നിങ്ങൾക്ക് ഊഹിക്കാൻ കഴിയാത്ത ട്വിസ്റ്റുകൾ; ലൂസിഫറിനെക്കുറിച്ച് ബാല; വിഡിയോ

lucifer-bala-12-03
SHARE

പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും ഇതിനകം തന്നെ ആരാധകർ രണ്ടകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മറ്റൊരു വിവരം പങ്കുവെക്കുകയാണ് നടൻ ബാല. 

പ്രേക്ഷകർക്ക് ഊഹിക്കാൻ പോലും കഴിയാത്ത ട്വിസ്റ്റകൾ നിറഞ്ഞ സിനിമയായിരിക്കും ലൂസിഫറെന്നാണ് ബാല പറയുന്നത്. നിറയെ ട്വിസ്റ്റുകൾ നിറഞ്ഞ , എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഫാമിലി എന്റർടെയ്നറായിരിക്കും ലൂസിഫറെന്നും ബാല പറഞ്ഞു. താൻ ആദ്യമായി സംവിധാനം ചെയ്ത ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിൽ പൃഥ്വിയെ അഭിനയിപ്പിക്കാൻ സാധിക്കാതിരുന്നതിന്റെ വിഷമം ലൂസിഫർ സിനിമയിലൂടെ മാറിയെന്നും ബാല വ്യക്തമാക്കി.

''ഇത്രയും വലിയ താരനിരയും സാങ്കേതിക പ്രവർത്തകർകരും നിറഞ്ഞ സിനിമ, അതുകൊണ്ടുതന്നെ ഷൂട്ടിങ് സെറ്റും ഭയങ്കര സീരിയസ് ആയിരിക്കുമെന്ന് ഓർത്താണ് ഷൂട്ടിന് ചെല്ലുന്നത്. എന്നാൽ ഞാൻ വിചാരിച്ചതുപോലെയേ ആയിരുന്നില്ല. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കളിതമാശകൾ പറഞ്ഞ് ഇരിക്കുന്നു. ആക്‌ഷൻ രംഗങ്ങൾ ചെയ്യുമ്പോഴും അങ്ങനെ തന്നെ. ബുദ്ധിമുട്ടേറിയ ഫൈറ്റ് രംഗങ്ങളായിരുന്നു സിനിമയുടേതെങ്കിലും ആസ്വദിച്ചാണ് അഭിനയിച്ചത്. തിരക്കഥാകൃത്തായ മുരളി ഗോപി സാർ മുഴുവൻ സമയവും സെറ്റിലുണ്ടായിരുന്നു. 

''എന്റെ സുഹൃത്ത് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. എന്റെ ജീവിതത്തിൽ ആദ്യമായി സിനിമ സംവിധാനം ചെയ്തപ്പോൾ (ഹിറ്റ്ലിസ്റ്റ്) പൃഥ്വിയെ അഭിനയിക്കാൻ വിളിച്ചിരുന്നു. എല്ലാവർക്കും അറിയാം ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന്. സിനിമയേക്കാൾ ഉപരി ജീവിതത്തിലും നല്ല സുഹൃത്തുക്കൾ. സിനിമയില്‍ അതിഥിവേഷമായിരുന്നു, അദ്ദേഹം അഭിനയിക്കാം എന്നു പറഞ്ഞു.

''ബോംബെയിൽ ഹിന്ദി സിനിമയുടെ ഷൂട്ടിങിലായിരുന്നു പൃഥ്വി. ആ സമയത്താണ് സുപ്രിയ എനിക്കൊരു മെസേജ് അയക്കുന്നത്. പൃഥ്വിക്ക് ചിക്കൻപോക്സ് ആണെന്നും ഷൂട്ടിന് വരാൻ കഴിയില്ലെന്നുമായിരുന്നു മെസേജ്. അതെന്നെ വളരെ വിഷമിപ്പിച്ചു. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ സുഹൃത്തിനോടൊപ്പം പ്രവർത്തിക്കാൻ കഴിയാത്തതായിരുന്നു എന്റെ വിഷമം. പക്ഷേ അത് ഇപ്പോൾ മാറി. എന്റെ സുഹൃത്ത് സംവിധാനം ചെയ്യുന്ന പടത്തിൽ ഞാൻ അഭിനയിച്ചു.

''ഇതിൽ ഒരുപാട് താരങ്ങളുണ്ട്. ചെറിയൊരു കഥാപാത്രമാണെങ്കിലും അതൊക്കെ ചെയ്തിരിക്കുന്നത് വലിയ വലിയ താരങ്ങളാണ്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ പ്രഗത്ഭരാണ് അണിനിരക്കുന്നത്. ഒറ്റക്കാര്യം ഉറപ്പായി പറയാം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഫാമിലി എന്റർടെയ്നറായിരിക്കും ലൂസിഫർ. കൂടാതെ നിറയെ ട്വിസ്റ്റുകളും. നിങ്ങളാരും വിചാരിക്കാത്ത രീതിയിലുള്ള ട്വിസ്റ്റ് ഈ സിനിമയിലുണ്ട്. ഫെസ്റ്റിവൽ സമയങ്ങളില്‍ ചിത്രങ്ങൾ റിലീസ് ചെയ്യാറുണ്ട്. പക്ഷേ എന്ന് ലൂസിഫർ ഇറങ്ങുന്നോ അന്ന് ഉത്സവമായിരിക്കും. അതാണ് എന്നെ സംബന്ധിച്ചടത്തോളം ഈ ചിത്രം.’–ബാല പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE