്നുന്നു. അച്ഛനെ എന്നും ഇങ്ങനെ കാണാനാണ് എനിക്ക് ആഗ്രഹം.’

suresh-gopi-bhaavni-gokul-wife-4

‘അവന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽതട്ടി. എന്നാൽ സാമൂഹിക പ്രവർത്തകനെന്ന നിലയിൽ എന്നില്‍ ഭരമേൽപിച്ചിരിക്കുന്ന ഉത്തരവാദിത്തത്തിൽ എനിക്ക് അവബോധമുണ്ട്. മാതൃരാജ്യത്തിനായി അത് നിറവേറ്റാൻ എന്തുവിലകൊടുക്കാനും ഞാൻ തയാറാണ്.’–സുരേഷ് ഗോപി പറഞ്ഞു. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ‘തമിഴരശന്‍’എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചുവരവ്. 

suresh-gopi-bhaavni-gokul-wife-5

മലയാള സിനിമയില്‍ ഒരു കാലത്തു ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റിയതോടെ അദ്ദേഹം സിനിമയിൽനിന്ന് അകന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെക്കുറിച്ച് ഇടയ്ക്ക് പലവട്ടം വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതൊന്നും താരം സ്ഥിരീകരിച്ചിരുന്നില്ല. 

കഴിഞ്ഞ നാലു വർഷമായി സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ചിട്ടില്ല. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. അതേ വർഷം തന്നെയായിരുന്നു ഐ യും റിലീസ് ചെയ്തത്. ചിത്രത്തിൽ ഡോ. വാസുദേവൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് സുേരഷ് ഗോപി അവതരിപ്പിച്ചത്. സിനിമയിലെ സുരേഷ് ഗോപിയുടെ ‘അതുക്കും മേലെ’ എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ‘ഐ’യ്ക്കു ശേഷം അദ്ദേഹം തമിഴിൽ സിനിമ ചെയ്തില്ല.

‘ദാസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗേശ്വരന്‍ ഒരുക്കുന്ന ‘തമിഴരശന്‍’ ഒരു ആക്‌ഷന്‍ എന്റര്‍ടെയ്നര്‍ ആണ്. രമ്യാ നമ്പീശനാണ് നായിക. ആര്‍. ഡി. രാജശേഖര്‍ ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിർമാണം എസ്എന്‍എസ് മൂവീസ് ആണ്. 

ഇതിനിടെ മലയാളത്തിൽ ലേലം 2 –വിലൂടെയും നവാഗതൻ ഒരുക്കുന്ന ആക്‌ഷൻ ത്രില്ലർ ചിത്രത്തിലൂടെയും താരം ശക്തമായ തിരിച്ചുവരവിന് തയാറെടുക്കുന്നുവെന്ന് റിപ്പോർട്ട് ഉണ്ട്. 'കസബ'യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലം 2വിൽ ആനക്കാട്ടിൽ ചാക്കോച്ചിയുടെ മകൻ ‘കൊച്ചു ചാക്കോച്ചി’യായി ഗോകുൽ സുരേഷ് അഭിനയിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE