പുത്തൻ ക്ലൈമാക്സുമായി അഡാറ് ലവ്, നേരത്തെ കണ്ടവർക്കു സൗജന്യം, പക്ഷെ..

adar-love-climax
SHARE

കണ്ണടച്ചു തുറക്കും മുൻപ് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു ഒരു അഡാറ് ലവ് എന്ന ചിത്രം. റിലീസിനു മുൻപ് തന്നെ ഏറെ ചർച്ചയായ സിനിമ. ഒടുവിൽ ചിത്രം പുറത്തിറങ്ങിയപ്പോഴും വിവാദം കണ്ണടക്കുന്ന മട്ടില്ല. 

ക്ലൈമാക്സിനെച്ചൊല്ലിയാണ് പുതിയ വിവാദം. മാറ്റം വരുത്തിയ പുതിയ ക്ലൈമാക്സുമായി ചിത്രം ഇന്ന് തിയറ്ററുകളിലെത്തുമെന്നു സംവിധായകൻ ഒമർ ലുലു ഫേസ്ബുക്ക് പേജിൽ അറിയിച്ചു. ഇന്ന് മുതൽ പുതിയ ക്ലൈമാക്സും പല മാറ്റങ്ങളുമായി “ഒരു അഡാറ് ലവ് “ നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്. മുന്നേ തന്നെ പടം കണ്ടവർ ,സിനിമ കണ്ട ടിക്കറ്റുമായി ,അഡാറ് ലവ് ഇപ്പോൾ കളിക്കുന്ന ,നിങ്ങൾ ചിത്രം കണ്ട തിയറ്ററിൽ ബന്ധപ്പെട്ടാൽ പടം രണ്ടാം തവണ സൗജന്യമായി കാണാവുന്നതാണ് (Offer valid only for today ). ഇതായിരുന്നു സംവിധായകന്റെ ഫേസ്ബുക്ക് കുറിച്ച്. 

ചിത്രത്തെ ‍‍ഡീഗ്രേഡ് ചെയ്യുന്നത് ചിലർ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നു സംവിധായകൻ നേരത്തെ മനോരമ ന്യൂസിനോടു പറഞ്ഞിരുന്നു. ''ആരാണ് ഇതിനു പിന്നിലെന്ന് അറിയില്ല. ചിത്രം ഇഷ്ടപ്പെട്ട ഒരുപാട് ആളുകളുണ്ട്. സിനിമ ഇറങ്ങുന്നതിനു മുൻപേ ഡീഗ്രേഡിങ്ങ് ക്യാംപെയിൻ നടക്കുന്നുണ്ട്. ഷോ കഴിയുന്നതിനു മുൻപേ നെഗറ്റീവ് റിവ്യൂകൾ വന്നുകഴിഞ്ഞിരുന്നു. ഒരുപാട് ആളുകൾ ചിത്രത്തെ ‌‍ടാർഗറ്റ് ചെയ്തിരുന്നു. ഫെയ്സ്ബുക്കിൽ ആദ്യം ചിത്രത്തെ കുറേ പ്രൊമോട്ട് ചെയ്തു. പിന്നെ ഡീഗ്രേഡ് ചെയ്തു. ചിലർ പറയുന്നു പ്രിയാ വാര്യരോടുള്ള ദേഷ്യമാണെന്ന്, മറ്റു ചിലർ പറയുന്നു, എന്നോടുള്ള ദേഷ്യമാണെന്ന്. എന്താണ് കാരണമെന്ന് എനിക്കറിയില്ല. ''. 

ഇപ്പോഴത്തെ ക്ലൈമാസ് മാറ്റുന്നത് സോഷ്യൽ സമ്മര്‍ദം കൊണ്ടു മാത്രമല്ല. ചിത്രത്തിൻറെ നിർമാതാവും ഇതേ കാര്യം നിർദേശിച്ചിരുന്നു. ഇത് കുടുംബപ്രേക്ഷകരെ കൂടി ഉദ്ദേശിച്ചുള്ള സിനിമയാണ്. അതേസമയം ചങ്ക്സ് ഒക്കെ യൂത്തിനെ മാത്രം ടാർഗറ്റ് ചെയ്ത് നിർമിച്ചതായിരുന്നു. ചില പ്രേക്ഷകർക്ക് ഇപ്പോഴുള്ള ക്ലൈമാക്സ് ഇഷ്ടപ്പെട്ടില്ല. അതേസമയം നിലവിലെ ക്ലൈമാസ് ഇഷ്ടപ്പെട്ടവരുമുണ്ട്. അത്രയും നേരം തമാശയിലൂടെ കഥ പറഞ്ഞ് പെട്ടെന്ന് ഡാർക്ക് എൻഡിങ്ങ് ആയപ്പോള്‍, കുടുംബപ്രേക്ഷകർക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്കൊക്കെ ഭയങ്കര സങ്കടമാണ്. 

നൂറിൻ തന്നെയാണ് ഇപ്പോഴും നായികയെന്നും ഒമര്‍ ലുലു പറയുന്നു: ''പാട്ട് ഹിറ്റായപ്പോൾ പ്രിയക്കു വേണ്ടി കുറച്ചു സീനുകൾ എഴുതിച്ചേർത്തിരുന്നു എന്നത് സത്യമാണ്. സിനിമ കാണുമ്പോൾ അറിയാം നൂറിനാണ് ഇതിലെ നായികയെന്ന്''. 

ട്രോളുകൾ ആസ്വദിക്കുന്നു. അപ്പോഴും ഇപ്പോഴും. സിനിമ ഇറങ്ങുന്നതിനു മുൻപ് ഒരുപാട് ട്രോളുകൾ വന്നിരുന്നു, ഇറങ്ങിയതിനു ശേഷവും. ഇപ്പോള്‍ കരിങ്കോഴി ട്രോളുകളൊക്കെ കാണുന്നതല്ലേ? ട്രോളുകളെ കാര്യമായി എടുക്കുന്നില്ല. ഇപ്പോഴാണ് കൂടുതൽ ആളുകൾ ചിത്രം കണ്ടുതുടങ്ങിയത്. ക്ലൈമാസ് മാറ്റിയെത്തുമ്പോൾ ഇനിയും ഒട്ടേറെ ആളുകൾക്ക് ചിത്രം ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒമർ ലുലു പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE